വനിതാ മുഖ്യമന്ത്രിയെന്ന സ്വപ്‌നം മുളയിലേ നുള്ളി; ലതികാ സുഭാഷ്

By Desk Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: രണ്ടാം എൽഡിഎഫ് മന്ത്രിസഭയിൽ നിന്നും കെകെ ശൈലജയെ ഒഴിവാക്കിയതിൽ പ്രതികരണവുമായി ലതികാ സുഭാഷ്. മൂന്ന് വനിതകൾ മന്ത്രിമാരാകുന്നുവെന്ന സന്തോഷത്തെപ്പോലും നിഷ്‌പ്രഭമാക്കുന്ന നീക്കമാണ് കെകെ ശൈലജയെ നീക്കിയതിലൂടെ ഉണ്ടാവുന്നതെന്ന് ലതികാ സുഭാഷ് പറഞ്ഞു. കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി എന്ന ഒരുപാട് പേരുടെ സ്വപ്‌നം മുളയിലേ നുള്ളിക്കളയാൻ ഇതിലൂടെ സിപിഎമ്മിനു കഴിഞ്ഞുവെന്നും അവർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം;

ശൈലജ ടീച്ചർ മന്ത്രിസഭയിലില്ലെന്ന് ഇപ്പോൾ വന്ന വാർത്തയാണ് ഈ കുറിപ്പിനാധാരം. മന്ത്രിസഭയിൽ സ്വന്തം പാർട്ടിയുടെ മന്ത്രിമാരെ നിശ്‌ചയിക്കാനുള്ള സിപിഎമ്മിന്റെ അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. പുതുമുഖങ്ങളെയും ചെറുപ്പക്കാരെയുമൊക്കെ മന്ത്രിമാരാക്കുന്നത് നല്ല കാര്യമാണ്. മൂന്ന് വനിതകൾ മന്ത്രിമാരാകുന്നു എന്ന സന്തോഷത്തെപ്പോലും നിഷ്‌പ്രഭമാക്കുന്ന നീക്കമാണ് ശൈലജ ടീച്ചറെ ഒഴിവാക്കിയതിലൂടെ ഉണ്ടായത്.

1987ലെ തിരഞ്ഞെടുപ്പ് കാലത്ത് “കേരം തിങ്ങും കേരള നാട്ടിൽ കെആർ ഗൗരി ഭരിച്ചിടും” എന്ന മുദ്രാവാക്യം കൊണ്ട് ഒരു ജന സമൂഹത്തെ, പ്രത്യേകിച്ച് സ്‌ത്രീകളെ പ്രതീക്ഷയുടെ കൊടുമുടിയിലെത്തിച്ചിട്ട്, ഇടതു മന്ത്രിസഭ വന്നപ്പോൾ ശ്രീമതി ഗൗരിയമ്മയല്ല, ശ്രീ ഇകെ നായനാർ മുഖ്യമന്ത്രിയായി. അന്ന് സമുദായമാണ് തടസമായതെന്ന് വളരെ വ്യക്‌തമായി ഗൗരിയമ്മയുൾപ്പടെ പറഞ്ഞതാണ്.

സമുദായമൊന്നുമല്ല, പ്രശ്‌നം സ്‌ത്രീയായതു തന്നെയാണെന്ന് അന്നും ഇന്നും വ്യക്‌തമാണ്. ആരോഗ്യമന്ത്രി എന്ന നിലയിലുള്ള ശൈലജ ടീച്ചറിന്റെ പ്രകടനം ശ്രദ്ധേയവും മികച്ചതുമായിരുന്നു. മറ്റ് പല മന്ത്രിമാരിൽ നിന്നും വിഭിന്നമായി കഴിഞ്ഞ അഞ്ച് വർഷവും യാതൊരു വിധ ആക്ഷേപങ്ങളും കേൾപ്പിക്കാതെയാണ് ടീച്ചർ ആരോഗ്യ വകുപ്പിനെ നയിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്‌ഥാനത്തെ എല്ലാ മേഖലയിലുള്ളവരെയും ആരോഗ്യ പ്രവർത്തകരെയും ഏകോപിപ്പിച്ചു കൊണ്ടുപോകന്നതിൽ ടീച്ചർ വിജയം വരിച്ചിരുന്നു.

ഇക്കുറി കേരളത്തിലെ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയ നിയമസഭാ സ്‌ഥാനാർഥി എന്ന ഖ്യാതിയും അവർ സ്വന്തമാക്കി. കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി എന്ന സ്‌ഥാനത്തേക്ക് ശൈലജ ടീച്ചറെ കക്ഷിരാഷ്‌ട്രീയ ഭേദമന്യേ ജനങ്ങൾ ആഗ്രഹിച്ചിരുന്നതുമാണ്. എന്നാൽ ഈ കോവിഡ് കാലത്ത് കൈകാര്യം ചെയ്‌തിരുന്ന ആരോഗ്യ വകുപ്പ് പൂർവാധികം ഭംഗിയായി കൊണ്ടു പോകുന്നത് ഒഴിവാക്കുക വഴി, കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി എന്ന ഒരുപാട് പേരുടെ സ്വപ്‌നം മുളയിലേ നുള്ളിക്കളയാൻ ഇതിലൂടെ സിപിഎമ്മിനു കഴിഞ്ഞു.

പത്ത് വനിതകളെ ഇക്കുറി സഭയിലെത്തിച്ച ഇടതു മുന്നണിയെ മനസുകൊണ്ട് ഞാനും അഭിനന്ദിച്ചിരുന്നു. ഏറിയും കുറഞ്ഞുമൊക്കെ ഇരിക്കുന്നു എന്ന വ്യത്യാസമുണ്ടെങ്കിലും സ്‌ത്രീ വിരുദ്ധതയുടെ കാര്യത്തിൽ രാഷ്‌ട്രീയ നേതാക്കളായ പുരുഷൻമാരിൽ ഏറിയ പങ്കും മോശമല്ലെന്ന സത്യം ഇവിടെ വെളിവാകുന്നു.

Also Read:  കോവിഡ്; വാക്‌സിനടക്കമുള്ള പ്രതിരോധ സാമഗ്രികള്‍ സ്വന്തമായി ഉൽപാദിപ്പിക്കാന്‍ തമിഴ്‌നാട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE