തിരുവനന്തപുരം: വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചില്ലെങ്കിൽ സ്‌കൂൾ തുറന്നാലും കുട്ടികളെ കയറ്റാനാകില്ലെന്ന് സ്വകാര്യ ബസുടമകൾ. ടിക്കറ്റ് നിരക്കിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നിരവധി തവണ നിവേദനം നൽകിയെങ്കിലും അനുകൂല നടപടിയില്ല. ഡീസൽ വില നൂറിനോടടുത്ത സാഹചര്യത്തിൽ നിരത്തുകളിൽ നിന്ന് മുഴുവൻ സ്വകാര്യ ബസുകളും പിൻമാറുന്ന സാഹചര്യമുണ്ടാകുമെന്നും ഉടമകൾ വ്യക്‌തമാക്കി.
നിരക്ക് കൂട്ടാതെ മുന്നോട്ട് പോകാനാകില്ലെന്ന് പല തവണ സർക്കാരിനെ രേഖാമൂലം അറിയിച്ചെങ്കിലും നടപടിയില്ല. ഡീസലിന് 60 രൂപ ഉണ്ടായിരുന്ന സമയത്തെ ടിക്കറ്റ് നിരക്ക് തന്നെയാണ് ലിറ്ററിന് 98 രൂപ പിന്നിടുമ്പോഴുമുള്ളത്. നിലവിലെ സാഹചര്യത്തിൽ വിദ്യാർഥികളെ ബസിൽ കയറ്റാനാകില്ല. അനുകൂല തീരുമാനമില്ലെങ്കിൽ സമാന സംഘടനകളുമായി ചേർന്ന് സർവീസ് മരവിപ്പിക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും ഉടമകൾ മുന്നറിയിപ്പ് നൽകി.
കുറഞ്ഞ നിരക്ക് പത്ത് രൂപയായി ഉയർത്തി ഇതിന് ആനുപാതികമായി വിദ്യാർഥികളുടെ നിരക്ക് കൂട്ടണമെന്ന് ഗതാഗത മന്ത്രിക്ക് നൽകിയ നിവേദനത്തിൽ സ്വകാര്യ ബസുടമകൾ ആവശ്യപ്പെട്ടു. സ്‌കൂൾ തുറക്കുന്നതിന് മുൻപായി ഇക്കാര്യം പരിഗണിക്കണമെന്നാണ് ആവശ്യം.
Also Read: അനധികൃതമായി കൈവശം വച്ചിരിക്കുന്ന അധികഭൂമി ഭൂരഹിതർക്ക് നൽകും; റവന്യൂ മന്ത്രി