മലപ്പുറം: താനൂർ പോലീസ് കസ്‌റ്റഡിയിലിരിക്കെ മരിച്ച താമിർ ജിഫ്രിയുടെ ആമാശയത്തിൽ ക്രിസ്‌റ്റൽ അടങ്ങിയ രണ്ടു പ്ളാസ്‌റ്റിക് കവറുകൾ കണ്ടെത്തിയതായി പോലീസ്. ഇത് എംഡിഎംഎയാണോ എന്നാണ് സംശയം. പോസ്‌റ്റുമോർട്ടത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. പോസ്‌റ്റുമോർട്ടത്തിൽ ഇയാൾക്ക് മർദ്ദനമേറ്റതായാണ് പ്രാഥമിക നിഗമനം. കെമിക്കൽ ലാബ് റിപ്പോർട് വന്നതിന് ശേഷമേ മരണകാരണം സ്‌ഥിരീകരിക്കാൻ കഴിയൂ.
കസ്‌റ്റഡി മരണം സംബന്ധിച്ച കേസ് സ്‌റ്റേറ്റ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി റജി എം കുന്നിപ്പറമ്പൻ അന്വേഷിക്കും. കോഴിക്കോട് ക്രൈം ബ്രാഞ്ച് എസ്‌പി കുഞ്ഞിമൊയ്‌തീൻ മേൽനോട്ടം വഹിക്കും. ലഹരിമരുന്ന് കേസിൽ താനൂർ പോലീസ് കസ്‌റ്റഡിയിൽ എടുത്ത പ്രതി തിരൂരങ്ങാടി സ്വദേശി താമിർ ജിഫ്രി, ഇന്നലെ പുലർച്ചെ 4.20ന് ആണ് താനൂർ പോലീസ് സ്‌റ്റേഷനിൽ വെച്ച് മരിച്ചത്. പുലർച്ചെ മരിച്ചിട്ടും രാവിലെ 10.30നാണ് വീട്ടുകാരെ അറിയിച്ചതെന്നും ഇതിൽ ദുരൂഹത ഉണ്ടെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.
ഇതോടെ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ഇന്നലെ വൈകിട്ട് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ പോലീസ് സർജൻ ഡോ. ഹിതേഷ് ശങ്കറിന്റെ മേൽനോട്ടത്തിൽ നടത്തിയ പോസ്‌റ്റുമോർട്ടത്തിൽ താമിറിന്റെ പുറത്ത് മർദ്ദനമേറ്റ പാടുകൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. താനൂർ ദേവധാർ മേൽപ്പാലത്തിന് സമീപത്തു വെച്ച് താനൂർ എസ്ഐയുടെ നേതൃത്വത്തിൽ ഇന്നലെ 1.30 ഓടെയാണ് താമിറടക്കം അഞ്ചുപേരെ അറസ്‌റ്റ് ചെയ്‌തത്.
ഇവരിൽ നിന്ന് 18 ഗ്രാം എംഡിഎംഎയും കണ്ടെടുത്തിരുന്നു. പോലീസ് സ്‌റ്റേഷനിൽ വെച്ച് 1.45ന് അറസ്‌റ്റ് രേഖപ്പെടുത്തി. 4.20നാണ് താമിർ സ്‌റ്റേഷനിൽ വെച്ച് കുഴഞ്ഞുവീണത്. ഉടൻ പോലീസ് ജീപ്പിൽ ഒന്നര കിലോമീറ്റർ അകലെ മൂലയ്‌ക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണം സ്‌ഥിരീകരിക്കുക ആയിരുന്നുവെന്ന് ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസ് വിശദീകരിച്ചു.
Most Read| ബൈക്കിടിച്ചു വിദ്യാർഥിനി മരിച്ച സംഭവം; പ്രതി ആൻസൺ റോയ് അറസ്‌റ്റിൽ