കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ മാദ്ധ്യമ പ്രവര്‍ത്തകർക്ക് നേരെ താലിബാന്റെ അക്രമം. കാബൂളിൽ വനിതകളുടെ പ്രക്ഷോഭം റിപ്പോർട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവര്‍ത്തകരെ താലിബാന്‍ തല്ലിച്ചതച്ചു. കാബൂള്‍ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന എറ്റിലാട്രോസിലെ എഡിറ്ററും റിപ്പോര്‍ട്ടറുമായ താഖി ദര്യാബി, നെമത്തുള്ള നഖ്‌ദി എന്നിവര്‍ക്കാണ് മർദ്ദനമേറ്റത്.
ചാട്ടവാറും വടിയുംകൊണ്ട് മാദ്ധ്യമ പ്രവര്‍ത്തകരുടെ പുറം അടിച്ച് പൊട്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. രണ്ട് മാദ്ധ്യമ പ്രവര്‍ത്തകരുടെ പുറത്തും കാലിനും അടിയേറ്റ് വീര്‍ത്ത ചിത്രങ്ങള്‍ ഉൾപ്പടെയാണ് പുറത്തു വന്നിരിക്കുന്നത്. രണ്ട് പേരെയും തട്ടിക്കൊണ്ടുപോയ താലിബാന്‍ വ്യത്യസ്‌ത മുറികളില്‍ അടച്ച ശേഷം തല്ലിച്ചതക്കുകയായിരുന്നു.
മാദ്ധ്യമ പ്രവര്‍ത്തകരാണെന്ന് പറഞ്ഞിട്ടും പരിഗണിച്ചില്ലെന്നും കൊല്ലുമെന്നാണ് കരുതിയതെന്നും ആക്രമണത്തിന് ഇരയായവർ പറഞ്ഞു. ഇത്തരത്തില്‍ നിരവധി മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് മർദ്ദനമേറ്റതായി വിവരമുണ്ട്.
കഴിഞ്ഞ ദിവസം കാബൂളിൽ നടന്ന പാകിസ്‌ഥാൻ വിരുദ്ധ പ്രക്ഷോഭങ്ങൾ റിപ്പോർട് ചെയ്യാനെത്തിയ ടോളോ ന്യൂസ് വാർത്താ ചാനലിന്റെ ക്യാമറാമാൻ വഹീദ് അഹ്‌മദിയെ തടവിലാക്കിയിരുന്നു. മൂന്ന് മണിക്കൂറോളം തടവിൽ വച്ചതിന് ശേഷമാണ് വഹീദ് അഹ്‌മദിയെ താലിബാൻ വിട്ടയച്ചത്.
Most Read: സവർക്കറുടെയും ഗോൾവാൾക്കറിന്റെയും പുസ്‌തകങ്ങൾ പിജി സിലബസിൽ; പ്രതിഷേധം