ന്യൂഡെൽഹി: കർഷകരുടെ പ്രശ്‌നങ്ങൾ രാഷ്‌ട്രീയവുമായി കൂട്ടിക്കുഴക്കരുതെന്ന് വൈസ് പ്രസിഡണ്ട് എം വെങ്കയ്യ നായിഡു. ഇങ്ങനെ കൂട്ടിക്കുഴച്ചാൽ അത് രാജ്യത്ത് ഭിന്നതയുണ്ടാക്കും. പറയേണ്ട ഇടത്ത് മാത്രമേ രാഷ്‌ട്രീയം പറയാവൂ എന്നും അദ്ദേഹം പറഞ്ഞു. കർഷക നേതാവ് സർ ഛോട്ടു റാമിന്റെ പുസ്‌തകം പ്രകാശനം ചെയ്യുന്നതിനിടെ ഗുഡ്‌ഗാവിൽ വച്ചാണ് അദ്ദേഹം നിലപാട് വ്യക്‌തമാക്കിയത്.
“എല്ലാ സർക്കാരും കർഷകർക്ക് മുൻഗണന നൽകണം. വിളകൾക്ക് ലാഭകരമായ വില നൽകണം. സർക്കാരും കർഷകരും തമ്മിൽ സംഭാഷണം നടക്കണം. പക്ഷേ, കർഷകരുടെ പ്രശ്‌നങ്ങൾ രാഷ്‌ട്രീയവുമായി ബന്ധിപ്പിക്കരുത്. വോട്ടുമായി അത് ബന്ധിപ്പിച്ചാൽ ഭിന്നതയുണ്ടാവും. പറയേണ്ട ഇടത്ത് മാത്രമേ രാഷ്‌ട്രീയം പറയാവൂ,”- അദ്ദേഹം പറയുന്നു.
അതേസമയം, കർഷക പ്രക്ഷോഭം കാരണം ഡെൽഹി അതിർത്തിയിൽ ഗതാഗത കുരുക്ക് രൂപപ്പെടുന്നെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാൽപര്യ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഉത്തർപ്രദേശ് നോയിഡ സ്വദേശിനി മോണിക്ക അഗർവാളാണ് പൊതുതാൽപര്യ ഹരജി നൽകിയത്. ജസ്‌റ്റിസ് എസ്‌കെ കൗൾ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. കർഷക സമരത്തിന്റെ പേരിൽ ഗതാഗതം തടസപ്പെടരുതെന്നാണ് കോടതി നിലപാട്.
ഗതാഗത പ്രശ്‌നത്തിന് കേന്ദ്രസർക്കാരും, ഉത്തർപ്രദേശ്-ഹരിയാന സർക്കാരുകളും പരിഹാരമുണ്ടാക്കണമെന്ന് കോടതി കഴിഞ്ഞതവണ നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തിൽ ഹരിയാന സർക്കാർ കഴിഞ്ഞ ദിവസം യോഗം വിളിച്ചെങ്കിലും കർഷക സംഘടനകൾ പങ്കെടുത്തിരുന്നില്ല. റോഡിന്റെ ഒരു വശം തുറന്നുകൊടുത്തിട്ടുണ്ട് എന്നും ഡെൽഹിയിലെയും ഹരിയാനയിലെയും പോലീസാണ് റോഡുകൾ അടച്ചിട്ടിരിക്കുന്നത് എന്നുമാണ് കർഷകർ പറഞ്ഞത്.
Most Read: ഇന്ത്യയുടെ വാക്‌സിനുകൾ അംഗീകരിക്കാതെ ബ്രിട്ടൺ; രണ്ട് ഡോസ് എടുത്തവർക്കും ക്വാറന്റെയ്ൻ