കാസര്‍ഗോഡ്: തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ പ്രഹരം ആഴത്തിലുള്ളതാണെന്നും ഇത് മനസിലാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകുന്നില്ലെങ്കില്‍ ഗുരുതരമായ അപകടം വരുന്ന തിരഞ്ഞെടുപ്പുകളിലും ഉണ്ടാകുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍. കെ സുധാകരനും മുരളീധരനും പിന്നാലെ മറ്റൊരു നേതാവ് കൂടി അതൃപ്‌തി അറിയിച്ച് രംഗത്തു വന്നിരിക്കുകയാണ്.
‘പരാജയത്തിന്റെ കാരണം ആഴത്തിലുള്ളതാണ്. പുറം ചികില്‍സകൊണ്ട് അത് ഭേദമാകില്ല. കെപിസിസി പ്രസിഡണ്ട് ഒന്നുപറയുന്നു, യുഡിഎഫ് കണ്‍വീനര്‍ മറ്റൊന്ന് പറയുന്നു. കോണ്‍ഗ്രസില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാടുമാരാണ്. കോണ്‍ഗ്രസിന്റെ 14 ജില്ലയിലേയും നേതൃത്വത്തെ മാറ്റണം. പണ്ട് നാല് കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ മാത്രം ഉള്ളിടത്ത് ഇപ്പോള്‍ നൂറിലേറെ ആളുണ്ട്. അവരൊക്കെ തിരഞ്ഞെടുപ്പില്‍ എന്ത് സംഭാവനയാണ് നല്‍കിയതെന്ന് പാര്‍ട്ടി വിലയിരുത്തണം’. ഉണ്ണിത്താന്‍ പറഞ്ഞു.
ഗ്രൂപ്പ് രാഷ്‌ട്രീയം നിര്‍ത്തിയില്ലെങ്കില്‍ അടുത്തതവണ ഭരണം കിട്ടിയേക്കാം. പക്ഷേ അതിനടുത്ത തവണ പ്രതിപക്ഷത്തെങ്കിലും ഇരിക്കാൻ സാധിക്കണം. കെഎം മാണിക്കും ജോസിനുമൊപ്പമാണു കേരള കോണ്‍ഗ്രസ് അനുഭാവികളെന്നു മനസിലാക്കാന്‍ യുഡിഎഫ് നേതൃത്വത്തിന് സാധിച്ചില്ലെന്നും അവരെ പറഞ്ഞയക്കുന്നതിന് പകരം എങ്ങനെയെങ്കിലും കൂടെ നിര്‍ത്താന്‍ ശ്രമിക്കണമായിരുന്നു എന്നും ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി.
Read also: പാലാ സീറ്റ് വിട്ടുകൊടുക്കില്ല, എന്‍സിപി തന്നെ മല്‍സരിക്കും; മാണി സി കാപ്പന്‍