സംസ്‌ഥാന വിഭജനം: തമിഴ്‌നാട്ടിൽ കലാപത്തിന് വെടിമരുന്നിടാൻ കേന്ദ്ര ശ്രമം; ഐസക്

By Desk Reporter, Malabar News
Thomas Isaac on Tamil Nadu Divide

തിരുവനന്തപുരം: തമിഴ്‌നാടിനെ രണ്ട് സംസ്‌ഥാനമായി വിഭജിക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നതായുള്ള വാർത്തയോട് പ്രതികരിച്ച് മുൻ ധനമന്ത്രി ടിഎം തോമസ് ഐസക്. സംസ്‌ഥാന വിഭജനം എന്ന അജണ്ടയിലൂടെ ബിജെപി തമിഴ്‌നാട്ടിൽ കലാപത്തിന് വെടിമരുന്നിടുകയാണ് എന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്‌റ്റിൽ പറഞ്ഞു.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കേന്ദ്രഭരണ കക്ഷിയുടെ കയ്യിൽ ഭദ്രമല്ലെന്ന് നാൾക്കുനാൾ തെളിയുകയാണ്. സമാധാനവും സ്വൈര ജീവിതവും നിലനിൽക്കുന്ന സ്‌ഥലങ്ങളിൽപോലും എങ്ങനെ കലാപത്തീയാളിക്കാമെന്ന് ചിന്തിക്കുന്നവരുടെ കൈകളിലാണ് ദൗർഭാഗ്യവശാൽ രാജ്യഭരണം. തമിഴ്‌നാട്ടിലേത് രാജ്യത്തിനാകെയുള്ള മുന്നറിയിപ്പാണെന്നും തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം;

സംസ്‌ഥാന വിഭജനം എന്ന അജണ്ടയിലൂടെ തമിഴ്‌നാട്ടിൽ കലാപത്തിനുള്ള വെടിമരുന്നിടുകയാണ് ബിജെപി. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കേന്ദ്രഭരണ കക്ഷിയുടെ കയ്യിൽ ഭദ്രമല്ലെന്ന് നാൾക്കുനാൾ തെളിയുകയാണ്. സമാധാനവും സ്വൈരജീവിതവും നിലനിൽക്കുന്ന സ്‌ഥലങ്ങളിൽപ്പോലും എങ്ങനെ കലാപത്തീയാളിക്കാമെന്ന് ചിന്തിക്കുന്ന രാജ്യദ്രോഹികളുടെ കൈകളിലാണ് ദൗർഭാഗ്യവശാൽ രാജ്യഭരണം. ഇത് രാജ്യത്തിനാകെയുള്ള മുന്നറിയിപ്പാണ്.

തമിഴ്‌നാടിന്റെ പടിഞ്ഞാറൻ ഭാഗം വിഭജിച്ച് കൊങ്കുനാട് രൂപീകരിക്കാൻ നീക്കമുണ്ടെന്ന വാർത്തയെത്തുടർന്ന് സംസ്‌ഥാനത്താകെ രാഷ്‌ട്രീയഭേദമന്യേ പ്രതിഷേധം ജ്വലിക്കുകയാണ്. പ്രതിഷേധം കനക്കുമ്പോഴും കേന്ദ്രസർക്കാർ പുലർത്തുന്ന മൗനവും ദുരൂഹമാണ്. ഈ നീക്കത്തിന് അനുകൂലവും പ്രതികൂലവുമായി ഉയരുന്ന അഭിപ്രായങ്ങൾ നാട്ടിൽ നിലനിൽക്കുന്ന ശാന്തമായ സാമൂഹ്യാന്തരീക്ഷമാണ് ആത്യന്തികമായി തകർക്കുക. ഇതു തന്നെയാണ് ബിജെപിയുടെ ലക്ഷ്യവും.

ബിജെപി തമിഴ്‌നാട് ഘടകം മുൻപ്രസിഡണ്ടായ എൽ മുരുകൻ കേന്ദ്രസഹമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. അദ്ദേഹത്തെ കൊങ്കുനാടിന്റെ പ്രതിനിധിയായാണ് കേന്ദ്രസർക്കാർ വിശേഷിപ്പിച്ചത്. നാമക്കൽ ആണ് ഇദ്ദേഹത്തിന്റെ സ്വദേശം.

തൊട്ടുപിന്നാലെ കൊങ്കുനാട് രൂപീകരണം സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ടുമായി ഒരു പ്രാദേശിക പത്രം രംഗത്തിറങ്ങി. ഈ ആവശ്യത്തിന് അനുകൂലമായി സോഷ്യൽ മീഡിയയിൽ രംഗത്തിറങ്ങിയത് ബിജെപി അനുഭാവികളായിരുന്നു. അതോടെയാണ് തമിഴ്‌നാട്ടിൽ സജീവമായ രാഷ്‌ട്രീയ പ്രശ്‌നമായി ഇക്കാര്യം മാറിയത്.

തമിഴ്‌നാട്ടിൽ വേരുറപ്പിക്കാനുള്ള ബിജെപിയുടെ ഒരു ശ്രമവും നാളിതുവരെ വിജയിച്ചിട്ടില്ല. എഐഡിഎംകെയുമായി സഖ്യമുണ്ടാക്കിയിട്ടുപോലും സംസ്‌ഥാനത്ത് കേവലം രണ്ടു ശതമാനം മാത്രമാണ് ബിജെപിയുടെ ശക്‌തിയെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പിലും തെളിഞ്ഞതാണ്. കൊങ്കുനാടിന് അനുകൂലവും പ്രതികൂലവുമായി തമിഴ് ജനത ചേരി തിരിയുന്നതിൽ നിന്ന് രാഷ്‌ട്രീയ നേട്ടം കൊയ്യാനാണ് പുതിയ ശ്രമം. ജനങ്ങൾ ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കേണ്ട നീക്കമാണിത്. ഇടതുപാർടികളും ഡിഎംകെയും ഈ നീക്കത്തെ പരസ്യമായി തള്ളിപ്പറഞ്ഞിട്ടുണ്ട്.

വിഭജന രാഷ്‌ട്രീയത്തിലൂടെ ജനപിന്തുണ ആർജിക്കാനുള്ള ബിജെപിയുടെ കുറുക്കുവഴി രാജ്യത്തെ അസ്‌ഥിരപ്പെടുത്തുകയേ ഉള്ളൂ. ഭാഷാ സംസ്‌ഥാനങ്ങളെ വിഭജിച്ച് ചിന്നഭിന്നമാക്കൽ ദേശീയ പ്രശ്‌നത്തോടുള്ള ഭരണഘടനാ സമീപനത്തെ അട്ടിമറിക്കുന്നതാണ്. ഇന്ത്യയെ സംസ്‌ഥാനങ്ങളുടെ യൂണിയനായിട്ടാണ് ഭരണഘടന നിർവചിക്കുന്നത്.

ഇന്നിപ്പോൾ തങ്ങളുടെ തന്നിഷ്‌ടപ്രകാരം ഏതു സംസ്‌ഥാനത്തെയും വെട്ടിമുറിക്കുന്നതിനും സംസ്‌ഥാന പദവിതന്നെ കളഞ്ഞ് കേന്ദ്രഭരണ പ്രദേശമാക്കുന്നതിനും തങ്ങൾക്ക് അധികാരമുണ്ടെന്ന ഹുങ്കാണ് ബിജെപി കേന്ദ്രസർക്കാരിനുള്ളത്. കശ്‌മീരിൽ ഇതു നടപ്പാക്കി. ഇത് ഇനി മറ്റു പ്രദേശങ്ങളിലും ആവർത്തിക്കാനാണ് ഉദ്ദേശമെന്നു തോന്നുന്നു. തികച്ചും ദുരുപദിഷ്‌ഠിതവും രാഷ്‌ട്രീയ ലക്ഷ്യം വെച്ചുകൊണ്ടുമുള്ള നീക്കമാണ് തമിഴ്‌നാട്ടിൽ ബിജെപി സ്വീകരിച്ചിട്ടുള്ളത്. ബംഗാൾ വിഭജനത്തിൽ ബ്രട്ടീഷുകാർ നേരിടേണ്ടി വന്നതിനേക്കാൾ വലിയ പ്രതിഷേധമായിരിക്കും തമിഴ്‌നാട്ടിൽ ഉണ്ടാവുക. കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യരുത്.

Most Read:  സ്‌ത്രീവിരുദ്ധ പരാമർശം; എംഎസ്എഫ് നേതാക്കൾക്കെതിരെ വിദ്യാര്‍ഥിനി സംഘടന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE