സംസ്‌ഥാനത്തെ സ്‌ഥിതി ഗുരുതരം; രക്ഷാപ്രവർത്തനം ശക്‌തമാക്കാൻ തീരുമാനം

By News Desk, Malabar News
Chief Minister
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഗൗരവതരമായ അവസ്‌ഥയാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയം ജില്ലയടക്കം മഴക്കെടുതി രൂക്ഷമായ മേഖലകളിൽ കുടുങ്ങിപ്പോയവരെ രക്ഷിക്കാൻ സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കും. തീരദേശ മേഖലകളിൽ ഇടക്കിടെ മുന്നറിയിപ്പ് നൽകണം. ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

അതിതീവ്ര മഴ തുടരുന്ന എല്ലാ മേഖലകളിലും രക്ഷാപ്രവർത്തനം ശക്‌തമാക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. ഇതിനായി സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും രംഗത്തിറങ്ങും. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം സാധ്യതയുള്ള സ്‌ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ഉടൻ തന്നെ നടപടിയെടുക്കണമെന്നും യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശിച്ചു.

ദേശീയ ദുരന്ത പ്രതികരണ സേന നിലവിൽ നല്ല സഹായങ്ങൾ നൽകി വരുന്നുണ്ട്. ആവശ്യമുള്ളവർ അവരെ ബന്ധപ്പെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആർമി, നേവി, എയർ ഫോഴ്‌സ്‌ എന്നീ സേനാവിഭാഗങ്ങൾ ദുരന്തഘട്ടങ്ങളിൽ സംസ്‌ഥാനത്തെ നല്ല നിലക്ക് സഹായിച്ചവരാണ്. അവരെയൊക്കെ ഏകോപിതമായി ഉപയോഗിക്കാനാകണം.

ദുരിതാശ്വാസ ക്യാംപുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വേണം പ്രവർത്തിക്കേണ്ടത്. ഇക്കാര്യത്തിൽ പ്രത്യേക ജാഗ്രത പുലർത്തണം. ക്യാംപുകളുടെ എണ്ണം വർധിപ്പിക്കാവുന്നതാണ്. മാസ്‌ക്, സാനിറ്റൈസർ എന്നിവ ക്യാംപുകളിൽ ഉറപ്പുവരുത്തണം. ശൗചാലയങ്ങൾ വൃത്തിയാക്കാൻ പ്രത്യേക സംവിധാനം ഒരുക്കണം. ആവശ്യത്തിന് ശുദ്ധജലം ലഭ്യമാക്കണം. ആരോഗ്യ പ്രവർത്തകരുടെ ശ്രദ്ധ ക്യാംപുകളിൽ ഉണ്ടായിരിക്കണം. ആവശ്യത്തിന് മരുന്നുകൾ ലഭ്യമാക്കണം. വാക്‌സിൻ എടുക്കാത്തവരുടെയും അനുബന്ധ രോഗികളുടെയും കാര്യത്തിൽ പ്രത്യേക ജാഗ്രത പുലർത്തണം.

രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ബോട്ടുകൾ, വള്ളങ്ങൾ എന്നിവ ഒരുക്കണം. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ തങ്ങൾക്ക് ലഭ്യമായ വള്ളങ്ങളുടെയും ബോട്ടുകളുടെയും ലിസ്‌റ്റ്‌ തയ്യാറാക്കണം. ആവശ്യം വരുമ്പോൾ പെട്ടെന്ന് ഇവ ഉപയോഗിക്കാനാവണം. എസ്‌ഡിആർഎഫ് ഫണ്ട് വിനിയോഗത്തിന് ആവശ്യമായ നടപടികൾ ജില്ലകൾ കൈക്കൊള്ളണം.

ഡാമുകളുടെ ജലനിരപ്പ് നിരീക്ഷണം ശക്‌തമാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. മാറിപ്പോകാനുള്ളവർക്ക് മുന്നറിയിപ്പ് നൽകണം. പെട്ടെന്ന് മാറിപ്പോകാൻ പറയുന്ന സാഹചര്യം ഉണ്ടാകരുത്. മുൻകൂട്ടി അറിയിക്കുകയാണ് പ്രധാനം. ഇക്കാര്യത്തിൽ ജില്ലാ കളക്‌ടർമാർ, വൈദ്യുതി വകുപ്പ്, ജലവിഭവ വകുപ്പ് എന്നിവർ യോജിച്ച് നീങ്ങണം. വൈദ്യുതി വിതരണത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

Also Read: ഇടുക്കി കൊക്കയാറിൽ ഉരുൾപൊട്ടൽ; ആറു പേര്‍ മണ്ണിനടിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE