മലപ്പുറം: പരീക്ഷകള്‍ മാറ്റിവെച്ചും എഴുതിയ പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കാതെയും നിരന്തരമായി വിദ്യാർഥി വിരുദ്ധ നയങ്ങളുമായി നീങ്ങുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കെതിരെ എസ്‌എസ്‌എഫ് നടത്തുന്ന ‘പെന്‍സ്‌ട്രൈക്‘ സമരത്തിനെ അനുകൂലിച്ചുകൊണ്ട്, മലപ്പുറം ഗവ.കോളേജ്, നിലമ്പൂർ ഗവ.കോളേജ് ഉൾപ്പടെ ജില്ലയിലെ വിവിധ കോളേജുകളിൽ ഐക്യദാർഢ്യ സംഗമങ്ങൾ നടന്നു.
കോഴിക്കോട് സർവകലാശാലക്ക് കീഴിൽ പ്രവർത്തിക്കുന്ന കോളജുകൾക്ക് മുന്നിലാണ് പ്രതീകാത്‌മകമായി പേന ഉയർത്തിയും ബാനർ പിടിച്ചും ഐക്യദാർഢ്യ സംഗമങ്ങൾ നടത്തിയത്. കോവിഡ് കാലത്തും വിദ്യാർഥി വിരുദ്ധ നിലപാടുകള്‍ മാത്രമെടുക്കുന്ന സര്‍വകലാശാലക്കെതിരെ ശക്‌തമായ പ്രതിഷേധമാണ് വിദ്യാർഥികൾ രേഖപ്പെടുത്തിയത്.
വിദ്യാർഥികള്‍ അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങൾ നിരന്തരം ഉന്നയിച്ചിട്ടും യൂണിവേഴ്‌സിറ്റി അധികൃധരുടെ അനാസ്‌ഥയും ഉദ്യോഗസ്‌ഥരുടെ കെടുകാര്യസ്‌ഥതയും കുട്ടികളുടെ ഭാവി കൂടുതൽ അപകടത്തിലാക്കുകയാണ്; സമരസമിതി നേതാക്കൾ വിവിധ വിഷയങ്ങൾ ചൂണ്ടികാണിച്ചുകൊണ്ട് വ്യക്‌തമാക്കി.
എസ്‌എസ്‌എഫ് സംസ്‌ഥാന സിന്‍ഡിക്കേറ്റാണ് യൂണിവേഴ്‌സിറ്റിക്ക് മുൻപിലുള്ള സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. വിദ്യാർഥി പ്രതിനിധികളുടെ അവകാശ പത്രിക വായന, ലഘുലേഖ വിതരണം, പ്രതിഷേധ സംഗമം എന്നിവ ഉൾപ്പെടുന്നതായിരുന്നു വിവിധയിടങ്ങളിൽ നടന്ന ഐക്യദാർഢ്യ സംഗമങ്ങളുടെ രീതി.
മലപ്പുറം ഗവ.കോളേജിന് മുന്നിൽ നടന്ന ഐക്യദാർഢ്യ സംഗമം എസ്‌എസ്‌എഫ് മലപ്പുറം ഈസ്‌റ്റ് ജില്ലാ ജനറൽ സെക്രട്ടറി കെ തജ്‌മൽ ഹുസൈൻ ഉൽഘാടനം ചെയ്‌തു. ജില്ലാസെക്രട്ടറി സിപി ഉസാമത്ത് വിഷയാവതരണം നടത്തി. യൂണിവേഴ്‌സിറ്റിയുടെ നിലവിലെ അവസ്‌ഥ വിദ്യാർഥികളെ തികഞ്ഞ ആശങ്കയിലേക്ക് നയിച്ചിട്ടുണ്ടെന്ന് എസ്‌എസ്‌എഫ് കാമ്പസ് യൂണിറ്റ് ജനറൽ സെക്രട്ടറി ആദിൽ ചൂണ്ടികാട്ടി.
വിദ്യാർഥി പ്രതിനിധി സഈദ്, എസ്‌എസ്‌എഫ് മലപ്പുറം ഡിവിഷൻ ഭാരവാഹികളായ സ്വാലിഹ് ശുഹൈദ്, അനസ് എന്നിവർ മലപ്പുറം കോളേജിൽ സംബന്ധിച്ചപ്പോൾ നിലമ്പുർ സർക്കാർ കോളേജിൽ നടന്ന സമരത്തിൽ അജ്‌മൽ സഖാഫി, സാദിഖ് പി മമ്പാട്, സിനാൻ മുസ്‌ലിയാർ, ഫാസിൽ സഖാഫി, സ്വാലിഹ് പൊട്ടിക്കൽ എന്നിവർ നേതൃത്വം നൽകി.
Most Read: ‘മത സൗഹാർദം കാത്തു സൂക്ഷിക്കണം’; കർദ്ദിനാൾ മാർ ക്ളിമിസ്