കൊച്ചി: സംസ്‌ഥാന സ്‌കൂൾ കായികമേളയ്‌ക്ക് ഇന്ന് കൊച്ചിയിൽ തുടക്കം. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ഇന്ന് വൈകിട്ട് നാലിന് മന്ത്രി വി ശിവൻകുട്ടി കായികമേള ഉൽഘാടനം ചെയ്യും. സാംസ്‌കാരിക പരിപാടികൾ നടൻ മമ്മൂട്ടിയും ഉൽഘാടനം ചെയ്യും.
മന്ത്രിയും കായികമേള ബ്രാൻഡ് അംബാസിഡർ ഒളിമ്പ്യൻ പിആർ ശ്രീജേഷും ചേർന്ന് ദീപശിഖ തെളിയിക്കുന്നതോടെ കൗമാര കരുത്തിന്റെ കായിക മാമാങ്കത്തിന് കൊടിയുയരും. കൊച്ചിയുടെ സ്വന്തമായ കൊച്ചിൻ കാർണിവലും തൃപ്പൂണിത്തുറ അത്തച്ചമയവും ഉൾപ്പടെയുള്ള സാംസ്‌കാരിക പരിപാടികൾ ഉൽഘാടന ചടങ്ങിന് മാറ്റേകും.
മാർച്ച് പാസ്‌റ്റിൽ 3500 വിദ്യാർഥികളും സാംസ്‌കാരിക പരിപാടികളിൽ 4000 വിദ്യാർഥികളും അണിനിരക്കും. കായികമേളയിലെ മൽസരങ്ങൾ നാളെ മുതൽ മാത്രമേ തുടങ്ങൂ. ഇൻക്‌ളൂസീവ് സ്‌പോർട്‌സിന്റെ ഭാഗമായി ഭിന്നശേഷി വിദ്യാർഥികളുടെ അത്‌ലറ്റിക്‌സാണ് ആദ്യ ഇനം. 11നാണ് മേള സമാപിക്കുക.
ഇത്തവണ ആദ്യമായി ഏർപ്പെടുത്തിയ മുഖ്യമന്ത്രിയുടെ എവർ റോളിങ് ട്രോഫിക്ക് പുറമെ, അത്‌ലറ്റിക്‌സ് ഓവറോൾ വിജയികൾക്ക് നൽകുന്നത് ഉൾപ്പടെയുള്ള എല്ലാ ട്രോഫികളും പുതിയതാണ്. കായികമേളയിൽ പങ്കെടുക്കുന്ന ഭിന്നശേഷിക്കാരായ മുഴുവൻ കായിക താരങ്ങൾക്കും മെമന്റോ നൽകും.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!