
മലപ്പുറം: ജീവിത വഴിയിൽ പൊരുതാനുള്ള കരുത്തായി ലഭിച്ച അന്ധതയെ വിദ്യയുടെ വെളിച്ചം കൊണ്ട് തുരത്തിയ ജലാലുദ്ദീന്‍ അദനിക്ക് എട്ട് ലക്ഷം രൂപയുടെ സ്വിഫ്റ്റ് കാർ പെരുന്നാള്‍ സമ്മാനമായി ലഭിച്ചു! തടാകം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എംവി കുഞ്ഞിമുഹമ്മദ് ഹാജിയാണ് ജലാലുദ്ദീന് പെരുന്നാള്‍ സമ്മാനമായി കാർ നല്‍കിയത്.
ഒരു മാസം മുൻപ് ജലാലുദ്ദീന്‍ അദനി, ജീവിത പങ്കാളിയായി നുസൈബയെ കൂടെചേർക്കുന്ന വിവാഹവാർത്ത മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞാണ് കുഞ്ഞിമുഹമ്മദ് ഹാജി, മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ ബുഖാരിയെ വിളിച്ച് കാര്‍ നല്‍കാന്‍ താൽപര്യം പ്രകടിപ്പിച്ചത്. മലപ്പുറം മഅ്ദിന്‍ കാമ്പസില്‍ നടന്ന ചടങ്ങില്‍ ഖലീല്‍ ബുഖാരി തങ്ങള്‍ ജലാലുദ്ദീന്‍ അദനിക്ക് വാഹനം കൈമാറി.
അറബി അക്ഷരങ്ങള്‍ പോലും പരിചയമില്ലാതെയാണ് പ്ളസ് വൺ കഴിഞ്ഞ ജലാലുദ്ദീന്‍ അദനി 11 വർഷങ്ങൾക്ക് മുൻപ് മഅ്ദിന്‍ അക്കാദമിയിലെത്തിയത്. മഅ്ദിന്‍ നൽകുന്ന വഴിവെളിച്ചത്തിലേക്ക് പ്രവേശിക്കുമ്പോൾ ജലാലുദ്ദീന് പ്രായം വെറും 19 വയസ്. ഇപ്പോൾ 30 വയസുള്ള ഇദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് മഅ്ദിന്‍, കരുത്തും വെളിച്ചവുമായി നിന്നപ്പോൾ അറബി സാഹിത്യത്തില്‍ പിഎച്ച്ഡി ചെയ്യാനും ജെആര്‍എഫ് കരസ്‌ഥമാക്കാനും ജലാലുദ്ദീന്‍ അദനിക്ക് സാധിച്ചു.
മാതൃഭാഷ കൂടാതെ, അറബി, ഇംഗ്ളീഷ് ഭാഷകൾ കീഴടക്കിയ ജലാലുദ്ദീന്‍ സ്‌പാനിഷ്, ഫ്രഞ്ച് ഭാഷകള്‍ കൂടി പഠിക്കുന്ന തിരക്കിലാണിപ്പോള്‍. ഇദ്ദേഹം ബ്രെയില്‍ ലിപിയില്‍ 15 പുസ്‌തകങ്ങൾ സ്വന്തം കൈകൊണ്ട് എഴുതിയിട്ടുണ്ട്. പഠനാവശ്യങ്ങള്‍ക്കും മറ്റും ഉപകാരപ്രദമാകുന്ന വാഹനം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ഭിന്നശേഷി മേഖലയിലുള്ള ആളുകൾക്ക് ഇത്തരം സാമൂഹിക പിന്തുണ വലിയ പ്രചോദനമാണെന്നും ജലാലുദ്ദീന്‍ അദനി പറയുന്നു.

കണ്ണുകളുടെ കാഴ്‌ചക്ക് പരിപൂർണ്ണ അന്ധതയുള്ള ജലാലുദ്ദീന് വാഹനം ഓടിക്കാൻ സാധിക്കില്ല. താൽക്കാലികം, തന്റെ ബാല്യകാല തോഴനും ജീവിത വഴിയിൽ കരുത്തായി കൂടെനിൽക്കുകയും ചെയ്യുന്ന ആത്‌മമിത്രം ഉനൈസ് പടിഞ്ഞാറ്റും മുറി യാത്രകളിൽ സാരഥിയാകും. എന്നാൽ, ശാരീരികമായ വൈകല്യങ്ങൾ ഇല്ലാത്ത ജീവിതപങ്കാളി നുസൈബയെ, സമയവും സൗകര്യവും അനുസരിച്ച് ഡ്രൈവിംഗ് പഠിപ്പിക്കാൻ ഖലീല്‍ ബുഖാരി തങ്ങള്‍ നിർദ്ദേശിച്ചിട്ടുണ്ട്.
സമൂഹത്തില്‍ പാര്‍ശ്വവൽകരിക്കപ്പെട്ട വിഭാഗത്തെ ഉന്നതിയിലേക്ക് കൊണ്ടുവരാനും വിദ്യയുടെ നെറുകയിലെത്തിക്കാനും ജലാലുദ്ദീന്‍ അദനിയുടെ നേട്ടങ്ങള്‍ കാരണമാകുമെന്നും അദ്ദേഹത്തിന് വാഹനം നല്‍കിയ തടാകം ഫൗണ്ടേഷനെ അഭിനന്ദിക്കുന്നുവെന്നും ഇതിലൂടെ സമൂഹത്തിന് നല്‍കുന്ന സന്ദേശം വളരെ വലുതാണെന്നും ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു.
Most Read: ഫോൺ ചോർത്തൽ ദേശീയ സുരക്ഷക്ക് വേണ്ടി; ന്യായീകരിച്ച് രവിശങ്കർ പ്രസാദ്