മുഖ്യമന്ത്രിയുടെ മുസ്‌ലിംലീഗ് വിരുദ്ധ പരാമർശവും സമസ്‌തയുടെ പ്രതികരണവും; വിഷയത്തിൽ പി ജയരാജൻ

By Esahaque Eswaramangalam, Chief Editor
  • Follow author on
Pinarayi Vijayan's League Statement
Ajwa Travels

ഇകെ വിഭാഗം സുന്നികളുടെ പത്രമായ സുപ്രഭാതത്തിൽ വന്ന മുഖപ്രസംഗത്തെ അടിസ്‌ഥാനമാക്കി ‘ജമാഅത്തെ ഇസ്‌ലാമി’ നേതൃത്വത്തിലുള്ള മീഡിയാവണ്‍ ചാനൽ നടത്തിയ ചർച്ചയിലെ ഒരു ഭാഗം മാത്രമെടുത്ത് പ്രചരിപ്പിക്കുന്നത് ബോധപൂര്‍വ്വം തെറ്റിദ്ധാരണ പരത്താനാണ് -സിപിഎം സംസ്‌ഥാന സമിതി അംഗം പി ജയരാജന്‍.

മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്‌റ്റിൽ വർഗീയ പ്രചാരണത്തിന്റെ യാതൊരു ലാഞ്ചനയും മതനിരപേക്ഷ വാദികള്‍ക്ക് കാണാന്‍ കഴിയുകയില്ല. സമസ്‌തയെന്ന മതസംഘടനക്ക് വർഗീയചിന്ത ഉള്ളതായി ഞാന്‍ വിമര്‍ശിച്ചിട്ടുമില്ല. അതേസമയം യുഡിഎഫും ജമാഅത്തെ ഇസ്‌ലാമിയുമായുള്ള തിരഞ്ഞെടുപ്പിലെ രഹസ്യബാന്ധവം വിമര്‍ശിക്കപ്പെട്ടതുമാണ് എന്നിങ്ങനെയുള്ള വിശദീകരണങ്ങളും ജയരാജൻ തന്റെ സാമൂഹികമാദ്ധ്യമ അക്കൗണ്ടിൽ പറയുന്നു.

ഡിസംബർ 19ന് മുഖ്യമന്ത്രി നടത്തിയ പ്രസ്‌താവനയാണ് ചൂടേറിയ രാഷ്‌ട്രീയ ചർച്ചകൾക്ക് തുടക്കം കുറിച്ചത്. കോൺഗ്രസിനെ നിയന്ത്രിക്കുന്ന നിർണായക ശക്‌തിയായി ലീഗ് മാറി” എന്ന മുഖ്യമന്ത്രിയുടെ പരാമർശം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഇറക്കിയ വർഗീയ കാർഡായിരുന്നു. ‘സാമൂഹിക മനഃശാസ്‌ത്രം’ അറിയുന്നവർക്ക് എളുപ്പത്തിൽ മനസിലാക്കാവുന്ന കാര്യവുമാണത്.

സമൂഹത്തിന്റെ പൊതുബോധത്തില്‍ ‘മുസ്‌ലിം ലീഗിനെ’ ഭയപ്പെടണം എന്നും കോൺഗ്രസിനെവരെ തകർത്തുകൊണ്ട് അവർ വളരുകയാണ് എന്നും യുഡിഎഫിന് മുകളിലുള്ള ലീഗിന്റെ മേധാവിത്വം ഭൂരിപക്ഷ മതവും ക്രിസ്‌ത്യൻ ന്യൂനപക്ഷവും ഭയക്കേണ്ട കാര്യമാണെന്നും ‘പരോക്ഷമായി’ പൊതു ബോധത്തിലേക്ക് ‘ഇൻജക്റ്റ്’ ചെയ്യുന്ന പ്രസ്‌താവനയാണ് മുഖ്യമന്ത്രി നടത്തിയത്;

മുഖ്യമന്ത്രിയുടെ സാമൂഹിക മാദ്ധ്യമ പോസ്‌റ്റിൽ നിന്ന്; യുഡിഎഫിന്റെ നേതൃത്വം ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് ഏറ്റെടുക്കുകയാണോ എന്ന സംശയമാണുയരുന്നത്. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയുവാനും കോൺഗ്രസിനെ ആര് നയിക്കണം എന്ന് തീരുമാനിക്കാനുമുള്ള കേന്ദ്രമായി ലീഗ് മാറിയോ?

കേരളത്തിലെ കോൺഗ്രസിനെകൊണ്ട് മതവർഗീയ കക്ഷികളുമായുള്ള സഖ്യത്തെ അംഗീകരിപ്പിക്കാൻ ലീഗിന് കഴിഞ്ഞു എന്നാണ് ലീഗിന്റെയും കോൺഗ്രസിന്റെയും പരസ്യ പ്രസ്‌താവനകളിൽ നിന്ന് വ്യക്‌തമാകുന്നത്. ജമാഅത്തെ ഇസ്‌ലാമി അടക്കമുള്ള വർഗീയ സങ്കുചിത ശക്‌തികളുമായി ഉണ്ടാക്കിയ ബന്ധത്തിന്റെ പേരിൽ ദുർഗന്ധപൂരിതമായ ചർച്ചകളാണ് ആ മുന്നണിയിൽ നിന്ന് പുറത്തുവരുന്നത്. എന്നിങ്ങനെ നീളുന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന ഭൂരിപക്ഷ മതത്തിൽ നിന്നുള്ളവരെയും ക്രിസ്‌ത്യൻ ന്യൂനപക്ഷത്തെയും യുഡിഎഫിൽ നിന്ന് അകറ്റാനുള്ള ‘വർഗീയകാർഡ്’ തന്ത്രമായിരുന്നു.

മറ്റൊരു ലക്ഷ്യം കൂടി മുഖ്യമന്ത്രിയുടെ പോസ്‌റ്റിനുണ്ട്. മാണി കോൺഗ്രസിനെ വെടക്കാക്കി തനിക്കാക്കിയതു പോലെ, ലീഗിനെ എതിർക്കുന്ന യുഡിഎഫിനകത്തുള്ള നേതാക്കളുടെയും ഘടകകക്ഷികളുടെയും സ്വരം യുഡിഎഫിനകത്ത് വിള്ളൽ വീഴ്‌ത്താൻ ഉപയോഗിക്കുക. വിണ്ടുകീറി അടർന്നുപോന്ന ശേഷം ലീഗിനെ പുറത്ത് നിറുത്തി പിന്തുണ വാങ്ങുക. ഘട്ടം ഘട്ടമായി യുഡിഎഫിനെ തകർക്കുക. മൽസരം ബിജെപി നേതൃത്വം കൊടുക്കുന്ന എൻഡിഎയും എൽഡിഎഫും മാത്രമാക്കുക.

ദേശീയതലത്തിൽ വർഗീയകാർഡിറക്കി ഏത് രീതിയിലാണോ കോൺഗ്രസിനെ ബിജെപി “വ്യാഖ്യാനിച്ചത്” അതേ തന്ത്രമാണ് മുഖ്യമന്ത്രിക്ക് ഉപദേശമായി കിട്ടിയിരിക്കുന്നതെന്ന് വേണം മനസിലാക്കാൻ. മുഖ്യമന്ത്രിയുടെ പോസ്‌റ്റ് ഈ ലിങ്കിൽ വായിക്കാം

മുഖ്യമന്ത്രിയുടെ പ്രസ്‌താവനയെ ‘വ്യക്‌തമായി’ പിന്താങ്ങിക്കൊണ്ട് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ പറഞ്ഞത് ലീഗിന്റെ വളര്‍ച്ചയില്‍ ആശങ്കയുണ്ടെന്നും യുഡിഎഫിൽ ലീഗിന് മേധാവിത്വം ഉണ്ടെന്നുമാണ്. വര്‍ഗീയതയുടെ കരുത്തില്‍ കേരളത്തെ നിയന്ത്രിക്കാനാണ് മുസ്‍ലിം ലീഗ് ശ്രമിക്കുന്നതെന്നും മതേതര ചേരിയിലുള്ള മുസ്‍ലിംകളെ ലീഗ് മതമൗലിക പക്ഷത്തെത്തിച്ചു എന്നും ഇത് തുറന്നു കാണിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്‌തതെന്നും വ്യാഖ്യാനിച്ചുകൊണ്ട് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവനും മറ്റൊരു ഇടത് നേതാവായ പി ജയരാജനും രംഗത്ത് വന്നു.

“മുഖ്യമന്ത്രിയുടെ രാഷ്‌ട്രീയ പ്രസ്‌താവന പ്രതിലോമപരമായി വ്യാഖ്യാനിച്ചത് മുസ്‌ലിംലീഗ് വർഗീയ കണ്ണടയിലൂടെ എല്ലാം കാണുന്നതിനാലാണെന്നും രാഷ്‌ട്രീയ സ്വത്വം ഉപേക്ഷിച്ച് ലീഗ് മതസാമുദായിക സ്വത്വം സ്വീകരിച്ചതിന്റെ കുഴപ്പമാണിതെന്നും” പറഞ്ഞുകൊണ്ട് മന്ത്രി കെടി ജലീലും രംഗത്തുവന്നതോടെ വർഗീയ ചേരിതിരിവിലേക്ക് എരിവും പുളിയും പകരുന്നവരുടെ ഉദ്ദേശവും ലക്ഷ്യവും തിരിച്ചറിഞ്ഞ മുസ്‌ലിംലീഗും ഇകെ വിഭാഗം സുന്നികളും വളരെ വേഗത്തിൽ പ്രതിരോധം തീർത്തു.

പ്രതിരോധത്തിന്റെ ആദ്യഘട്ടമായിരുന്നു വര്‍ഗീയ ധ്രുവീകരണ പദ്ധതിയിൽ സംഘ്പരിവാര്‍ വിജയിക്കാത്തത് കൊണ്ട് അത് സിപിഎം ഏറ്റെടുത്തോ? എന്ന ചോദ്യമുയർത്തുന്ന ‘സുപ്രഭാതം’ മുഖപ്രസംഗം, കേരള രാഷ്‌ട്രീയത്തിൽ വളരാൻ ദിക്കറിയാതെ നട്ടം തിരിയുന്ന ബിജെപിക്ക് വെളിച്ചമാകരുതെന്നും കേരളം വര്‍ഗീയാഗ്‌നിയില്‍ കത്തിച്ചാമ്പലാകുന്നതില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ സിപിഎം നേതാക്കളും മുഖ്യമന്ത്രിയും കയ്യിലേന്തിയ വര്‍ഗീയ തീപ്പന്തം ദൂരെ എറിയണമെന്ന് കൂടി എഴുതിയാണ് ഇകെ വിഭാഗം സുന്നികൾ പ്രതിരോധം തീർത്തത്.

SYS (EK) Press Release
Representational Image

എന്നാൽ ഈ പ്രതിരോധത്തെ പരിഹസിച്ചും വിമർശിച്ചും പി ജയരാജൻ വീണ്ടും രംഗത്ത് വന്നു; മനസിൽ വർഗീയ ചിന്ത ഉള്ളത് കൊണ്ടാണ് മുസ്‌ലിംലീഗിനെ വിമർശിക്കുന്നത് വർഗീയതയുടെ അനുരണനമാണെന്ന തരത്തിൽ സമസ്‌ത മുഖപത്രമായ സുപ്രഭാതം മുഖപ്രസംഗം എഴുതിയതെന്ന് ജയരാജൻ പറഞ്ഞു.

മുസ്‌ലിം സമുദായത്തിന് അകത്ത് സ്വത്വ ബോധം ഉൽപാദിപ്പിച്ച് അതിന്റെ അടിസ്‌ഥാനമാക്കി ഒരു വർഗീയ രാഷ്‌ട്രീയത്തിനുള്ള നീക്കമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ നടത്തിയത്. പലയിടത്തും വെൽഫെയർ പാർട്ടിയുമായും ചില സ്‌ഥലങ്ങളിൽ എസ്‌ഡിപിഐയുമായും സഹകരിക്കുന്ന നിലപാടാണ് ലീഗും കോൺഗ്രസും സ്വീകരിച്ചത് -ജയരാജൻ കൂട്ടിചേർത്തു.

ഈ പ്രതികരണത്തിനെതിരെ ഇകെ സമസ്‌തയുടെ എസ്‌വൈഎസ്‌ സംഘടന ശക്‌തമായി രംഗത്ത് വന്നു. പി ജയരാജൻ മാപ്പ് പറയണം എന്നാവശ്യപ്പെട്ട് എസ്‌വൈഎസ് പ്രസ്‌താവനയിറക്കി. തൊട്ടുപിറകെയാണ് ജയരാജൻ അനുനയ ഭാഷയുമായി രംഗത്ത് വന്നത്. പ്രസ്‌തുത പോസ്‌റ്റിലെ വരികൾ;

“സുപ്രഭാതം പത്രത്തിന്റെ തിങ്കളാഴ്‌ചത്തെ മുഖപ്രസംഗത്തെ കുറിച്ച് മീഡിയാവണ്‍ ചാനൽ നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞ ഒരു വാചകം മാത്രമെടുത്ത് പ്രചരിപ്പിക്കുന്നത് ബോധപൂര്‍വ്വം തെറ്റിദ്ധാരണ പരത്താനാണ്.

ഡിസംബര്‍ 19ന്റെ മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്‌റ്റിൽ കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ലീഗ് നേതൃത്വം ഇടപെടുന്ന ശൈലിയെയാണ് വിമര്‍ശിച്ചത്. ഇതിൽ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫിന്റെ നേതൃത്വം തന്നെ ലീഗ് ഏറ്റെടുക്കുകയാണോ എന്ന സംശയം ഉയര്‍ത്തുന്നതായും മുഖ്യമന്ത്രി വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതേക്കുറിച്ചാണ് ‘സുപ്രഭാതം’ മുഖപ്രസംഗം.

മുഖ്യമന്ത്രിയും സിപിഐഎം നേതാക്കളും കയ്യിലേന്തിയ വര്‍ഗീയതീപ്പന്തം ദൂരെ എറിയുകതന്നെ വേണമെന്നും പറഞ്ഞുകൊണ്ടാണ് ഈ മുഖപ്രസംഗം അവസാനിപ്പിക്കുന്നത്. സ്വാഭാവികമായും സിപിഐഎം പ്രവര്‍ത്തകന്‍ എന്നനിലക്ക് ഇതിനോട് പ്രതികരിക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്‌റ്റിൽ വർഗീയ പ്രചരണത്തിന്റെ യാതൊരു ലാഞ്ചനയും മതനിരപേക്ഷ വാദികള്‍ക്ക് കാണാന്‍ കഴിയുകയില്ല.

സമസ്‌തയെന്ന മതസംഘടനക്ക് വർഗീയ ചിന്ത ഉള്ളതായി ഞാന്‍ വിമര്‍ശിച്ചിട്ടുമില്ല. അതേസമയം യുഡിഎഫും ജമാഅത്തെ ഇസ്‌ലാമിയുമായുള്ള തിരഞ്ഞെടുപ്പിലെ രഹസ്യബാന്ധവം വിമര്‍ശിക്കപ്പെട്ടതുമാണ്. ഇങ്ങനെ വർഗീയതക്ക് തിരികൊളുത്തുന്നത് യുഡിഎഫാണ്. ജമാഅത്ത്-വെല്‍ഫെയര്‍ ബന്ധത്തിനെതിരായി ശക്‌തമായ നിലപാടെടുത്തവര്‍ സമസ്‌തയിൽ ഉണ്ടെന്നതും വസ്‌തുതയാണ്.

എല്ലാവിധ വർഗീയതക്കെതിരേയും ഉറച്ച നിലപാടെടുക്കുന്ന സര്‍ക്കാരാണ് സ: പിണറായി നയിക്കുന്ന എൽഡിഎഫ് സർക്കാർ. ആ മുഖ്യമന്ത്രിയെയും സിപിഐഎം നേതാക്കളെയും വർഗീയതയുടെ വക്‌താക്കളായി ചിത്രീകരിക്കുന്നത് സംഘപരിവാരത്തിന് ഊര്‍ജ്ജം പകരുന്നതാണ്” -എന്നാണ് പി ജയരാജൻ തന്റെ പ്രസ്‌താവനയിലൂടെ പറയുന്നത്.

Most Read: മുഖ്യമന്ത്രി തീകൊള്ളി കൊണ്ട് തല ചൊറിയുന്നു; ജയരാജന്‍ മാപ്പ് പറയണം, എസ്‌വൈഎസ്‌

ലേഖകൻ; ഇ.എം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇസഹാഖ് ഈശ്വരമംഗലം മാദ്ധ്യമ പ്രവർത്തന മേഖലയിൽ വ്യക്‌തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. 'കേരളീയം' മലയാള സാംസ്‌കാരിക മാസികയുടെ എഡിറ്ററായി 5 വർഷം പ്രവർത്തിച്ചിട്ടുണ്ട്. GCC Business News -ന്റെ സ്‌ഥാപകനും എഡിറ്ററുമാണ്. മാദ്ധ്യമ രംഗത്തെ പ്രവർത്തന മികവിന് 2008-ൽ കെ.എൻ.എൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വിവിധ ബിസിനസ് സംരംഭങ്ങളിലും സാമൂഹിക സംഘടനകളിലും പങ്കാളിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE