പരിസ്‌ഥിതി വിഷയങ്ങളിൽ ഹരിത ട്രിബ്യൂണലിന് സ്വമേധയാ കേസെടുക്കാം; സുപ്രീം കോടതി

By Staff Reporter, Malabar News
national-green-tribunal-case
Ajwa Travels

ന്യൂഡെൽഹി: പരിസ്‌ഥിതി വിഷയങ്ങളിൽ സ്വമേധയാ കേസെടുക്കാൻ ദേശീയ ഹരിത ട്രിബ്യൂണലിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി. ജസ്‌റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിന്റേതാണ് സുപ്രധാന ഉത്തരവ്. സ്വമേധയാ കേസെടുത്ത് ഉത്തരവിറക്കാൻ ദേശീയ ഹരിത ട്രിബ്യൂണലിന് അധികാരമില്ലെന്ന കേന്ദ്ര, സംസ്‌ഥാന സർക്കാരുകളുടെയും ക്വാറി ഉടമകളുടെയും വാദം തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

പ്രധാനമന്ത്രിയുടെ ഓഫിസിനയച്ച പരാതിയുടെ പകർപ്പിൽ സ്വമേധയാ എടുത്ത കേസിലാണ് ദേശിയ ഹരിത ട്രിബ്യൂണൽ കേരളത്തിലെ ക്വാറി ദൂര പരിധി 200 മീറ്ററായി വർധിപ്പിച്ചത്. ഇതിന് പിന്നാലെ സ്വമേധയാ കേസെടുത്ത് ഉത്തരവിറക്കാൻ ദേശിയ ഹരിത ട്രിബ്യൂണലിന് അധികാരമില്ലെന്ന് ആരോപിച്ച് ക്വാറി ഉടമകളും സംസ്‌ഥാന സർക്കാരും ഹൈക്കോടതിയെ സമീപിച്ചിരുന്നു.

എന്നാൽ സ്വമേധയാ കേസെടുക്കാൻ അധികാരമുണ്ടെങ്കിലും ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവ് പുതിയ ക്വാറികൾക്ക് മാത്രമേ ബാധകമാവൂയെന്ന് കേരള ഹൈക്കോടതി വിധിച്ചിരുന്നു. പഴയ ക്വാറികൾക്ക് ഉത്തരവ് ബാധകമല്ലെന്നും ഹൈക്കോടതി വ്യക്‌തമാക്കി. ഇതിന് എതിരായ ഹരജികൾ പരിഗണിച്ചു കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. സ്വമേധയാ കേസെടുത്ത് ഉത്തരവിറക്കാൻ ഉള്ള അധികാരം ട്രിബ്യൂണലിന് ഇല്ലെന്ന് അമിക്കസ് ക്യൂറി ആനന്ദ് ഗ്രോവറും സുപ്രീം കോടതിയിൽ വാദിച്ചു.

ഹരിത ട്രിബ്യൂണൽ നിയമം നിലവിൽ വരുന്നതിന് മുൻപ് നിലവിലുണ്ടായിരുന്ന പരിസ്‌ഥിതി ട്രിബ്യൂണൽ നിയമത്തിൽ സ്വമേധയാ കേസെടുക്കാനുള്ള അധികാരം ഉണ്ടായിരുന്നു. എന്നാൽ, എൻജിടി നിയമത്തിൽ ഈ അധികാരം ഒഴിവാക്കിയിരുന്നെന്നും ആനന്ദ് ഗ്രോവർ ചൂണ്ടിക്കാട്ടി. സംസ്‌ഥാന സർക്കാരും സമാന നിലപാടാണ് വിഷയത്തിൽ സ്വീകരിച്ചിരുന്നത്. പുതിയ വിധിയുടെ അടിസ്‌ഥാനത്തിൽ കേരളത്തിലെ ക്വാറി ദൂരപരിധി ഉയർത്തിയതിന് എതിരായ ഹരജികൾ കോടതി പരിഗണിക്കും.

Read Also: ജമ്മു കശ്‌മീരിൽ ഭീകരാക്രമണം; സ്‌കൂൾ പ്രിൻസിപ്പാളും അധ്യാപകനും കൊല്ലപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE