രണ്ട് യുവാക്കളുടെ പരിശ്രമം; പൊന്നാനിയുടെ ‘കുരുക്കഴിക്കാൻ’ മെട്രോമാന്റെ സന്ദർശനം

By Desk Reporter, Malabar News
E. Sreedharan_ Sameer dayana_ Salam Olattayil at Ponnani Angadippalm
ചലിക്കുന്ന പാലം' കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന സ്‌ഥലം മെട്രോമാൻ ഇന്ന് രാവിലെ സന്ദർശിക്കുന്നു. ഒപ്പം സമീർ ഡയാനയും സലാം ഒളാട്ടയിലും
Ajwa Travels

മലപ്പുറം: ജില്ലയിലെ പൊന്നാനി നഗരം അനുഭവിക്കുന്ന ഗതാഗതകുരുക്കിന് ഒരുപരിധിവരെ പരിഹാരം കണ്ടെത്താൻ കഴിയുന്ന പദ്ധതിക്ക് മെട്രോമാൻ ഇ ശ്രീധരന്റെ പിന്തുണ. ജൻമനാട്ടിലെ യാത്രാകുരുക്കിന് പരിഹാരം കാണാനായി സമീർ ഡയാനയും, സലാം ഒളാട്ടയിലും മുന്നോട്ടുവച്ച നിർദ്ദേശങ്ങളാണ് മെട്രോമാന്റെ ശ്രദ്ധയാകർഷിച്ചത്.

സങ്കേതികശാസ്‌ത്ര രംഗത്ത് നിന്ന് ഇടവേളയെടുത്ത് പൊന്നാനിയിലെ വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന മെട്രോമാനെ പൊന്നാനി സ്വദേശികളായ ഈ യുവാക്കൾ നേരിട്ട് സന്ദർശിച്ചാണ് തങ്ങളുടെ പദ്ധതി വിശദീകരിച്ചത്. കൂടിക്കാഴ്‌ചക്ക് മുൻകൂട്ടി സന്ദർശനാനുമതി നേടിയ സമീറും സലാമും ഇന്നുരാവിലെ പത്തരയോടെയാണ് മെട്രോമാന്റെ വീട്ടിലെത്തിയത്.

അനുവദിച്ച സമയത്തിനകം തങ്ങളുടെ ആശയം അവതരിപ്പിക്കുകയും ചോദ്യങ്ങൾക്ക് തൃപ്‌തികരമായ ഉത്തരങ്ങൾ നൽകുകയും ചെയ്‌തതോടെ അദ്ദേഹം പ്രസ്‌തുത ആശയം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സ്‌ഥലം, അര മണിക്കൂറിനകം നേരിട്ട് സന്ദർശിക്കാൻ തയ്യാറായി. കൃത്യനിഷ്‌ഠയിലും ആത്‌മാർഥതയിലും കണിശക്കാരനായ മെട്രോമാൻ ഇന്ന് രാവിലെ 11 മണിയോടെ തന്നെ സ്‌ഥലം നേരിട്ട് സന്ദർശിച്ചു.

സമീറിന്റെയും സലാമിന്റെയും വാക്കുകൾ; ഞങ്ങൾ ജനിച്ചു വളർന്ന നാടാണ് പൊന്നാനി. ഞങ്ങളെപ്പോഴും അനുഭവിക്കുന്ന വലിയൊരു പ്രതിസന്ധിയാണ് ഇവിടുത്തെ ഗതാഗതകുരുക്ക്. ഈ പ്രശ്‌നത്തിന് പരിഹാരം തേടി നാട്ടിലെ അനേകം ആളുകൾ പല നേതാക്കളെയും ഉദ്യോഗസ്‌ഥരെയും കണ്ടു. പക്ഷെ, കാര്യമായ പുരോഗതി ഉണ്ടായില്ല. വിശേഷിച്ചും പൊന്നാനി അങ്ങാടിക്ക് അകത്തുള്ള കുരുക്കഴിക്കാൻ ഫലപ്രദമായ ഒരു ആശയംപോലും നടപ്പിലാക്കാൻ സാധിച്ചിട്ടില്ല. ഈ പ്രശ്‌നത്തിനുള്ള പരിഹാരാന്വേഷണം മനസിൽ കിടക്കുമ്പോഴാണ് ചാവക്കാടിനു സമീപമുള്ള ‘അണ്ടത്തോട് മൂവിങ് ബ്രിഡ്‌ജ്’ ശ്രദ്ധയിൽ പെടുന്നത്. ഇതാകുമ്പോ ആവശ്യമനുസരിച്ച് ഉയർത്തി ബോട്ടിനോ മറ്റോ പോകാൻ ബുദ്ധിമുട്ടില്ല. ഇത് കണ്ടപ്പോഴാണ് ഇതിന്റെ പരിഷ്‍കരിച്ച പതിപ്പിന്റെ സാധ്യത അന്വേഷിക്കുന്നത്. പിന്നീട് ‘ഫ്രണ്ട്‌സ് ഓഫ് ഭാരതപ്പുഴ’ സംഘടനയുടെ സെക്രട്ടറിയും സുഹൃത്തുമായ വിനോദേട്ടൻ വഴി ശ്രീധരൻ സാറിന്റെ കൂടിക്കാഴ്‌ച തരപ്പെടുത്തി. സമീർ ഡയാന പറഞ്ഞു.

ഇന്ന് രാവിലെ മെട്രോമാനെ വീട്ടിൽ സന്ദർശിക്കുന്ന സമീർ ഡയാന

ഇക്കാര്യത്തിൽ മെട്രോമാൻ ഇ ശ്രീധരൻ സാറിന്റെ പക്കൽ ക്രിയാത്‌മകമായ പരാഹാരം ഉണ്ടാകുമെന്ന ഒരു വിശ്വാസം കുറേകാലമായി ഞങ്ങളുടെ ഉള്ളിലുള്ളതാണ്. സാധ്യതകളും മറ്റും കൃത്യമായ പഠിച്ച ശേഷം ബാക്കി കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാം എന്നാണ് ശ്രീധരൻ സാർ പറഞ്ഞിരിക്കുന്നത്. ചലിക്കുന്ന പാലമാകുമ്പോൾ കനോലികനാലിലൂടെ പോകുന്ന മറ്റു ബോട്ടുകൾക്കോ കപ്പലുകൾക്കോ പ്രശ്‍നവും വരില്ല.

അങ്ങാടിപ്പാലമെന്നും ഒന്നാം നമ്പർ പാലമെന്നും വിളിക്കുന്ന കനോലികനാലിന് മുകളിൽ നിലവിലുള്ള ഈ പാലം വളരെ ഇടുങ്ങിയതും പഴക്കമേറെ ചെന്നതുമാണ്. ഇത് പൊളിച്ചു ഉയരത്തിൽ പണിയുക എന്നത് ഇവിടുത്തെ സാഹചര്യമനുസരിച്ച് നിരവധി സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതാണ്. ആവശ്യത്തിന് പൊക്കാനും നീക്കാനും കഴിയുന്ന മൂവിങ് പാലമാകുമ്പോൾ ഈ പ്രതിസന്ധികളെ മറികടക്കാൻ പറ്റുമെന്നാണ് ഞങ്ങളുടെ വിശ്വാസം. എന്തായാലും ഞങ്ങളുടെ മനസിലുള്ള ആശയങ്ങൾ കൃത്യമായി സാറിന്റെ അടുത്ത് അവതരിപ്പിച്ചിട്ടുണ്ട്. കൂടിക്കാഴ്‌ചയും സാറിന്റെ സന്ദർശനവും പൊന്നാനിക്ക് ഗുണം ചെയ്യുമെന്ന് തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ” സലാം ഒളാട്ടയിൽ കൂട്ടിച്ചേർത്തു.

Moving Bridge Example
വിദേശ രാജ്യങ്ങളിലെ മൂവിങ് ബ്രിഡ്‌ജ്‌ മാതൃക

അങ്ങാടി പാലം സന്ദർശിച്ച ശ്രീധരൻസർ ഒരുപാട് സമയം ഇവിടെ ചെലവഴിച്ചു. എല്ലാം കാര്യങ്ങളും നേരിൽ കണ്ടും ചോദിച്ചും മനസിലാക്കി. വാഹനങ്ങൾ കടന്നു പോകുന്ന പാലത്തിന് സൈഡിലുള്ള നിലവിലെ നടപ്പാലം വാഹനങ്ങൾക്ക് കൂടി കടന്നു പോകാൻ കഴിയുന്ന രീതിയിൽ വീതി കൂട്ടേണ്ടി വരും. അതിന് വേണ്ട നടപടികൾ ആലോചിക്കാം എന്നദ്ദേഹം അറിയിച്ചിട്ടുണ്ട്. പാതിവഴിയിൽ നിലച്ച കനോലി കനാലിന്റെ പുനരുദ്ധാരണവും ഞങ്ങൾ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ ബന്ധപ്പെട്ട അധികാരികൾക് കത്തയക്കാമെന്നും അദ്ദേഹം പറഞ്ഞു. മാത്രവുമല്ല, അടുത്ത ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട രണ്ട് എഞ്ചിനിയർമാരെ ഇവിടേക്ക് അയക്കാമെന്നും വളരെ പെട്ടെന്നുതന്നെ ഇതിന് പരിഹാരം കാണാൻ കഴിയിമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്. സമീർ മലബാർ ന്യൂസിനോട് പറഞ്ഞു.

പൊന്നാനിയിൽ ഡയാന റെഡിമെയ്‌ഡ്‌സ് എന്നപേരിൽ വസ്‌ത്ര വ്യാപാരസ്‌ഥാപനം നടത്തുന്ന സ്വതന്ത്ര പൊതുപ്രവർത്തകനാണ് സമീർ ഡയാന. ഗ്രാഫിക് ഡിസൈനറും ആർട്ടിസ്‌റ്റുമാണ് സലാം ഒളാട്ടയിൽ. Tyndis Antique Store എന്ന പേരിൽ ഇവർ രണ്ടുപേരും ചേർന്ന് പൊന്നാനിയിൽ പുരാവസ്‌തുക്കളുടെ ഒരു പ്രദർശന-വിൽപ്പന കേന്ദ്രവും നടത്തുന്നുണ്ട്. സന്ദർശനം കഴിഞ്ഞു മടങ്ങുംവഴി ഈ ശ്രീധരൻ ഈ സ്‌ഥാപനത്തിലും കയറിയിരുന്നു.

Sameer Dayana and Salam Olattayil
സമീർ ഡയാന, സലാം ഒളാട്ടയിൽ

ഈ യുവാക്കളാണ് പൊന്നാനിയുടെ പ്രാദേശിക വിനോദസഞ്ചാര മേഖലക്ക് ഗുണകരമാകുന്ന ‘പൊന്നാനിയിൽ ഉലാത്താം’ എന്ന ആശയം മുന്നോട്ടു വച്ചതും. പൊന്നാനിയിലെ പ്രൗഢമായ ഭൂതകാലത്തേയും, തനിമയാർന്ന പാരമ്പര്യത്തേയും അടുക്കും ചിട്ടയോടെയും 500 മീറ്റർ മുതൽ ഒരു കിലോമീറ്റർ ചുറ്റളവിൽ പ്രതിഷ്‌ഠിച്ച് ഇവയെ അറിഞ്ഞും അനുഭവിച്ചും ആസ്വദിച്ചും ഇവക്കിടയിലൂടെ നടക്കുക എന്നതാണ് ‘പൊന്നാനിയിൽ ഉലാത്താം’ എന്ന ആശയത്തിന്റെ കാതൽ. ഇതിപ്പോൾ പൊന്നാനി നഗരസഭയുടെ പരിഗണനയിലാണ്.

Most Read: സ്‌ത്രീയേയും പുരുഷനേയും ഒരുമിച്ചൊരു മുറിയിൽ കണ്ടാൽ അനാശാസ്യമാവില്ല; തമിഴ്‌നാട് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE