ചെന്നൈ: തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പിൽ മൽസരിച്ച ബിജെപി സ്‌ഥാനാർഥിക്ക് സ്വന്തം പാർട്ടി പ്രവർത്തകരുടെ പോലും പിന്തുണ കിട്ടിയില്ല. ആകെ ഒരു വോട്ട് മാത്രമാണ് ഈറോഡ് ജില്ലയിലെ ഭവാനിസാഗര്‍ ടൗണ്‍ പഞ്ചായത്ത് 11ആം വാര്‍ഡില്‍ മൽസരിച്ച ബിജെപി സ്‌ഥാനാർഥി നരേന്ദ്രന് കിട്ടിയത്, അതും സ്വന്തം വോട്ട്.
ആരും തനിക്ക് വോട്ട് ചെയ്‌തില്ലെന്നും എല്ലാവരും തന്നെ പറ്റിക്കുകയായിരുന്നു എന്നും ഫലം പുറത്തുവന്നതിന് ശേഷം നരേന്ദ്രന്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. “ഞാന്‍ ചെയ്‌ത ഒരുവോട്ട് മാത്രമാണ് എനിക്ക് ലഭിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകരോ സുഹൃത്തുക്കളോ എന്തിന് കുടുംബാംഗങ്ങള്‍ പോലും എനിക്ക് വോട്ട് ചെയ്‌തില്ല. എല്ലാവരും എന്നെ വാഗ്‌ദാനം നല്‍കി പറ്റിക്കുകയായിരുന്നു,”- ഫലപ്രഖ്യാപനത്തിന് ശേഷം നരേന്ദ്രന്‍ പറഞ്ഞു.
തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച 1788 ടൗണ്‍ പഞ്ചായത്ത് വാര്‍ഡുകളില്‍ 26 സീറ്റില്‍ മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്. സീറ്റ് ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഒറ്റക്കാണ് ബിജെപി മൽസരിച്ചത്. ഫലം പ്രഖ്യാപിച്ച 100 മുനിസിപ്പാലിറ്റികളിലെ 344 കൗണ്‍സിലര്‍മാരില്‍ 253 ഡിഎംകെ സ്‌ഥാനാർഥികളാണ് ജയിച്ചത്. എഐഎഡിഎംകെ 71 സീറ്റുകളിലും ഒറ്റക്ക് മൽസരിച്ച ഡിഎംഡികെ മൂന്ന് സീറ്റിലും വിജയിച്ചു.
വോട്ടണ്ണല്‍ അവസാനിച്ച 1788 ടൗണ്‍ പഞ്ചായത്ത് വാര്‍ഡുകളില്‍ 1236 സീറ്റുകളിലും ഡിഎംകെ വിജയിച്ചു. നിലവില്‍ എതിരാളികളില്ലാതെയാണ് ഡിഎംകെയുടെ കുതിപ്പ്. 334 സീറ്റില്‍ എഐഎഡിഎംകെയും 26 സീറ്റില്‍ ബിജെപിയും 5 സീറ്റില്‍ ഡിഎംഡികെയും ജയിച്ചു. സംസ്‌ഥാനത്തെ 21 കോര്‍പ്പറേഷനിലേക്കും 138 മുനിസിപ്പാലിറ്റിയിലേക്കും 489 ടൗണ്‍ പഞ്ചായത്തിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. 10 വര്‍ഷത്തിന് ശേഷമാണ് തമിഴ്‌നാട്ടില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടന്നത്.
Most Read: റഷ്യയുമായുള്ള ബന്ധം വിച്ഛേദിക്കുന്ന കാര്യം പരിഗണിക്കും; യുക്രൈൻ പ്രസിഡണ്ട്