ഡെൽഹി: കേരള പോലീസില്‍ ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന പരാമര്‍ശത്തില്‍ സിപിഐ നേതാവ് ആനി രാജക്കെതിരെ നടപടിയില്ല. സിപിഐ ദേശീയ എക്‌സിക്യൂട്ടിവിൽ ആനി രാജ തന്റെ നിലപാട് വിശദീകരിച്ചു. സ്‍ത്രീകള്‍ക്കെതിരായ അക്രമം മുന്‍ നിര്‍ത്തിയാണ് പരാമർശം ഉന്നയിച്ചതെന്ന് ആനി രാജ വ്യക്‌തമാക്കി.
രാഷ്‌ട്രീയമല്ലാത്ത വിഷയത്തിലാണ് പ്രതികരിച്ചതെന്നും പാര്‍ട്ടി മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും ആനി രാജ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പോലും പോലീസിന്റെ വീഴ്‌ചകൾ പരിശോധിക്കാമെന്ന് പറഞ്ഞതായും അവർ വ്യക്‌തമാക്കി.
അതേസമയം രാഷ്‌ട്രീയ വിഷയങ്ങളില്‍ പ്രതികരിക്കുമ്പോള്‍ പാര്‍ട്ടിയുമായി കൂടിയാലോചന വേണമെന്ന് ദേശീയ എക്‌സിക്യൂട്ടീവ് ആനി രാജയോട് നിര്‍ദ്ദേശിച്ചു.
കേരള പോലീസിൽ ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ട് എന്നായിരുന്നു ആനി രാജയുടെ പ്രസ്‌താവന. സ്‌ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തിനെതിരെ പോലീസിൽ നിന്ന് ബോധപൂര്‍വം ഇടപെടലുണ്ടാകുകയാണ്. ഗാര്‍ഹിക പീഡനത്തിനെതിരെ സംസ്‌ഥാനത്ത് നിയമം കാര്യക്ഷമമായി നടപ്പാകുന്നില്ല എന്നും ആനി രാജ പറഞ്ഞിരുന്നു.
എന്നാൽ ആനി രാജയുടെ പരാമര്‍ശം സിപിഐ കേരള നേതൃത്വം നേരത്തെ തള്ളിയിരുന്നു. സംസ്‌ഥാനത്ത് പോലീസിന്റെ പ്രവർത്തനങ്ങളിൽ സിപിഐക്ക് പരാതിയില്ലെന്നും, പരസ്യ പ്രസ്‌താവന വിവാദമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നുമാണ് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞത്.
Most Read: ഹരിപ്പാടെത്തി ചെന്നിത്തലയെ കണ്ട് വിഡി സതീശൻ; സഹകരിക്കുമെന്ന് വാഗ്‌ദാനം