പ്രായം നോക്കാതെ ജീവിതത്തിലെ സന്തോഷവും സങ്കടങ്ങളും നിറഞ്ഞ എല്ലാ നിമിഷങ്ങളും ആസ്വദിക്കണമെന്നാണ് എൺപതുകാരി ജെയ്ൻ നമ്മോട് പറയുന്നത്. വാർധക്യകാലം ഒതുങ്ങി കൂടി വിശ്രമിച്ച് തീർക്കാനുള്ളതാണ് എന്ന പൊതു ധാരണയെ തിരുത്തുകയാണ് ഈ മുത്തശ്ശി.
ഓരോ ദിവസവും ഏറ്റവും പ്രിയപ്പെട്ട കാര്യങ്ങൾ ചെയ്‌തു തീർക്കാനാണ് ജെയ്ൻ ശ്രമിക്കുന്നത്. തന്റെ പ്രിയപ്പെട്ട കുതിരയുമായി ഇംഗ്ലണ്ടിൽനിന്ന് സ്‌കോട്ട്‌ലൻഡിലെ ഹൈലാൻഡ്‌സിലേക്ക് കഴിഞ്ഞ 49 വർഷമായി ട്രെക്കിങ്ങ് നടത്തുകയാണ് ജെയ്ൻ. 600 മൈൽ അഥവാ 965 കിലോമീറ്ററാണ് യാത്ര ചെയ്യുന്നത്.
കുതിരയോടൊപ്പം തന്റെ പ്രിയപ്പെട്ട നായക്കുഞ്ഞിനെയും പിന്നെ ഒരു ടെന്റും സെൽഫോണുമാണ് ജെയ്ൻ കൂടെ കൊണ്ടുപോകുന്നത്. 1972 മുതലാണ് ജെയ്ൻ യാത്ര ആരംഭിച്ചത്. ഏകദേശം നാൽപത് വർഷം മുമ്പാണ് രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ സന്ദർശിച്ചു തുടങ്ങുന്നത്. പിന്നീട് അങ്ങോട്ട് യാത്ര ജീവിതത്തിന്റെ ഭാഗമായിരുന്നു. ആദ്യം കാലങ്ങളിൽ ഒറ്റക്കായിരുന്നു യാത്രയെങ്കിലും പിന്നീട് തന്റെ കുതിരയെയും ഒപ്പം കൂട്ടി.
കൂടെയുള്ള മറ്റ് വളർത്തു മൃഗങ്ങളെ അമ്മയെ ഏൽപ്പിച്ചാണ് ജെയ്‌നിന്റെ യാത്ര. എന്നാൽ കുതിരയെയും അംഗവൈകല്യവും വന്ന നായയെയും നോക്കുന്നത് പ്രയാസമായതിനാലാണ് ജെയ്ൻ ഇവരെ കൂടെ കൂട്ടിയത്. ഇപ്പോൾ യാത്രയിൽ ജെയ്‌നിന്റെ കൂട്ടാളികളാണ് ഇരുവരും.
അത്യാവശ്യത്തിന് വേണ്ട എല്ലാ വസ്‌തുക്കളും ജെയ്ൻ കയ്യിൽ കരുതും. കൂടെ ഒരു ഐപാച്ചും ധരിച്ച് കാലാവസ്‌ഥ ആശ്രയിച്ചാണ് ജെയ്‌നിന്റെ യാത്ര. ഇതുവരെ തന്റെ സുഹൃത്തുക്കളെ കാണാനായി ഹൈലാൻഡ്‌സിലെ ലോച്ച് നെസിന് സമീപമുള്ള ഫോർട്ട് അഗസ്‌റ്റസിലേക്കുള്ള യാത്ര ജെയ്ൻ മുടക്കിയിട്ടില്ല. കഴിയുന്നത്രയും കാലം യാത്ര തുടരണം എന്ന് തന്നെയാണ് മുത്തശ്ശിയുടെ ആഗ്രഹം.
Read also: ‘സോറി, കുറച്ച് വൈകി പോയി’; ലൈബ്രറി പുസ്‌തകം തിരികെ നൽകിയത് 73 വർഷങ്ങൾക്ക് ശേഷം