ഗ്യാസ് സിലിണ്ടര്‍ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍

By Parvathi Venugopal, Official Reporter
  • Follow author on
Best Practices to Prevent Gas Cylinder Disasters - Malayalam
Ajwa Travels

Prevent Gas Cylinder Disasters – Malayalam: 1826ല്‍ ഇംഗ്‌ളണ്ടുകാരനായ ജെയിംസ് ഷാര്‍പ് കണ്ടുപിടുത്ത അവകാശം തന്റെ പേരില്‍ സ്വന്തമാക്കിയ ഗ്യാസ് സ്‌റ്റൗ എന്ന ഉപകരണം വിപ്‌ളവകരമായ പാചകമാറ്റമാണ് ലോകത്ത് നടത്തിയത്. കണ്ടുപിടുത്തം കഴിഞ്ഞെങ്കിലും 1930കളോടെയാണ് ഇത് യൂറോപ്യന്‍ ജീവിതങ്ങളില്‍ പോലും ജനകീയമായത്. വാങ്ങാന്‍ കഴിയാത്ത വിലയും ഉപകരണ വലിപ്പവും സുരക്ഷാ പ്രശ്‌നങ്ങളും ഒപ്പം അമിതമായ പരിപാലനചെലവും മൂലം സാധാരണ മനുഷ്യര്‍ക്കിത് പ്രാപ്യമാകാന്‍ 100 കൊല്ലത്തിലധികം സമയമെടുത്തു.

ഇന്ത്യയിലിത് 1970 കളോടെയാണ് പ്രചുരപ്രചാരം നേടാന്‍ ആരംഭിച്ചത്. ഇന്ന് ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ എല്‍പിജി വിപണന കമ്പനിയായി മാറിയ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് ഇന്ത്യയിലെ പാചകവാതക (എല്‍പിജി) വിപ്‌ളവത്തിന് 1964ല്‍ തുടക്കം കുറിച്ചത്. ആദ്യത്തെ പാചകവാതക കണക്ഷന്‍ 1965 ഒക്‌ടോബർ 22ന് കൊല്‍ക്കത്തയില്‍ നല്‍കിയ അന്നുമുതലാണ് ഇന്ത്യന്‍ അടുക്കളകളിലെ ആധുനിക പാചക ജീവിതത്തിന് തുടക്കമാകുന്നത്.

പിന്നീട്, സാങ്കേതിക വിദ്യയില്‍ വലിയ മാറ്റങ്ങള്‍ ആരംഭിച്ച 1980കള്‍ മുതല്‍ ഏതൊരു പാവപ്പെട്ടവനും താങ്ങാവുന്ന വിലയില്‍ ഗ്യാസ് സ്‌റ്റൗവുകള്‍ സാധാരണമായി തുടങ്ങി. ഇന്ന് ഗ്യാസ് സ്‌റ്റൗ ഇല്ലാത്ത അടുക്കളകള്‍ ഇന്ത്യയില്‍ തന്നെ വളരെ ചുരുക്കമാണ്. കരിപുരണ്ട അടുക്കള ജീവിതങ്ങള്‍ക്ക് വിരാമമിടാന്‍ ഈ കണ്ടെത്തലിന് സാധിച്ചെങ്കിലും, അതിന്റെ ദോഷവശമായി ഗ്യാസ് പൊട്ടിത്തെറിച്ചുള്ള ദുരന്തങ്ങളും നമുക്ക് സുപരിചിതമായി. കഴിഞ്ഞ വര്‍ഷം യുപിയിലെ ഒരു കുടുംബത്തിലെ പത്ത് പേരാണ് പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മരിച്ചത്. ഒരു വര്‍ഷം ആയിരത്തോളം പേരാണ് പാചകവാതക പൊട്ടിത്തെറി ദുരന്തത്തിന് കീഴടങ്ങുന്നത്. അതിലേറെ ആളുകള്‍ അതീവ ഗുരുതരാവസ്‌ഥയില്‍ തീരാവേദനകള്‍ പേറി ജീവിച്ചിരിക്കുകയും ചെയ്യുന്നു.

an old gas stove
ഒരു പഴയകാല സ്‌റ്റൗ

ഈ കഴിഞ്ഞ മാസങ്ങളിലാണ് തിരുവണ്ണാമലയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് എട്ട് വയസുകാരനും അമ്മയും ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചത്. കാമാക്ഷി(35), മകന്‍ ഹേംനാഥ്(8), ചന്ദ്രമ്മാള്‍(60) എന്നിവരാണ് മരിച്ചത്. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തു. കോഴിക്കോട് നല്ലളം തെക്കേപാടത്തെ ഒരു വീട്ടില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചത് ഈ കഴിഞ്ഞ ഡിസംബറിലാണ്. പൊട്ടിത്തെറിച്ച സമയത്ത് വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ആലപ്പുഴയില്‍ കിടപ്പുമുറിയില്‍ വച്ചിരുന്ന 2 സിലിണ്ടറുകളില്‍ ഒന്ന് പൊട്ടിത്തെറിച്ച് വടക്കേതുണ്ടം പാലപ്പള്ളില്‍ വിനോദ് ഭവനത്തില്‍ രാഘവന്‍ (80), മണിയമ്മ (75) എന്നിവര്‍ മരണപ്പെട്ടതും ഈ അടുത്താണ്.

പെരുമ്പാവൂരില്‍ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന് നിമ്മിയും ആറുവയസുളള പൊന്നോമന ദിയയും മരിച്ചത് ഈ കഴിഞ്ഞ വര്‍ഷം തന്നെയാണ്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇന്ന് വാര്‍ത്തപോലും അല്ലാതെയായി മാറിയിട്ടുണ്ട്. അത്രക്കധികമാണ് പാചകവാതക അപകടങ്ങള്‍. പലപ്പോഴും ഗ്യാസ് സിലിണ്ടറിന് ചോര്‍ച്ചയോ, അതുമൂലം തീ പടരുകയോ ചെയ്‌താൽ എന്താണ് ചെയ്യേണ്ടതെന്ന് ഭൂരിഭാഗം ആളുകള്‍ക്കും അറിയാത്തത് കൊണ്ടാണ് 90% ദുരന്തങ്ങളും ഉണ്ടാകുന്നതെന്ന് വിദഗ്‌ധർ ചൂണ്ടികാണിക്കുന്നു.

അതിനാല്‍ ഗ്യാസ് സ്‌റ്റൗ, സിലിണ്ടര്‍ എന്നിവയുടെ കാര്യത്തില്‍ നിര്‍ബന്ധമായും കുറച്ചറിവുകള്‍ നേടിയിരിക്കണം. എന്തെങ്കിലും തരത്തിലുള്ള അപകടം സംഭവിച്ചാല്‍ വിവേകപൂര്‍വം അതിനെ പ്രതിരോധിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് നാമോരോരുത്തരും അറിഞ്ഞിരിക്കണം. അതാണ് ഇനി പറയുന്നത്.

Cooking Gas Cylinder Cover
ആധുനിക ഗ്യാസ് സിലിണ്ടർ കവർ

സിലിണ്ടറുകളില്‍ ലായനി രൂപത്തിലാണ് ഗ്യാസ് നിറച്ചിരിക്കുന്നത്. സിലിണ്ടറിന്റെ വാല്‍വിലെ പിന്‍ഹെഡില്‍ ഘടിപ്പിച്ചിരിക്കുന്ന 25 പൈസപോലും വിലയില്ലാത്ത ഒരു റബ്ബര്‍ വാഷറാണ് ഗ്യാസ് ചോര്‍ച്ച ഒഴിവാക്കുന്നത്. ഈ വാഷറിന് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ വാതകച്ചോര്‍ച്ച ഉണ്ടാകും. ലായനി രൂപത്തില്‍ നിറച്ചിരിക്കുന്ന ഗ്യാസിന് യഥാര്‍ഥത്തില്‍ മണമില്ല. ചോര്‍ച്ച ഉണ്ടായാല്‍ അത് തിരിച്ചറിയാന്‍ വേണ്ടിയാണ് ഗ്യാസില്‍ മണം ചേര്‍ത്തിരിക്കുന്നത്.

ഭയമല്ല, വേണ്ടത് വിവേകം

ഗ്യാസ് സിലിണ്ടറില്‍ ചോര്‍ച്ച ഉണ്ടാകുകയോ, തുടര്‍ന്ന് തീ പടരുകയോ ചെയ്‌താൽ ആദ്യം ചെയ്യേണ്ടത് ഭയപ്പെടാതെ വിവേകപൂര്‍വ്വം പ്രവര്‍ത്തിക്കുക എന്നതാണ്. അത് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനും, അപകടത്തെ പ്രതിരോധിക്കാനും സഹായിക്കും.

സ്വിച്ചുകള്‍ ഓഫ്/ഓണ്‍ ചെയ്യരുത്

ഗ്യാസ് ചോര്‍ച്ച ഉണ്ടായതായി വ്യക്‌തമായാല്‍ ഒരുകാരണവശാലും വൈദ്യുതി സ്വിച്ചുകള്‍ ഓണ്‍ ചെയ്യുകയോ, ഓഫ് ചെയ്യുകയോ അരുത്. അങ്ങനെ ചെയ്‌താൽ ചോര്‍ന്ന ഗ്യാസ് തീ പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം, വൈദ്യുതി സ്വിച്ചുകള്‍ ഓണാക്കുമ്പോഴും ഓഫാക്കുമ്പോഴും നമ്മുടെ ശ്രദ്ധയില്‍ പെടാത്ത അത്രയും ചെറിയ രീതിയിലുള്ള ‘സ്‌പാര്‍ക്’ സംഭവിക്കുന്നുണ്ട്. ഇത് തീപിടിക്കാന്‍ കാരണമാകും എന്നത് ഓര്‍ക്കുക. കുട്ടികളെയും വീട്ടിലുള്ളവരെയും പറഞ്ഞു മനസിലാക്കുക.

വായുസഞ്ചാരം ഉറപ്പാക്കുക

ഗ്യാസ് ചോര്‍ച്ച മൂലം ഉണ്ടാകുന്ന അപകടം ഒഴിവാക്കാന്‍ മുറിയുടെ ജനാലകളും വാതിലുകളും തുറന്ന് വായുസഞ്ചാരം ഉറപ്പ് വരുത്തുക. ഇതുവഴി ഗ്യാസ് മുറിയില്‍ തങ്ങി നിന്ന് അപകടം ഉണ്ടാകുന്നത് ഒഴിവാക്കാന്‍ സാധിക്കും.

Newgen Gas Cylinder
വരാനിരിക്കുന്ന പുതു തലമുറ ഗ്യാസ് സിലിണ്ടർ

റെഗുലേറ്റര്‍ ഓഫ് ചെയ്യുക

ഗ്യാസ് സിലിണ്ടറുകളില്‍ ചോര്‍ച്ച ഉണ്ടാകുന്ന വേളയില്‍ റെഗുലേറ്റര്‍ ഓഫ് ചെയ്‌താൽ ചോര്‍ച്ച ഇല്ലാതാക്കാന്‍ സാധിച്ചേക്കും. ഗ്യാസടുപ്പുകള്‍ അടുക്കളയില്‍ വെക്കുമ്പോള്‍ ഗ്യാസ് സിലിണ്ടര്‍ പുറത്ത് വച്ച് അതില്‍ നിന്നും പൈപ്പ് ഉപയോഗിച്ച് അടുപ്പിലേക്ക് കണക്ഷന്‍ നല്‍കുന്നതാണ് ഏറ്റവും ഉചിതമായ രീതി. ഇങ്ങനെ മുന്‍കരുതല്‍ എടുക്കുന്ന സാഹചര്യത്തില്‍ ഗ്യാസ് ലീക്ക് ഉണ്ടായാല്‍ പുറത്തു പോയി റെഗുലേറ്റര്‍ ഓഫ് ചെയ്യുന്നതോടെ വലിയ അപകടം ഒഴിവാക്കാന്‍ സാധിക്കും.

സിലിണ്ടര്‍ വലിച്ചിഴക്കരുത്

ചോര്‍ച്ച ഉണ്ടായ ഗ്യാസ് സിലിണ്ടര്‍ ഒരിക്കലും ‘വലിച്ചിഴച്ച്’ പുറത്തേക്ക് കൊണ്ടു പോകാന്‍ ശ്രമിക്കരുത്. അങ്ങനെ ചെയ്‌താൽ വീണ്ടും ലീക്ക് ഉണ്ടാകുന്നതിനും, സ്‌പാര്‍ക് വഴി തീ പിടിക്കുന്നതിനും കാരണമായേക്കാം. അതിനാല്‍ ചോര്‍ച്ച ഉണ്ടായ ഗ്യാസ് സിലിണ്ടര്‍ അടുക്കളയില്‍ നിന്നും പുറത്തേക്ക് മാറ്റാനായി, നനഞ്ഞ ചാക്കിലോ അത് ലഭ്യമല്ലെങ്കില്‍ വെള്ളത്തില്‍ മുക്കിയെടുത്ത ബെഡ്ഷീറ്റുകളോ ചേര്‍ത്ത് സിലിണ്ടറിനെ ഉയര്‍ത്തി പിടിച്ചു മാത്രം പുറത്തേക്ക് കൊണ്ട് പോകുക.

പരിസരത്ത് തീയില്ലെന്ന് ഉറപ്പാക്കുക

ഗ്യാസ് ചോര്‍ച്ച ഉണ്ടായെന്ന് വ്യക്‌തമായാല്‍ ഉടന്‍ തന്നെ അടുത്തെങ്ങും തീ എരിയുന്നില്ലെന്ന് ഉറപ്പ് വരുത്തുക. തൊട്ട് അടുത്തുള്ള വീടുകളിലോ ഫ്ളാറ്റുകളിലോ തീ എരിയുന്നുണ്ടെങ്കില്‍ അവ അണക്കാന്‍ അവരോട് ഉടനെ ആവശ്യപ്പെടണം. അവരോടും സ്വിച്ചുകള്‍ ഓഫാക്കുകയോ ഓണാക്കുകയോ ചെയ്യരുതെന്ന് നിര്‍ദേശിക്കണം. അല്ലാത്ത സാഹചര്യത്തില്‍ തീ പടര്‍ന്ന് വലിയ അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എല്ലായ്‌പ്പോഴും പരിസരത്തെ വീടുകളിലെ/ഫ്‌ളാറ്റുകളിലെ മിക്കവരുടെയും ഫോണ്‍ നമ്പറുകള്‍ മൊബൈലില്‍ സേവ് ചെയ്‌ത് സൂക്ഷിക്കുക. ഓര്‍ക്കുക, തമിഴ്നാട്ടില്‍ പത്തുപേരുടെ ജീവനെടുത്ത ദുരന്തം ഉണ്ടായത് അയല്‍വീട്ടിലെ അടുപ്പിലെ തീ കാരണമാണ്.

Cooking gas detector
ഗ്യാസ് ലീക്കായാൽ നമ്മെ അറിയിക്കുന്ന ഉപകരണം (Gas Leak Detector)

ഗ്യാസ് ചോര്‍ച്ച മൂലമുള്ള തീപിടുത്തം

സിലിണ്ടറില്‍ നിന്നും ചോര്‍ച്ച ഉണ്ടായി ഗ്യാസ് പുറത്തുള്ള ഓക്‌സിജനുമായി കലര്‍ന്നാണ് തീപിടുത്തം ഉണ്ടാകുന്നത്. അതിനാല്‍ സിലിണ്ടറിന് ചുറ്റുമുള്ള ഓക്‌സിജന്‍ ഒഴിവാക്കുകയാണ് തീ പിടിക്കാതിരിക്കാന്‍ ചെയ്യേണ്ടത്. ഗ്യാസ് ചോര്‍ച്ച ഉണ്ടാകുന്ന സമയത്തോ അല്ലെങ്കില്‍ ചെറിയ രീതിയില്‍ തീ പടരുന്ന സമയത്തോ ഇത് ശ്രദ്ധയില്‍ പെടുന്ന ഉടന്‍ തന്നെ നനഞ്ഞ ചാക്ക് അല്ലെങ്കില്‍ നനഞ്ഞ കട്ടിയുള്ള തുണികള്‍ സിലിണ്ടറിന്റെ മുകളിലേക്ക് ഇട്ടാല്‍ മതിയാകും. ഇത് സിലിണ്ടറിന് ചുറ്റുമുള്ള ഓക്‌സിജന്‍ ഇല്ലാതാക്കി തീപിടിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കും.

വെള്ളമുപയോഗിച്ച് സിലിണ്ടറില്‍ തീപിടിക്കുന്നത് അണക്കാന്‍ സാധിക്കില്ല. എന്നാല്‍ വെള്ളമൊഴിച്ച് സിലിണ്ടര്‍ ചൂടാകുന്നത് ഒഴിവാക്കാന്‍ സാധിക്കും. സിലിണ്ടര്‍ ചൂടാകുന്നതോടെ വലിയ സ്‌ഫോടനം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ സിലിണ്ടറിന് ചുറ്റുമുള്ള 10 മീറ്റര്‍ വരുന്ന അപകടപരിധിക്ക് പുറത്ത് നിന്ന് കൊണ്ട് സിലിണ്ടര്‍ ചൂടാകുന്നത് ഒഴിവാക്കാന്‍ ഹോസ് ഉപയോഗിച്ചും മറ്റും വെള്ളമൊഴിക്കാവുന്നതാണ്. ഇത് വലിയ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് സഹായകമാകും. ഓര്‍ക്കുക, ഓരോ വീടുകളിലും ഫ്ളാറ്റുകളിലും 10 മീറ്ററില്‍ കുറയാത്ത ഹോസുകള്‍ പെട്ടെന്ന് കാണുന്ന രീതിയില്‍ കരുതിവെക്കുക.

മുന്‍കരുതല്‍ എടുക്കാം

ഗ്യാസ് സ്‌റ്റൗവിലേക്ക് സിലിണ്ടറില്‍ നിന്നും ബന്ധിപ്പിക്കുന്ന പൈപ്പുകള്‍ റെഗുലേറ്റര്‍ ഉപയോഗിച്ച് കൃത്യമായി സ്‌ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. ഇക്കാര്യം ഉറപ്പ് വരുത്തിയാല്‍ എന്തെങ്കിലും തരത്തിലുള്ള ചോര്‍ച്ച ഉണ്ടായാല്‍ റെഗുലേറ്റര്‍ ഓഫ് ചെയ്‌ത് നമുക്ക് അപകടം ഒഴിവാക്കാന്‍ സാധിക്കും. മറ്റൊന്ന്, അടുക്കളയില്‍ എപ്പോഴും വായുസഞ്ചാരം നല്ല രീതിയില്‍ ലഭിക്കേണ്ടതുണ്ട്. ഇതിലൂടെ ഗ്യാസ് ചോര്‍ച്ച ഉണ്ടാകുമ്പോള്‍ അടുക്കളക്കുള്ളില്‍ ഗ്യാസ് കെട്ടിനിന്ന് ഉണ്ടാകുന്ന അപകടം ഒഴിവാക്കാം.

gas cylinder accidents4

കൂടാതെ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്‌ഥലങ്ങളില്‍ ഗ്യാസ് സിലിണ്ടര്‍ സ്‌ഥാപിക്കരുത്. സിലിണ്ടറില്‍ അമിതമായി ചൂട് ഏല്‍ക്കുന്നത് മൂലം അപകടം ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാലാണിത്. ഒപ്പം തന്നെ ഗ്യാസ് ലീക്ക് ഡിറ്റക്‌ടറുകള്‍ സ്‌ഥാപിക്കുന്നത് വഴി ഗ്യാസ് ചോര്‍ച്ച ഉണ്ടാകുന്നത് കണ്ടെത്താനും അത് വഴി തുടര്‍ന്നുണ്ടാകാന്‍ സാധ്യതയുള്ള അപകടം തടയാനും സാധിക്കും. ഓരോ ആറുമാസത്തിലും ഏറ്റവും കൂടിയാല്‍ ഒരു വര്‍ഷത്തിലെങ്കിലും ഗ്യാസ് സ്‌റ്റൗ സര്‍വീസ് ചെയ്യുക. അതിന്റെ പൈപ്പുകള്‍ നിര്‍ബന്ധമായും മാറ്റുക. നിലവാരമുള്ള പൈപ്പുകള്‍ മാത്രം വാങ്ങി ഉപയോഗിക്കുക.

കഴിയുന്നവർ സിലിണ്ടറുകൾ വീടിന് പുറത്ത് സ്ഥാപിച്ച് പൈപ്പുകൾ വഴി അകത്തേക്ക് ഗ്യാസ് എത്തിക്കുക. രാത്രി കിടക്കുന്നതിനു മുൻപ് റെഗുലേറ്റർ അടച്ചു എന്നുറപ്പാക്കുക. ഇലക്‌ട്രിക്‌ ഉപകരണങ്ങൾ ആവശ്യം കഴിഞ്ഞാൽ നിർബന്ധമായും ഓഫ്‌ ചെയ്‌തെന്ന് ഉറപ്പുവരുത്തുക. ഇലക്‌ട്രിക്കൽ സേഫ്റ്റി ഉറപ്പുവരുത്തുന്നതിന് MCB, ELCB എന്നിവ സ്‌ഥാപിക്കുക. വളരെ ചെറിയ അശ്രദ്ധ കൊണ്ട് പോലും വലിയ ദുരന്തങ്ങള്‍ ഉണ്ടാകാനിടയുള്ള സ്‌ഥലമാണ് ഓരോ അടുക്കളയും. അശ്രദ്ധ മൂലമുണ്ടാകുന്ന വലിയ അപകടങ്ങള്‍ ഒഴിവാക്കാന്‍ നമുക്ക് ശ്രദ്ധ വെക്കാം.

Read also : മാറ്റത്തിനൊരുങ്ങി ഫയർഫോഴ്‌സ്; ഇന്റലിജൻസ് വിഭാഗം വരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE