വിനോദ് ഗുരുവായൂർ സംവിധാനം നിർവഹിക്കുന്ന ‘പ്രതി പ്രണയത്തിലാണ്’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് ചെയ്‌തു. ക്രൈം ത്രില്ലർ വിഭാഗത്തിൽ വരുന്ന ചിത്രത്തിന്റെ തിരക്കഥ വിനോദിനൊപ്പം മുരളി ഗിന്നസും ചേർന്നാണ് ഒരുക്കുന്നത്.
താരനിർണയം പൂര്‍ത്തിയായ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അടുത്തദിവസം പുറത്തുവിടുമെന്ന് സംവിധായകൻ പറഞ്ഞു. കഥയുടെ അടിസ്‌ഥാന സ്വഭാവം പോലീസ് സ്‌റ്റോറിയാണെങ്കിലും സാമൂഹികമായ പ്രശ്‌നങ്ങളും മനുഷ്യന്റെ നിസ്സഹായതയും അതിജീവനവുമൊക്കെ ചിത്രം പറയും.
‘പ്രതി പ്രണയത്തിലാണ് എന്ന ടൈറ്റിലിലേക്ക് എത്താനുള്ള കാരണം, ഇതുവരെ കണ്ട പോലീസ് സ്‌റ്റോറി രീതിയിലല്ല ഞങ്ങളീ ചിത്രത്തിനെ ട്രീറ്റ് ചെയ്യുന്നതെന്ന് പ്രേക്ഷകരെ ആദ്യം തന്നെ കമ്മ്യൂണിക്കേറ്റ് ചെയ്യാനാണ്. പ്രണയം ഈ പോലീസ് സ്‌റ്റോറിയിലെ പ്രധാനഭാഗമാണ്. യുവതയെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ തൃപ്‌തിപ്പെടുത്തുന്ന രീതിയാണ് ഈ ചിത്രത്തിനായി ഞങ്ങൾ സ്വീകരിക്കുക‘ – സംവിധായകൻ വിനോദ് ഗുരുവായൂർ മലബാർ ന്യൂസിനോട് പറഞ്ഞു.
വാഗമണ്ണിന്റെ പശ്‌ചാത്തലത്തിൽ ഒരു പോലീസ് സ്‌റ്റേഷനിൽ നാല് ദിവസങ്ങളിലായി നടക്കുന്ന സംഭവങ്ങളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. മലയാള സിനിമയില്‍ പൊതുവെ കണ്ടിട്ടുള്ള പോലീസ് കഥകളോ കുറ്റാന്വേഷണ രീതികളോ അല്ല ഈ ചിത്രത്തിലുള്ളത്. ആക്ഷനും സസ്‌പെൻസും ത്രില്ലും പ്രണയവും ഉൾക്കൊള്ളുന്ന പുതുമയുള്ള ശൈലിയാണ് സിനിമക്കുണ്ടാകുക; വിനോദ് വിശദീകരിച്ചു.
റിലീസിന് മുൻപ്‌തന്നെ പ്രേക്ഷക-മാദ്ധ്യമ ശ്രദ്ധയാകർഷിച്ച റോഡ് ത്രില്ലര്‍ മൂവി ഗണത്തിൽ പെടുന്ന ‘മിഷൻ സി’ ഉൾപ്പടെ മൂന്നു സിനിമകൾ സംവിധാനം ചെയ്യുകയും 4 സിനിമകൾക്ക് വേണ്ടി എഴുതുകയും ചെയ്‌ത വിനോദിന്റെ നാലാമത്തെ സംവിധാന സംരംഭമാണ് ‘പ്രതി പ്രണയത്തിലാണ്‘ എന്ന സിനിമ. ചിത്രത്തിന്റെ വാർത്താ പ്രചരണം നിർവഹിക്കുന്നത് പിആര്‍ സുമേരനാണ്.
എം സ്‌ക്വയർ സിനിമാസിന്റെ ബാനറില്‍ മുല്ല ഷാജി നിർമിച്ച ‘മിഷൻ സി‘ ഉടൻ പ്രേക്ഷകരിലേക്കെത്തും. സംവിധാന ശൈലിയുടെ രീതികൊണ്ടും അഭിനേതാക്കളുടെ പകർന്നാട്ടംകൊണ്ടും ഛായാഗ്രഹണ മികവുകൊണ്ടും ഏറെ ചർച്ചചെയ്യപ്പെട്ട ‘മിഷൻ സി‘യുടെ ട്രെയിലറും വീഡിയോ ഗാനവും ഇപ്പോഴും ട്രെൻഡിങ്ങിൽ തുടരുകയാണ്. വീഡിയോ ഗാനം ഇവിടെ കേൾക്കാം:
Most Read: വാഹന രേഖകളുടെ കാലാവധി നീട്ടി കേന്ദ്രസർക്കാർ