തിരുവനന്തപുരം: കൊച്ചുവേളി, നേമം റെയിൽവേ സ്‌റ്റേഷനുകളുടെ പേര് മാറ്റം യാഥാർഥ്യമായി. കൊച്ചുവേളി റെയിൽവേ സ്‌റ്റേഷൻ ഇനിമുതൽ തിരുവനന്തപുരം നോർത്ത് എന്നും നേമം തിരുവനന്തപുരം സൗത്ത് എന്നും അറിയപ്പെടും. രണ്ടു സ്‌റ്റേഷനുകളുടെയും പേര് മാറ്റണമെന്ന സംസ്‌ഥാന സർക്കാരിന്റെ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചു.
പെരുമാറ്റം അനുവദിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കഥ സംസ്‌ഥാനത്തിന് ലഭിച്ചു. ഏറെ നാളായുള്ള കേരളത്തിന്റെ ആവശ്യം നിരന്തര സമ്മർദ്ദത്തെ തുടർന്നാണ് കേന്ദ്രം അംഗീകരിച്ചത്. സംസ്‌ഥാനത്തെ റെയിൽവേ ചുമതലയുള്ള മന്ത്രി വി അബ്‌ദുറഹിമാൻ ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിക്കും മറ്റു ഉന്നതർക്കും കത്തയച്ചിരുന്നു.
കൊച്ചുവേളിയുടെയും നേമത്തിന്റെയും പേര് മാറ്റത്തിന് പല കാരണങ്ങളും ഉണ്ടെന്നാണ് സംസ്‌ഥാനത്തിന്റെ വാദം. തിരുവനന്തപുരം സെൻട്രൽ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം പരമാവധി ആയതോടെയാണ് സമീപ സ്‌റ്റേഷനുകളുടെ വികസനത്തിന് കൂടി പ്രാധാന്യം നൽകുന്നത്. കൊച്ചുവേളിയിൽ നിന്നും രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കും തിരിച്ചും നിലവിൽ ഒരുപാട് ദീർഘദൂര ട്രെയിനുകളുണ്ട്.
പക്ഷേ, മറ്റുപല സംസ്‌ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് ഈ സ്‌റ്റേഷൻ പരിചിതമല്ല. നേമത്ത് നിന്നും കൊച്ചുവേളിയിൽ നിന്നും തിരുവനന്തപുരം സെൻട്രലിലേക്ക് വെറും ഒമ്പത് കിലോമീറ്റർ ദൂരം മാത്രമാണെങ്കിലും ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് സെൻട്രൽ സ്‌റ്റേഷനെ തന്നെയാണ്. തിരുവനന്തപുരം എന്ന പേര് ബ്രാൻഡ് ചെയ്‌ത് സമീപ സ്‌റ്റേഷനുകൾ കൂടി നവീകരിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം കൂടുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ഒപ്പം കൂടുതൽ ട്രെയിനുകൾ എത്തുമെന്നും കരുതുന്നു.
Most Read| ഷെയ്ഖ് ഹസീന ഇന്ത്യ വിട്ടിട്ടില്ല; സമയം നൽകിയിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി