‘പൊന്നാനിയിൽ ഉലാത്താം’; പ്രാദേശിക വിനോദസഞ്ചാര മേഖലയെ മാറ്റിമറിക്കുന്ന ആശയവുമായി യുവാക്കൾ  

By Desk Reporter, Malabar News
Salam Olattayil _ Sameer Dayana
സമീർ ഡയാന, സലാം ഒളാട്ടയിൽ
Ajwa Travels

മലപ്പുറം: കേരളത്തിന്റെ മെക്ക എന്നറിയപ്പെടുന്ന പൊന്നാനിയുടെ വിനോദസഞ്ചാര സാധ്യതകൾ വികസിപ്പിക്കുന്നതിന് അനുയോജ്യമായ ‘വേറിട്ട’ ആശയവുമായി രണ്ട് യുവാക്കൾ. സമീർ ഡയാന, സലാം ഒളാട്ടയിൽ എന്നിവരാണ് പൊന്നാനിയിൽ ഉലാത്താം അഥവാ Stroll @ Ponnani എന്ന ആശയത്തിന് തിരി കൊളുത്തിയിരിക്കുന്നത്. പൊന്നാനി മുനിസിപ്പൽ ചെയർമാൻ, വൈസ് ചെയർ പേഴ്‌സൺ, കൗൺസിലർ ടി മുഹമ്മദ് ബഷീർ എന്നിവർക്ക് ആശയത്തിന്റെ ‘കരട് രൂപം’ സമർപ്പിച്ച് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഈ യുവാക്കൾ.

പ്രൗഢമായ ഭൂതകാലത്തേയും, തനിമയാർന്ന പാരമ്പര്യത്തേയും അടുക്കും ചിട്ടയോടെയും 500 മീറ്റർ മുതൽ ഒരു കിലോമീറ്റർ ചുറ്റളവിൽ പ്രതിഷ്‌ഠിച്ച് ഇവയെ അറിഞ്ഞും അനുഭവിച്ചും ആസ്വദിച്ചും ഇവക്കിടയിലൂടെ നടക്കുക എന്നതാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

ആശയം മുന്നോട്ടു വെച്ചിരിക്കുന്ന രണ്ടുപേരും പുരാവസ്‌തുക്കളുടെ ഒരു സ്‌റ്റോർ ‘തിണ്ടിസ്’ എന്ന പേരിൽ പൊന്നാനിയിൽ നടത്തുന്നുണ്ട്. പഴയകാല വായ്‌പാട്ടുകാരെയും ഖവാലിയും ഗസലും അറിയുന്ന പഴയകാല ആളുകളെയും കണ്ടെത്തി തിണ്ടിസ് സ്‌റ്റോറിൽ കൊണ്ടുവന്ന് ‘ഓർമകളെ തിരികെ വിളിക്കുന്ന’ ചെറിയ പരിപാടികളും ഇവർ ഇടക്ക് നടത്താറുണ്ട്.

Tyndis Antique Store
‘തിണ്ടിസ്’ നടത്തിയ ഗസലിൽ പങ്കെടുക്കുന്ന ‘പീപ്പിൾസ് ക്ളബ്’ കലാകാരൻമാർ

സാധ്യതകളുടെ പൊന്നാനി

ഇന്ത്യയോളം പഴക്കമുള്ള മിത്തുകളും പുരാണങ്ങളും ചരിത്രവുമുറങ്ങുന്ന, കേരളത്തിലെ അതിപുരാതന തുറമുഖ നഗരമാണ് പൊന്നാനി. മതമൈത്രിക്കും സഹിഷ്‌ണുതക്കും സൽക്കാരത്തിനും പേരുകേട്ട, ഖവാലിയും ഗസലുംകൊണ്ട് സമ്പന്നമായ പൊന്നാനി. അറബ്- പേർഷ്യൻ നാടുകളുമായി ഏറ്റവും പഴക്കമേറിയ വ്യാപാരബന്ധങ്ങൾ ഉണ്ടായിരുന്ന പൊന്നാനി. പുഴയും കായലും തുറമുഖവും കൊണ്ട് അൽഭുതമാകുന്ന പൊന്നാനി.

തിരുമനശ്ശേരി രാജാക്കൻമാരുടെയും സാമൂതിരിയുടെയും കുഞ്ഞാലിമരക്കാരുടെയും ടിപ്പുവിന്റെയും അനുഭവങ്ങളുടെ പൊന്നാനി. അമ്മു സ്വാമിനാഥനും കെ കേളപ്പനും എവി കുട്ടിമാളു അമ്മയും വെളിയങ്കോട് ഉമർ ഖാസിയും ഉൾപ്പടെയുള്ള ധീര ദേശാഭിമാനികളുടെ ഓർമകളുറങ്ങുന്ന പൊന്നാനി. പ്രശസ്‌തമായ അഞ്ചരയണ സമരത്തിലൂടെ ഇന്ത്യയിലെ തൊഴിലാളി പ്രസ്‌ഥാനത്തിന് കരുത്ത് പകർന്ന പൊന്നാനി.

പ്രസിദ്ധമായ വലിയ ജുമുഅഃത് പള്ളി (മസ്‌ജിദ്‌) ഉൾപ്പടെ അനേകം പഴയകാല മുസ്‌ലിം പള്ളികൾകൊണ്ട് സമ്പന്നമായ പൊന്നാനി. 507ൽ പോർച്ചുഗീസ് നാവികനും പടയാളിയുമായ ഡി അൽമേഡ ചുട്ടെരിച്ച പൊന്നാനി. കേൾക്കാൻ രസമുള്ള, കൗതുകമുള്ള നിരവധി ചരിത്രവും വസ്‌തുതകളും ഇഴചേർന്ന് അൽഭുതമാകുന്ന പൊന്നാനിയുടെ വിനോദസഞ്ചാര സാധ്യതയെ ഉപയോഗപ്പെടുത്താനാണ് സമീറും സലാമും ശ്രമിക്കുന്നത്.

Stroll@Ponnani (Ponnaniyil Ulathaam)
ആശയത്തിന്റെ ‘കരട് രൂപം’ സമീർ ഡയാനയും സലാം ഒളാട്ടയിലും ചേർന്ന് പൊന്നാനി മുനിസിപ്പൽ ചെയർമാൻ, വൈസ് ചെയർ പേഴ്‌സൺ എന്നിവർക്ക് സമർപ്പിക്കുന്നു

പൊന്നാനിയിൽ ഉലാത്താം; ആശയം

ഫോർട്ട് കൊച്ചിയും ഗോവയും തലശ്ശേരിയും പോലെ വിനോദസഞ്ചാര മേഖലയിൽ ചെറുതല്ലാത്ത സാധ്യതകളുള്ള ചെറുപട്ടണമാണ് പൊന്നാനി. വിശേഷിച്ചും മലബാർ മേഖലയിൽ നിന്ന് കൊച്ചിയിലേക്ക് റോഡ് മാർഗം യാത്ര ചെയ്യുന്ന എല്ലാ വിനോദസഞ്ചാരികളെയും ആകർഷിക്കാനും ഉൾകൊള്ളാനും കഴിയുന്ന ചെറുപട്ടണമാണ് പൊന്നാനി. കൂടാതെ മലബാർ മേഖലയിൽ നിന്നുള്ള പ്രാദേശിക സമൂഹത്തെയും പൊന്നാനിയുടെ സാധ്യതകളിലേക്ക് ആകർഷിക്കാൻ കഴിയും. ഈ സാധ്യതകളെയെല്ലാം തിരിച്ചറിഞ്ഞ സമീർ ഡയാനയും സലാം ഒളാട്ടയിലും നഗരസഭക്ക് മുന്നിൽ സമർപ്പിച്ച കരട് ആശയത്തിന്റെ പേരാണ് ‘പൊന്നാനിയിൽ ഉലാത്താം’ അഥവാ Stroll @ Ponnani എന്നത്.

സമീർ ഡയാനയുടെ വാക്കുകൾ; പൊന്നാനിയുടെ പൈതൃകവും പാരമ്പര്യവും വിദേശ സ്വദേശ വിനോദ സഞ്ചാരികൾക്കും ഒപ്പം പുതിയ തലമുറയിലേക്കും പകർന്നു നൽകുന്നതിനും, പൊന്നാനിയുടെ പ്രൗഢമായ സവിശേഷതകൾ പുറം ലോകത്തെ അറിയിക്കുന്നതിനുമാണ് ‘പൊന്നാനിയിൽ ഉലാത്താം’ അഥവാ Stroll @ Ponnani എന്ന ആശയം.

കലാ സാംസ്‌കാരിക പാരമ്പര്യത്തേയും കുല തൊഴിലുകളേയും പരിചയപ്പെടുത്തി കൊണ്ടുള്ള ഒരു സായാഹ്‌നമാണ് ഞങ്ങൾ ആദ്യഘട്ടത്തിൽ ഉദ്ദേശിക്കുന്നത്. പ്രാദേശികമായ പഴയകാല കലാരൂപങ്ങളെ തനിമയോടെ പങ്കുവെക്കുന്നതിനും കുല തൊഴിലുകൾക്ക് വിപണന സാധ്യത കണ്ടെത്തുന്നതിനും ഉതകുന്ന തരത്തിലാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്; സമീർ മലബാർ ന്യൂസിനോട് വ്യക്‌തമാക്കി.

Ponnani Tourism
പൊന്നാനി അങ്ങാടി പാലം

പൊന്നാനിയെ അറിഞ്ഞുകൊണ്ടുള്ള നടത്തം എന്നതാണ് പദ്ധതിയുടെ മർമ്മം. ‘പൊന്നാനിയിൽ ഉലാത്താം’ എന്ന് പറയാം. മാസത്തിലെ അവസാന ഞായറാഴ്‌ചയാണ് ഉദ്ദേശിക്കുന്നത്. പൊന്നാനി അങ്ങാടി പാലം മുതൽ വലിയ ജുമഅത്ത് പള്ളി വരെയുള്ള പ്രദേശമാണ് ആദ്യഘട്ടത്തിൽ പദ്ധതിക്ക് മനസിൽ കാണുന്ന സ്‌ഥലം. വൈകുന്നേരം ആറ് മണിക്ക് തുടങ്ങി രാത്രി 10 മണിക്ക് അവസാനിക്കുന്ന തരത്തിലാണ് ഈ ‘ഉലാത്തൽ’ ആസൂത്രണം ചെയ്യുന്നത്; സമീർ തുടർന്നു.

പ്രാദേശികമായ കല, സംസ്‌കാരം, സംഗീതം, തൊഴിൽ, രുചി, ചരിത്രം എന്നിവ ഉൾകൊള്ളിച്ച് പൊന്നാനിയിലേക്ക് ആളുകളെ എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഖവാലി, ഗസൽ, മൗത്തള, പുള്ളുവൻപാട്ട്, ദഫ്‌മുട്ട്, കോൽക്കളി, വായ്‌പാട്ട്, തിറയാട്ടം എന്നിവയിൽ ഒന്നോ രണ്ടോ പരിപാടികൾ ഓരോ ഞായറാഴ്‌ചകളിലും അവതരിപ്പിക്കാം. ഉറി, കൊട്ട, മൺചട്ടി, കയർ പിരി, വല തുന്നൽ, ചാക്ക് തുന്നൽ തുടങ്ങീ പാരമ്പര്യ-കുല തൊഴിലുകളുടെ പ്രദർശനം ഒരുക്കാം. പൊന്നാനി പലഹാരങ്ങൾ തൽസമയം ഉണ്ടാക്കി നൽകുന്ന പൊന്നാനി ചായ്‌പ്പും (അടുക്കള) ഇവിടെ സജ്ജീകരിക്കാം.

കെട്ടിട ഉടമകളുടെ അനുവാദത്തോടെ ചുമരുകളിൽ പൊന്നാനിയുടെ പഴയതുറമുഖ നഗരത്തെ ഓർമ്മിപ്പിക്കുന്ന ചരിത്രവും പൈതൃകവും രേഖപ്പെടുത്തുന്ന തരത്തിൽ വരകൾ നടത്തി രൂപമാറ്റം വരുത്തണം. ഇതിന് പൊന്നാനിയിലെ ചിത്രകാരൻമാരുടെ സഹകരണം തേടാം. റോഡിന്റെ ഇരു വശങ്ങളിലും അലങ്കാര ദീപങ്ങൾ പ്രകാശിപ്പിച്ച് തെരുവിന് സൗന്ദര്യം കൂട്ടാം. ഇത്രയുമായാൽ തന്നെ വിദേശ സഞ്ചാരികൾക്കൊപ്പം കോളേജുകളിൽ നിന്നുള്ള വിദ്യാർഥികളും പ്രദേശിക സഞ്ചാരികളും ധാരാളം പൊന്നാനിയിലേക്കെത്തും.

തദ്ദേശ സ്‌ഥാപനത്തിന്റെ അനുമതിയില്ലാത്ത താൽക്കാലിക കച്ചവടങ്ങൾ മേൽ പറഞ്ഞ സമയത്ത് അനുവദിക്കരുത്. തദ്ദേശ സ്‌ഥാപനത്തിന്റെ കർശനമായ നിയന്ത്രണം പോലീസ് സഹായത്താൽ നടപ്പിലാക്കണം. തദ്ദേശ സ്‌ഥാപനം നിയന്ത്രിതമായ രീതിയിൽ മാത്രമേ ഈ സമയത്ത് ‘താൽക്കാലിക’ കച്ചവടക്കാരെ അനുവദിക്കാവൂ. അച്ചടക്കം, ശുചിത്വം ഉൾപ്പടെ പല കാര്യങ്ങളിലും ബോധവൽകരണവും പരിശീലനവും ലഭിച്ചവരെ മാത്രമേ അനുവദിക്കാവൂ; സമീർ തന്റെ നാടിന്റെ സാധ്യതകൾ വികസിപ്പിക്കാനുള്ള പ്രതീക്ഷകളും സ്വപ്‌നങ്ങളും പറഞ്ഞു നിറുത്തി.

Old Pandikasala Ponnani
നൂറ്റാണ്ടുകൾ പഴക്കമുള്ള പാണ്ടികശാല (വേരുകൾ ഇറങ്ങിയ കെട്ടിടമായി മാറിയിരിക്കുന്നു)

പ്രാദേശിക സ്വീകാര്യത

പൊന്നാനിയിൽ നിന്നുള്ള മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെവി നദീർ പറയുന്നു; കുത്തുവിളക്കുകളും വിളക്കുമാടങ്ങളും കൃത്രിമമായി ഒരുങ്ങുന്ന, തട്ടിൻപ്പുറത്തെ പാട്ടുകാർ കടത്തിണ്ണയിൽ സംഗീത വിരുന്നൊരുക്കുന്ന പൊന്നാനി എന്ത് മനോഹരമായിരിക്കും.

ഗസലും ഖവാലിയും നിറുത്താതെ ആലപിക്കുന്ന, മൗതളയും കോൽക്കളിയും ഒപ്പനയും തറവാടു വീടുകളിലെ കയ്യാലകളിൽ അരങ്ങു തകർക്കുന്ന, പുതിയ തലമുറക്ക് പഴയ പത്തേമാരി കഥകൾ പറഞ്ഞു കൊടുത്ത് ആവേശം വിതറുന്ന സ്രാങ്കുകളുള്ള പൊന്നാനി സഞ്ചാരികളെ മോഹിപ്പിക്കുക തന്നെ ചെയ്യും.

Tyndis Antique Store
പ്രാദേശിക സമൂഹത്തിൽ ഉണ്ടായിരുന്ന പഴയകാല ഉപകരണങ്ങൾ തിണ്ടിസിനകത്ത്

ശരിക്കും, മനോഹരമായ വിനോദ സഞ്ചാര ആശയമാണ് സമീറും സലാമും മുന്നോട്ടു വെച്ചിരിക്കുന്നത്. പൊന്നാനിയെ വിനോദ സഞ്ചാരികളുടെ ഇഷ്‍ട കേന്ദ്രമായി മാറ്റാൻ ഈ ആശയത്തിന് സാധിക്കുമെന്നാണ് ഞാൻ മനസിലാകുന്നത്; നദീർ തുടർന്നു.

KV NADEER_ Nadeer Ponnani
നദീർ പൊന്നാനി

ആശയം നടപ്പിലായാൽ; ചട്ടിയും കൊട്ടയും ഉറിയും രൂപപ്പെടുന്നത് തൽസമയം കാണാം. വാങ്ങിക്കുകയും ചെയ്യാം. സായിബിന്റെ പൊന്നാനി സർബത്ത് കുടിക്കാം, കാരക്ക അച്ചാർ രുചിക്കാം. മുട്ടപ്പത്തിരിയും ഇറച്ചിക്കറിയും കഴിക്കാം. രുചിയുടെ കടലേറ്റം തീർത്ത പൊന്നാനി ചായ്‌പ്പുകൾ തെരുവിൽ കെട്ടിയുണ്ടാക്കും. വിഭവങ്ങൾ നിരനിരയായി ഉണ്ടാകും. പുഴയും കനാലും കടലും കാണാം.

ഹാർബറിൽ പോയി മീൻ വാങ്ങാം. ‘വേരുകൾ’ കൊണ്ടുള്ള കെട്ടിടത്തിന് മുന്നിൽ ഫോട്ടോയെടുക്കാം. ഇടവഴികളിലൂടെ ചുറ്റി നടക്കാം. പഴമ തുളുമ്പുന്ന തറവാടു വീടുകൾ കണ്ടിറങ്ങാം. മുത്തായ വെടിയും, പാനൂസയും വാങ്ങാം. അങ്ങനെ കേട്ടറിഞ്ഞ പൊന്നാനിയെ കണ്ടറിയാം. തൊട്ടറിയാം. രുചിച്ചറിയാം. മാസത്തിലൊരിക്കൽ പൊന്നാനിയിലൂടെ ഉലാത്താനൊരു അവസരം; മനോഹരമായ ഈ ആശയം നടപ്പിലാക്കാൻ ആവശ്യമായ ഇടപെടലുകൾ നഗരസഭ നടത്തും എന്നാണ് എന്റെ പ്രതീക്ഷ; നദീർ പറഞ്ഞു.

നഗരസഭ ആശയത്തെ സമീപിക്കുന്നത്

പൊന്നാനി നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം പറയുന്നത്; ആശയം എനിക്ക് ലഭിച്ചിരുന്നു. വായിക്കുകയും ചെയ്‌തു. ആശയം നല്ലതാണ്. പ്രത്യേകിച്ചും പൊന്നാനിയിൽ തന്നെയുള്ള ചെറുപ്പക്കാർ കൊണ്ടുവന്ന ആശയമായത് കൊണ്ട് ഗൗരവപൂർവം പരിഗണിക്കുകയും ചെയ്യും. മാത്രവുമല്ല, പൗരാണിക തുറമുഖ നഗരമായ പൊന്നാനിയുടെ സാംസ്‌കാരികവും സാമൂഹികവുമായ പൈതൃകം സംരക്ഷിക്കാനും അടുത്ത തലമുറക്ക് കൈമാറാനും അതിനെ മുറുകെ പിടിക്കുന്നവർക്ക് ജീവിതമാർഗമാകാനും കഴിയുന്ന ഒരു പരിപാടി ആയിട്ടാണ് ഞാനിതിനെ കാണുന്നത്.

Sivadas Attupuram Ponnani Chairman
ശിവദാസ് ആറ്റുപുറം

വിനോദ സഞ്ചാര മേഖലയിൽ അതിന് സാധ്യതകളുമുണ്ട്. മാത്രവുമല്ല, വിവിധ മേഖലകളിലുള്ള പൈതൃക പിന്തുടർച്ചക്കാരെയും സാംസ്‌കാരിക രംഗത്ത് ഉള്ളവരുടെയുമൊക്കെ ഒരു വലിയ കൂട്ടായ്‌മക്കും ഈ പദ്ധതി സഹായിക്കും. വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് മുൻപ് നഗരസഭക്ക് മുന്നിൽ വന്നിട്ടുള്ള ആശയങ്ങളും കൂടി പഠിക്കണം.

സ്‌റ്റാൻഡിംഗ്‌ കമ്മിറ്റികളുടെ രൂപീകരണം പൂർത്തിയായിട്ടില്ല. അത് കഴിഞ്ഞാൽ മാത്രമേ വിശദമായി ഇത്തരം കാര്യങ്ങളിലേക്ക് പ്രവേശിക്കാൻ സാധിക്കു.

പിന്നെ, പ്രായോഗിക വശങ്ങൾ പഠിക്കേണ്ടതുണ്ട്. പ്രദേശത്തിന്റെ വിനോദസഞ്ചാര മേഖലയുടെ നിയന്ത്രണം പൂർണമായും നഗരസഭയുടെ കയ്യിൽ നിൽക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌കരിക്കുക. അത് സംബന്ധമായ കാര്യങ്ങളും പഠിക്കണം. സ്വകാര്യ വ്യക്‌തികളുടെ കെട്ടിടങ്ങളും വീടുകളും മറ്റും വരുന്ന പരിസരത്താണ് പദ്ധതി ആസൂത്രണം ചെയ്യേണ്ടത്. അതുമായി ബന്ധപ്പെട്ട കാര്യങ്ങളും പരിഗണിക്കണം. ഇത്തരമൊരു പദ്ധതി തുടങ്ങിയതിന് ശേഷം വഴിയിലിടാൻ പറ്റില്ല. അത്കൊണ്ട് തന്നെ എല്ലാ വശങ്ങളും ഗൗരവമായി കണക്കിലെടുത്ത്‌വേണം മുന്നോട്ടു പോകാൻ; നഗരസഭാധ്യക്ഷൻ വ്യക്‌തമാക്കി.

Most Read: വാക്‌സിൻ; കേരളത്തിന് മുഖ്യപരിഗണന; പ്രധാനമന്ത്രിയുടെ യോഗം നാളെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE