കാബൂൾ: മുൻ അഫ്‌ഗാൻ ഉദ്യോഗസ്‌ഥരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ താലിബാൻ ഉത്തരവ്. സർക്കാർ ജീവനക്കാർ, നിയമനിർമാതാക്കൾ തുടങ്ങിയവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനാണ് നീക്കം. അമേരിക്കയുമായി ബന്ധപ്പെട്ട് മുൻപ് പ്രവർത്തിച്ച എല്ലാവരുടെയും അക്കൗണ്ടുകളുടെ പട്ടിക സ്വകാര്യബാങ്കുകൾക്ക് താലിബാൻ കൈമാറിയിട്ടുണ്ട്.
മരവിപ്പിക്കാൻ ആവശ്യപ്പെട്ട അക്കൗണ്ടുകളിൽ അഫ്‌ഗാനിലെ മുൻ മന്ത്രിമാർ, ഡെപ്യൂട്ടി ഉദ്യോഗസ്‌ഥർ, എംപിമാർ, മേയർമാർ എന്നിവരും ഉൾപ്പെടും. താലിബാൻ ആക്രമണത്തിന് പിന്നാലെ പൂട്ടിയിട്ടിരുന്ന കാബൂളിലെ ബാങ്കുകൾ ഉടൻ തുറക്കണമെന്നും ഉത്തരവിട്ടിരുന്നു. പണം പിൻവലിക്കുന്നതിന് വിലക്കും ഏർപ്പെടുത്തി.
ഇതോടെ നിരവധി പേരാണ് പണം ലഭിക്കാനായി ബാങ്കുകളിൽ ക്യൂ നിൽക്കുന്നത്. അമേരിക്കയുമായി ബന്ധപ്പെട്ട് കിടക്കുന്ന അഫ്‌ഗാൻ ഫണ്ടുകൾ കഴിഞ്ഞ മാസം യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ മരവിപ്പിച്ചിരുന്നു. ഇതോടെ കോടിക്കണക്കിന് പണമാണ് താലിബാന് നഷ്‌ടപ്പെട്ടത്. അഫ്‌ഗാന് വേണ്ടി നീക്കി വെച്ചിരുന്ന 440 മില്യൺ ഡോളർ ഫണ്ട് ഐഎംഎഫും തടഞ്ഞു.
Also Read: കർഷകസമരം വെല്ലുവിളിയാകില്ല; ബിജെപി അധികാരം നിലനിർത്തുമെന്ന് അരവിന്ദ് മേനോൻ