കോഴിക്കോട്: എൻജിഒ യൂണിയനെതിരെ സിപിഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിൽ രംഗത്ത്. കോഴിക്കോട് റവന്യൂ വകുപ്പിലെ പത്ത് പേരുടെ സ്‌ഥലം മാറ്റം റദ്ദ് ചെയ്‌തെന്ന എൻജിഒ യൂണിയൻ പ്രചാരണം ജീവനക്കാരെയും പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിയാണെന്ന് ജോയിന്റ് കൗൺസിൽ ആരോപിച്ചു. അഞ്ചുപേരുടെ സ്‌ഥലം മാറ്റം മാത്രമാണ് ജില്ലാ കളക്‌ടർ റദ്ദ് ചെയ്‌തതെന്നാണ് ജോയിന്റ് കൗൺസിലിന്റെ വാദം. ഇത് ഉത്തരവിൽ വ്യക്‌തമായി സൂചിപ്പിച്ചിട്ടുണ്ടെന്ന് കൗൺസിൽ നേതാക്കൾ പറഞ്ഞു.
എൻജിഒയുടെ പതിനൊന്ന് ദിവസം നീണ്ട സമരമാണ് കോഴിക്കോട് ജില്ലാ കളക്‌ടറുടെ ഇടപെടലിനെ തുടർന്ന് ഇന്ന് രാവിലെ അവസാനിച്ചത്. ഇന്ന് രാവിലെ നടത്തിയ മൂന്നാംവട്ട ചർച്ചയിൽ സ്‌ഥലം മാറ്റിയ 16 വില്ലേജ് ഓഫിസർമാരിൽ പത്ത് പേരെ തിരിച്ചുവിളിക്കുമെന്ന് കളക്‌ടർ ഉറപ്പു നൽകിയതിനെ തുടർന്നാണ് യൂണിയൻ സമരം പിൻവലിച്ചത്. ബാക്കിയുള്ളവരുടേത് പിന്നീട് പരിഗണിക്കുമെന്നും മൂന്ന് വർഷം തികയാത്തവരെ സ്‌ഥലം മാറ്റില്ലെന്നും കളക്‌ടർ ചർച്ചയിൽ ഉറപ്പ് നൽകി.
എന്നാൽ, അഞ്ചുപേരുടെ സ്‌ഥലം മാറ്റം മാത്രമാണ് കളക്‌ടർ റദ്ദാക്കിയതെന്നും, ഇത്രയും ദിവസം കളക്‌ട്രേറ്റിനെ സ്‌തംഭിപ്പിച്ച് സമരം നടത്തി ജനങ്ങളെ വലച്ച എൻജിഒ യൂണിയൻ മാപ്പ് പറയണമെന്നും ജോയിന്റ് കൗൺസിൽ ആവശ്യപ്പെട്ടു. അതേസമയം, ഇന്നലെ നടത്തിയ ചർച്ചയിൽ ഉത്തരവ് റദ്ദാക്കില്ലെന്ന് ഉറച്ച നിലപാടെടുത്ത കളക്‌ടർ മന്ത്രിതല ഇടപെടലിനെ തുടർന്നാണ് ഇന്ന് നിലപാട് മാറ്റിയതെന്നും ആരോപണം ഉയരുന്നുണ്ട്.
Most Read: തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പ്; ബിജെപി സ്‌ഥാനാർഥിക്ക് ലഭിച്ചത് സ്വന്തം വോട്ട് മാത്രം