കോഴിക്കോട്: താമരശേരി ജിവിഎച്ച്‌എസ്‌എസിലെ വിദ്യാർഥിനിയായ തീർത്ഥക്ക് ഇത് അഭിമാന നിമിഷം. പരിസ്‌ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രിക്കൊപ്പം പങ്കെടുക്കാൻ അർഹത നേടിയിരിക്കുകയാണ് മലയാളി വിദ്യാർഥിനിയായ തീർത്ഥ. ഇന്റർ സ്‌കൂൾ പെയിന്റിങ് മൽസരത്തിൽ ഒന്നാം സ്‌ഥാനം നേടിയാണ് തീർത്ഥ അഭിമാന നേട്ടം കൈവരിച്ചത്.
പ്രകൃതി, ചരിത്രം, പരിസ്‌ഥിതി, വനം, കാലാവസ്‌ഥാ വ്യതിയാന മന്ത്രാലയം, നാഷണൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്‌റ്ററി എന്നിവ സംയുക്‌തമായി യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച ഇന്റർ സ്‌കൂൾ പെയിന്റിങ് മൽസരത്തിലാണ് തീർത്ഥ ഒന്നാം സ്‌ഥാനം നേടിയത്.
പ്ളാസ്‌റ്റിക്കിൽ നിന്ന് നമ്മുടെ സമുദ്രങ്ങളെ സംരക്ഷിക്കുക, ഫ്രെജൈൽ മറൈൻ ബയോഡൈവേർസിറ്റി, ആരോഗ്യകരമായ സമ്പദ്‌വ്യവസ്‌ഥക്കുള്ള ആരോഗ്യകരമായ സമുദ്രം എന്നീ വിഷയത്തിൽ എട്ടു മുതൽ 12 വരെ ക്‌ളാസുകളിലെ വിദ്യാർഥികൾക്കായി നടന്ന ചിത്രരചനാ മൽസരങ്ങളിലാണ് തീർത്ഥ ഒന്നാം സ്‌ഥാനം നേടിയത്.
സമുദ്ര ദിനമായ ജൂൺ നാലിന് ന്യൂഡെൽഹിയിൽ കേന്ദ്രമന്തി ഭൂപേന്ദർ യാദവും കേന്ദ്രസഹമന്ത്രി അശ്വിനി കുമാർ ചൗബെയും പങ്കെടുക്കുന്ന ചടങ്ങിൽ തീർത്ഥയ്‌ക്ക് സമ്മാനദാനം നടക്കും. പിന്നാലെ, ജൂൺ അഞ്ചിന് ഡെൽഹിയിൽ നടക്കുന്ന ലോക പരിസ്‌ഥിതി ദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം പങ്കെടുക്കാൻ തീർത്ഥയ്‌ക്ക് അവസരം ലഭിച്ചിട്ടുണ്ട്.
ഉജ്വല ബാല്യം പുരസ്‌കാര ജേതാവായ തീർത്ഥ, സംസ്‌ഥാന കലോൽസവത്തിൽ ഭരതനാട്യത്തിലും എ ഗ്രേഡ് നേടിയിരുന്നു. ചെറുപ്പം മുതൽ തീർത്ഥ ചിത്രരചനയും നൃത്തവും അഭ്യസിക്കുന്നുണ്ട്. നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. താമരശേരി വെഴുപ്പൂർ ശങ്കരമ്പാത്ത് സായിലക്ഷ്‌മിയിൽ പിഎസ്‌സി ട്രെയിനർ പി വിജേഷിന്റെയും താമരശേരി ചവറ ഇഎം സ്‌കൂളിലെ അധ്യാപിക എം ഷബ്‌നയുടെയും മകളാണ് തീർത്ഥ. എസ് പുണ്യ സഹോദരിയാണ്.
Most Read: ആറാട്ടിന് ശേഷം ഹിപ്പോ പ്രൈം മീഡിയയുടെ പുതുമുഖ ചിത്രം ഒരുങ്ങുന്നു