ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെയുണ്ടായത് ഭീകരാക്രമണമെന്ന് സ്‌ഥിരീകരിച്ചു സൈന്യം. കരസേനയുടെ ട്രക്കിന് നേരെ ഇന്ന് ഉച്ച കഴിഞ്ഞു മൂന്ന് മണിയോടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ അഞ്ചു ജവാൻമാരാണ് വീരമൃത്യു വരിച്ചത്. ഒരു സൈനികൻ ഗുരുതര പരിക്കുകളോടെ ചികിൽസയിലാണ്.
ഉന്നത സൈനിക ഉദ്യോഗസ്‌ഥരും പോലീസും സ്‌ഥലത്ത് എത്തിയിട്ടുണ്ട്. പൂഞ്ചിലെ ഭീംബർ ഗലിയിൽ നിന്ന് ടോട്ട ഗാലിയിലെ സൈനിക യൂണിറ്റിലേക്ക് മണ്ണെണ്ണ കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. കടുത്ത മഴയും കാഴ്‌ച കുറവും ഉണ്ടായ സമയത്തായിരുന്നു ആക്രമണം. ഭീകരവിരുദ്ധ ഓപ്പറേഷൻ വിഭാഗത്തിലെ സൈനികരാണ് വാഹനത്തിൽ ഉണ്ടായിരുന്ന എല്ലാവരും.
ഭീകരർ വാഹനത്തിന് നേരെ വെടിയുതിർക്കുകയും പിന്നീട് ഗ്രനേഡ് ആക്രമണം നടത്തുകയും ആയിരുന്നുവെന്നുമാണ് സൈന്യം വാർത്താ കുറിപ്പിൽ അറിയിച്ചത്. ഗ്രനേഡ് ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് വാഹനത്തിന് തീപിടിച്ചത്. സ്‌ഥലത്ത് സൈന്യത്തെ വിന്യസിച്ചു. ഭീകരർക്കായി പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.
Most Read: ലൈഫ് മിഷൻ കോഴക്കേസ്; ശിവശങ്കർ ഒന്നാം പ്രതി- കുറ്റപത്രം സമർപ്പിച്ചു