വയനാട്: മാനദണ്ഡങ്ങൾ ലംഘിച്ച് തരിയോട് പഞ്ചായത്തിൽ റിസോർട്ടുകൾ നിർമിച്ചതായി റിപ്പോർട്. തരിയോട് ഗ്രാമപഞ്ചായത്തിലെ കെൻസ പ്രോജക്‌ടിന്റെ കെട്ടിട നിർമാണത്തിൽ ഗുരുതരമായ നിയമലംഘനം നടന്നതായാണ് ജില്ലാ ടൗൺ പ്ളാനറുടെ റിപ്പോർട്ടിൽ പറയുന്നത്. കളക്‌ടറുടെ നിർദ്ദേശ പ്രകാരമാണ് ടൗൺ പ്ളാനർ കെട്ടിടങ്ങൾ പരിശോധിച്ച് റിപ്പോർട് നൽകിയത്. ദുരന്ത നിവാരണ നിയമപ്രകാരമുള്ള മാനദണ്ഡങ്ങൾ പൂർണമായും ലംഘിച്ചാണ് പഞ്ചായത്തിലെ പ്രധാന രണ്ട് കെട്ടിടങ്ങൾ നിർമിച്ചതെന്നാണ് കണ്ടെത്തൽ.
മാനദണ്ഡങ്ങൾ അനുസരിച്ച് തരിയോട് പഞ്ചായത്തിൽ പുതിയതായി നിർമിക്കുന്ന കെട്ടിടങ്ങളുടെ പരമാവധി ഉയരം പത്ത് മീറ്ററാണ്. മൂന്ന് നിലയിൽ അധികമുള്ള കെട്ടിടങ്ങൾ നിർമിക്കാനും അനുമതിയില്ല. എന്നാൾ, കെൻസ വെൽനസ് പദ്ധതിയുടെ ഭാഗമായി നിർമിച്ച പ്രധാന കെട്ടിടത്തിന്റെ ഉയരം 15 മീറ്ററാണ്. കെട്ടിടത്തിന് അഞ്ച് നിലകൾ ഉണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി. റോഡിനോട് ചേർന്ന് നിർമിച്ച മറ്റൊരു കെട്ടിടത്തിൽ നാല് നിലകളും 10.3 മീറ്റർ ഉയരമുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഈ കെട്ടിടം നിർമിക്കാൻ പഞ്ചായത്ത് അനുമതി നൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു
പദ്ധതിയുടെ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി പശ്‌ചിമഘട്ട സംരക്ഷണ സമിതി നൽകിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ കേസിൽ മറുപടി നൽകാനാണ് ദുരന്ത നിവാര അതോറിറ്റി ചെയർമാൻ കൂടിയായ കളക്‌ടർ കെട്ടിടങ്ങൾ പരിശോധിച്ച് റിപ്പോർട് നൽകാൻ ആവശ്യപ്പെട്ടത്. മാഞ്ഞൂറയിലെ ബാണാസുര റിസർവോയറിനോട് ചേർന്നാണ് കെൻസ പദ്ധതിയുടെ നിർമാണം നടക്കുന്നത്. പ്രവാസികളിൽ നിന്ന് കോടികളുടെ നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചതിന്റെ പേരിലും കെൻസക്കെതിരെ കേസുകൾ നിലവിലുണ്ട്.
Most Read: ഒറ്റ ഡോസ് മാത്രം മതി, 70 ശതമാനം ഫലപ്രാപ്‌തി; സ്‌പുട്നിക് ലൈറ്റ് വാക്‌സിൻ