കാസർഗോഡ്: കോവിഡിനിടയിൽ ആശങ്ക പടർത്തി എലിപ്പനിയും. ജില്ലയിലെ ചില പ്രദേശങ്ങളില്‍ എലിപ്പനി റിപോര്‍ട് ചെയ്യപ്പെട്ടതോടെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. എവി രാംദാസ് അറിയിച്ചു. നീലേശ്വരം മുനിസിപ്പാലിറ്റിയിലെ പല ഭാഗങ്ങളിലും നിരവധിപേർക്ക് എലിപ്പനി റിപോര്‍ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് നിര്‍ദേശം.
ചെറിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പോലും സ്വയം ചികിൽസക്ക് മുതിരാതെ ബന്ധപ്പെട്ടവരെ വിവരം അറിയിക്കണമെന്നും ചികിൽസ തേടണമെന്നും മെഡിക്കൽ ഓഫീസർ വ്യക്‌തമാക്കി.
എന്തൊക്കെയാണ് രോഗലക്ഷണങ്ങൾ?
ക്ഷീണത്തോടെയുള്ള പനിയും തലവേദനയും പേശീവേദനയുമാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍. കണ്ണില്‍ ചുവപ്പ്, മൂത്രക്കുറവ്, മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ തുടങ്ങിയവയും ഉണ്ടാകാറുണ്ട്. ഗുരുതരമായ രക്‌തവാര്‍ച്ച, തലച്ചോറിലെ പഴുപ്പ്, വൃക്കകളുടെയും കരളിന്റെയും പ്രവര്‍ത്തനം നിലക്കുക തുടങ്ങിയ നിലയിലേക്കും രോഗം മൂര്‍ച്ഛിക്കാം.
രോഗം പകരുന്നതെങ്ങനെ?
എലി, പട്ടി, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രം വഴിയാണ് എലിപ്പനി പകരുന്നത്. മണ്ണിലും വെള്ളത്തിലുമെത്തുന്ന രോഗാണുക്കള്‍ മുറിവുകള്‍ വഴി ശരീരത്തില്‍ എത്തിയാണ് രോഗമുണ്ടാകുന്നത്. വയലില്‍ പണിയെടുക്കുന്നവര്‍, ഓട, തോട്, കനാല്‍, കുളങ്ങള്‍, വെള്ളക്കെട്ടുകള്‍ എന്നിവ വൃത്തിയാക്കുന്നവര്‍, നിര്‍മാണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍, മൃഗപരിപാലന ജോലികളില്‍ ഏര്‍പെടുന്നവര്‍ തുടങ്ങിയവരില്‍ ഈ രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്.
Read Also: ‘ഇത് വെറുമൊരു ട്രെയിലർ’; മുകേഷ് അംബാനിക്ക് വന്ന ഭീഷണിക്കത്ത് പോലീസ് പുറത്തുവിട്ടു
എങ്ങനെ പ്രതിരോധിക്കാം?
മൃഗങ്ങളെ പരിപാലിക്കുമ്പോൾ നിർബന്ധമായും കൈയുറകളും കട്ടിയുള്ള റബര്‍ ബൂട്ടുകളും ഉപയോഗിക്കുക. പട്ടി, പൂച്ച തുടങ്ങിയ ജീവികളുടെയും കന്നുകാലികളുടെയും മല-മൂത്രാദികള്‍ വൃത്തിയോടും സുരക്ഷിതമായും കൈകാര്യം ചെയ്യണം. തൊഴുത്തുകളിലെ മൂത്രം ഒലിച്ചിറങ്ങി വെള്ളം മലിനമാകാതെ നോക്കണം. ആഹാര സാധനങ്ങളിലും കുടിവെള്ളത്തിലും എലികളുടെ വിസര്‍ജ്യ വസ്‌തുക്കള്‍ കലരാതെ നോക്കണം. ആഹാരസാധനങ്ങള്‍ മൂടി വെക്കുക. കെട്ടിനില്‍ക്കുന്ന വെള്ളത്തിലേക്ക് ഇറങ്ങാതിരിക്കുക. സാധനങ്ങളും ആഹാര പദാർഥങ്ങളും മറ്റും അലക്ഷ്യമായി വലിച്ചെറിഞ്ഞു എലികളെ ആകര്‍ഷിക്കാതെയിരിക്കുക.
മലിനജലവുമായി സമ്പര്‍ക്കമുള്ളവരും ഉണ്ടാകാന്‍ ഇടയുള്ളവരും ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട് അവരുടെ നിര്‍ദേശാനുസരണം പ്രതിരോധ ഗുളികകള്‍ കഴിക്കണമെന്നും രോഗം പിടിപെടാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്നും മെഡിക്കൽ ഓഫീസര്‍ അറിയിച്ചു.
Malabar News: ലൈഫ് ഭവനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കി സർക്കാർ; ഇൻഷുറൻസ് പദ്ധതിക്ക് തുടക്കം