കോഴിക്കോട്: കെഎൽഎഫ് (കേരള ലിറ്ററേച്ചർ ഫെസ്‌റ്റിവൽ) വേദിയിൽ ഉൽഘാടകനായ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി സാഹിത്യകാരൻ എംടി വാസുദേവൻ നായർ നടത്തിയ പ്രസ്‌താവന വിവാദമായതിന്റെ പശ്‌ചാത്തലത്തിൽ, എംടിയുടെ വിശദീകരണവുമായി എഴുത്തുകാരൻ എൻഇ സുധീറിന്റെ ഫേസ്ബുക്ക് പോസ്‌റ്റ്.
വിമർശിച്ചതല്ലെന്നും യാഥാർഥ്യം പറഞ്ഞത് ആത്‌മവിശ്വാസത്തിനാണെന്നും എംടി പറഞ്ഞതായി സുധീർ ഫേസ്ബുക്ക് കുറിപ്പിൽ വിശദീകരിക്കുന്നു. പ്രസംഗത്തിന് ശേഷമുള്ള സംസാരത്തിലാണ് എംടി ഇങ്ങനെ പറഞ്ഞതെന്നും സുധീർ വ്യക്‌തമാക്കുന്നു. ‘എംടി എന്നോട് പറഞ്ഞത് ഇതാണ്. ഞാൻ വിമർശിക്കുകയായിരുന്നില്ല. ചില യാഥാർഥ്യം പറയണമെന്ന് തോന്നി. പറഞ്ഞു. അത്ര തന്നെ. അത് ആർക്കെങ്കിലും ആത്‌മവിശ്വാസത്തിന് വഴിയൊരുക്കിയാൽ അത്രയും നല്ലത്’- സുധീർ ഫേസ്ബുക്ക് പോസ്‌റ്റിൽ പറയുന്നു.
കാലം അങ്ങയോട് കടപ്പെട്ടിരിക്കുന്നു. ഇത് മറ്റാരു പറഞ്ഞാലും കേരളം ഇത്രയും ഗൗരവത്തോടെ ഏറ്റെടുക്കുമായിരുന്നില്ലെന്നും കൂട്ടിച്ചേർത്താണ് സുധീർ എഫ്‌ബി പോസ്‌റ്റ് അവസാനിപ്പിക്കുന്നത്. കോഴിക്കോട് നടന്ന കെഎൽഎഫ് (കേരള ലിറ്ററേച്ചർ ഫെസ്‌റ്റിവൽ) വേദിയിൽ ഉൽഘാടകനായ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി, മുഖ്യാതിഥിയായി എംടി വാസുദേവൻ നായർ നടത്തിയ പ്രസംഗമാണ് ചർച്ചയായത്.
അധികാരം ആധിപത്യമോ സർവാധിപത്യമോ ആകാമെന്നതാണ് എവിടെയും സ്‌ഥിതി. അധികാരം ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തം പണ്ടേ കുഴിവെട്ടി മൂടി. നയിക്കാൻ ഏതാനും പേരും നയിക്കപ്പെടാൻ അനേകരും എന്ന പഴയ സങ്കൽപ്പത്തെ മാറ്റിയെടുക്കാൻ ഇഎംഎസ് എന്നും ശ്രമിച്ചു. നേതൃപൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നത് അതുകൊണ്ടാണെന്നും ഉൽഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ എംടി പറഞ്ഞു
Most Read| കപ്പലുകൾക്ക് എതിരായ ആക്രമണം; തിരിച്ചടിച്ച് യുഎസും ബ്രിട്ടനും- ഹൂതി കേന്ദ്രങ്ങളിൽ വ്യോമാക്രമണം