കൊച്ചി: മൂവാറ്റുപുഴയിൽ വിദ്യാർഥിനി ബൈക്കിടിച്ചു മരിച്ച സംഭവത്തിൽ പ്രതി ആൻസൺ റോയിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി. പ്രതി ഓടിച്ച ബൈക്കിന് കുഴപ്പങ്ങൾ ഇല്ലെന്നും അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്നുമാണ് പ്രാഥമിക നിഗമനം. പ്രതിക്കെതിരെ പോലീസ് നേരത്തെ നരഹത്യാ കുറ്റം ചുമത്തി കേസെടുത്തിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന ആൻസൺ ആശുപത്രി വിട്ടതിനെ തുടർന്നാണ് അറസ്‌റ്റ് ചെയ്‌തത്.
മൂവാറ്റുപുഴ സ്‌റ്റേഷനിൽ എത്തിച്ചാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. രാവിലെ തെളിവെടുപ്പ് നടത്തിയ ശേഷം ആൻസണെ കോടതിയിൽ ഹാജരാക്കും. ആൻസണ് ലൈസൻസോ ലേണേഴ്‌സ് ലൈസൻസോ ഇല്ലെന്ന് മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. പ്രതി ഓടിച്ചിരുന്ന ബൈക്കിന് സാങ്കേതിക തകരാർ ഇല്ലെന്നും മോട്ടോർ വാഹനവകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
മൂവാറ്റുപുഴ നിർമല കോളേജ് ബികോം അവസാന വർഷ വിദ്യാർഥിയായ വാളകം കുന്നയ്‌ക്കാൽ സ്വദേശി നമിതയാണ് ബൈക്കിടിച്ചു മരിച്ചത്. ജൂലൈ 26ന് വൈകിട്ട് നാലരയോടെയാണ് സംഭവം. മൂവാറ്റുപുഴയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം. നമിതയുടെ കൂടെ ഉണ്ടായിരുന്ന സഹപാഠി അനുശ്രീക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. നിർമല കോളേജിന് മുന്നിൽ വെച്ചായിരുന്നു അപകടം നടന്നത്.
കോളേജ് ജങ്ഷനിൽ നിന്ന് റോഡ് മുറിച്ചു കടക്കുകയായിരുന്നു വിദ്യാർഥികളെ മൂവാറ്റുപുഴ ഭാഗത്ത് നിന്ന് വന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അതേസമയം, പരിക്കേറ്റ് ചികിൽസയിലായിരുന്ന അനുശ്രീയും കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. മകളുടെ ജീവനെടുത്ത കേസിൽ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് നമിതയുടെ മാതാപിതാക്കൾ ആവശ്യപ്പെടുന്നത്.
Most Read| മണിപ്പൂർ വിഷയം; പ്രതിപക്ഷ എംപിമാർ ഇന്ന് രാഷ്‌ട്രപതിയെ കാണും