തൃശൂർ: ബിജെപി സംസ്‌ഥാന വൈസ് പ്രസിഡണ്ട് ശോഭാ സുരേന്ദ്രനെതിരായ തെളിവ് പുറത്തുവിട്ട് പാർട്ടിയുടെ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശൻ. ശോഭാ സുരേന്ദ്രൻ തന്റെ വീട്ടിലെത്തിയതിന്റെ തെളിവായ ചിത്രമാണ് സതീശൻ പുറത്തുവിട്ടിരിക്കുന്നത്. സതീശന്റെ വീട്ടിൽ പോയിട്ടില്ലെന്ന് ശോഭാ സുരേന്ദ്രൻ ഇന്നലെ പറഞ്ഞിരുന്നു.
എന്നാൽ, ശോഭ വീട്ടിൽ വന്നിരുന്നു എന്ന് തെളിയുക്കുന്നതിനാണ് ചിത്രം പുറത്തുവിട്ടത്. തിരൂർ സതീശന്റെ ഭാര്യയ്‌ക്കും മകനും ഒപ്പം ശോഭ നിൽക്കുന്നതാണ് ചിത്രം. എന്നാൽ, സതീശനെ തള്ളി ശോഭ രംഗത്തെത്തി. തന്റെ സഹോദരിയുടെ വീട്ടിൽ വെച്ചാണ് ചിത്രം എടുത്തതെന്നും അസുഖബാധിതയായ തന്റെ അമ്മയെ കാണാൻ എത്തിയപ്പോഴുള്ള ചിത്രമാണിതെന്നുമാണ് ശോഭയുടെ നിലപാട്.
സതീശൻ കൊണ്ടുവന്ന ചിത്രത്തിന് ഒന്നരവർഷത്തെ പഴക്കമുണ്ടെനും ശോഭാ സുരേന്ദ്രൻ പറഞ്ഞു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടത് ബിജെപിക്ക് വേണ്ടി എത്തിച്ച കുഴൽപ്പണം തന്നെയെന്ന് ബിജെപിയുടെ അന്നത്തെ ഓഫീസ് സെക്രട്ടറി തിരൂർ സതീശൻ വെളിപ്പെടുത്തിയിരുന്നു.
പിന്നാലെ ശോഭാ സുരേന്ദ്രനാണ് ആരോപണത്തിന് പിന്നിലെന്ന് പാർട്ടിയിൽ ആക്ഷേപം ഉയർന്നു. ആരോപണം നിഷേധിച്ച ശോഭ, സതീശന്റെ വീട്ടിൽ പോയിട്ടില്ലെന്ന് വ്യക്‌തമാക്കി. പദ്ധതിക്ക് പിന്നിൽ എകെജി സെന്ററും പിണറായി വിജയനുമാണെന്നും ഒരുവെടിക്ക് രണ്ട് പക്ഷികളെ തീർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു.
അതിനിടെ, ശോഭാ സുരേന്ദ്രനെ വിവാദങ്ങളിലേക്ക് അനാവശ്യമായി വലിച്ചിടുകയാണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്‌തമാക്കി. ബിജെപി നേതാക്കളെ ഒറ്റതിരിഞ്ഞു ആക്രമിക്കുന്നത് ശരിയല്ലെന്നും സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇപ്പോൾ ഉയർന്നു വന്നിരിക്കുന്ന എല്ലാ പ്രശ്‌നവും യുഡിഎഫും എൽഡിഎഫും ഉണ്ടാക്കിയതാണെന്നും സുരേന്ദ്രൻ പറഞ്ഞു.
Most Read| സംസ്‌ഥാന സ്‌കൂൾ കായികമേളയ്‌ക്ക് ഇന്ന് കൊച്ചിയിൽ തുടക്കം.