ന്യൂഡെൽഹി: ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ ഉഷ്‌ണതരംഗം കൂടുതല്‍ ശക്‌തമാകാന്‍ സാധ്യത. അടുത്ത 10 ദിവസം ചൂട് കടുക്കുമെന്നാണ് സൂചന. താപനില 42 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനുള്ള സാധ്യതയുണ്ട്. ഉഷ്‌ണതംരംഗം കടുത്ത സാഹചര്യത്തിൽ ഡെൽഹിയില്‍ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലർട് പ്രഖ്യാപിച്ചു.
ഡെൽഹി, ജമ്മു-കശ്‌മീർ, ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്‌ഥാൻ എന്നീ സംസ്‌ഥാനങ്ങളിലും കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഏപ്രില്‍ 8 ആകുമ്പോഴേക്കും താപനില 42 ഡിഗ്രി വരെ ഉയരുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ഉത്തരേന്ത്യയില്‍ പല സംസ്‌ഥാനങ്ങളിലും താപനില 40 ഡിഗ്രി കടന്നിട്ടുണ്ട്. 122 വര്‍ഷത്തിനിടെ ആദ്യമായാണ് ഈ വിധത്തില്‍ ഉത്തരേന്ത്യയില്‍ ചൂട് ഉയരുന്നത്.
പടിഞ്ഞാറന്‍ രാജസ്‌ഥാനിലെ മിക്ക ഭാഗങ്ങളിലും ഹിമാചല്‍ പ്രദേശിലെയും ഡെൽഹിയിലെയും ഒറ്റപ്പെട്ട ഇടങ്ങളിലും ഉഷ്‌ണതരംഗം ശക്‌തമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജസ്‌ഥാനിലെ ബാര്‍മറിലാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്; 43.6 ഡിഗ്രി സെല്‍ഷ്യസ്.
അടുത്ത അഞ്ച് ദിവസത്തേക്ക് രാജസ്‌ഥാൻ, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ചൂട് ഉയരും. അതേസമയം കേരളം ഉൾപ്പടെയുള്ള പല ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളിലും ശക്‌തമായ മഴ ലഭിക്കുന്നുണ്ട്.
Most Read: സ്‌റ്റെയറിനടിയിൽ വളർത്തുനായക്ക് കിടുക്കാച്ചി വീട്; വീഡിയോ വൈറൽ