മലപ്പുറം: എംഎസ്എഫ് സംസ്‌ഥാന നേതാക്കളുടെ സ്‌ത്രീ വിരുദ്ധ പ്രസ്‌താവനയിൽ വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കുമെന്ന് ‘ഹരിത’ ആരോടും പറഞ്ഞിട്ടില്ലെന്ന് ഹരിത മുന്‍ സംസ്‌ഥാന നേതാവ് ഹഫ്‌സ മോള്‍. ഹരിതയിലെ പെണ്‍കുട്ടികളെ മുസ്‌ലിം ലീഗ് നേതൃത്വം പല തവണ ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ടെന്നത് ശരിയാണ്. അതിലെല്ലാം ഹരിതക്ക് അനുകൂലമായി നിലപാടെടുക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് പുറത്തു വന്നതെല്ലാം അംഗീകരിക്കാനാവാത്ത തീരുമാനങ്ങളാണെന്നും ഹഫ്‌സ സ്വകാര്യ ചാനലിന്റെ ചർച്ചയിൽ പറഞ്ഞു.
ആരോപണ വിധേയരായ പികെ നവാസ് അടക്കമുള്ള ആളുകള്‍ ഖേദപ്രകടനം നടത്തുമെന്നും ഹരിത നേതാക്കള്‍ പരാതി പിന്‍വലിക്കുമെന്ന് സമ്മതം പറഞ്ഞെന്നുമാണ് ലീഗ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ അങ്ങനെയൊരു അനുമതി ഹരിതയുടെ സംസ്‌ഥാന കമ്മിറ്റി മുസ്‌ലിം ലീഗിന് കൊടുത്തിട്ടില്ലെന്നു ഹഫ്‌സ പറഞ്ഞു. എംഎസ്എഫ് സംസ്‌ഥാന പ്രസിഡണ്ടായി പികെ നവാസ് സ്‌ഥാനം ഏറ്റെടുത്തതിന് ശേഷമാണ് ഹരിതയും എംഎസ്എഫും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്ത് തുടങ്ങിയതെന്നും ഹഫ്‌സ പറയുന്നു.
“2017 മുതലാണ് ഹരിതയും എംഎസ്എഫും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്ത് തുടങ്ങിയത്. അതിന് മുമ്പുള്ള സംസ്‌ഥാന കമ്മിറ്റി പ്രസിഡണ്ടുമാരായോ, ജനറല്‍ സെക്രട്ടറിമാരായോ മറ്റു ഭാരവാഹികളുമായോ യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. അന്നത്തെ നേതാക്കള്‍ എല്ലാം തന്നെ ഹരിതയെ മുന്നോട്ടു കൊണ്ടുവരണം എന്നാഗ്രഹിച്ച് പ്രവര്‍ത്തിച്ചവരായിരുന്നു. എന്നാല്‍ 2017 മുതലുള്ള കാലം ഹരിതക്ക് ഏറെ നിര്‍ണായകമായിരുന്നു. ഞാൻ വൈസ് പ്രസിഡണ്ടായിരിക്കുന്ന ഈ സമയത്താണ് എംഎസ്എഫും ഹരിതയും തമ്മിലുള്ള അസ്വാരസ്യം അതിന്റെ അങ്ങേതലത്തില്‍ എത്തിയത്. അത് തന്നെയാണ് ഇപ്പോള്‍ എല്ലാവരും കാണുന്നതും ചര്‍ച്ച ചെയ്‌തുകൊണ്ടിരിക്കുന്നതും,”- ഹഫ്‌സ വിശദീകരിച്ചു.
വിഷയത്തിൽ പ്രതികരണവുമായി ഹരിത സംസ്‌ഥാന അധ്യക്ഷ മുഫീദ തെസ്‌നിയും രംഗത്ത് വന്നിരുന്നു. അപമാനിക്കുന്നവരോട് സന്ധിയില്ലെന്നും, സ്‌ത്രീത്വത്തെയും മനുഷ്യത്വത്തെയും അപമാനിച്ചവര്‍ക്കെതിരെ പോരാട്ടം തുടരുമെന്നും മുഫീദ തെസ്‌നി ഒരു ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ വ്യക്‌തമാക്കി. പ്രതികരിച്ചത് ആത്‌മാഭിമാനത്തിനു പോറലേറ്റപ്പോഴാണ്. വനിതാ കമ്മീഷനെ സമീപിച്ചതു ഭരണഘടനാപരമായ അവകാശമെന്നും തെസ്‌നി പറഞ്ഞു.
Most Read: കരിപ്പൂര്‍ വിമാനാപകടം; അന്വേഷണ റിപ്പോര്‍ട് സമര്‍പ്പിച്ചു