ന്യൂഡെല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. ഉച്ചക്ക് 12 മണിയോടെയാണ് ചോദ്യം ചോദ്യം ചെയ്യലിന് സോണിയ ഗാന്ധി ഇഡി ആസ്‌ഥാനത്ത് എത്തിയത്. മൂന്ന് മണിക്കൂറോളം സോണിയയെ ചോദ്യം ചെയ്‌തു. ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കും. മക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്ക് ഒപ്പമാണ് സോണിയ ചോദ്യം ചെയ്യലിന് ഹാജരായത്. രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്‌തത് പോലെ ദീര്‍ഘനേരം സോണിയയെ ചോദ്യം ചെയ്യില്ലെന്ന സൂചന നേരത്തെ തന്നെ ഇഡി വൃത്തങ്ങള്‍ നല്‍കിയിരുന്നു.
സോണിയ ഗാന്ധിയുടെ അനാരോഗ്യം പരിഗണിച്ചാണ് ദീര്‍ഘനേരത്തെ ചോദ്യംചെയ്യല്‍ ഒഴിവാക്കിയതെന്നാണ് വിവരം. നേരത്തെ നോട്ടീസ് നല്‍കിയതിന് പിന്നാലെ കോവിഡ് ബാധിച്ച സോണിയ തുടര്‍ചികിൽസയുടെ ഭാഗമായി ചോദ്യംചെയ്യല്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. രണ്ടോ മൂന്നോ ദിവസം കൊണ്ട് ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കാനാണ് ഇഡിയുടെ ഉദ്ദേശം. സോണിയയെ ചോദ്യം ചെയ്‌തതില്‍ രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നുണ്ട്.
ഡെല്‍ഹിയില്‍ പ്രതിഷേധിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളേയും എംപിമാരെയും പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ട്രെയിന്‍ തടയല്‍ ഉള്‍പ്പെടെയുള്ള സമരങ്ങള്‍ അരങ്ങേറി. രാഷ്‌ട്രീയപ്രേരിതമാണ് സോണിയക്കും രാഹുലിനും നേരെയുള്ള നടപടിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. സാമ്പത്തിക ഇടപാട് നടന്നിട്ടില്ലാത്ത കേസായിട്ടും ഇഡിയെ ഉപയോഗിച്ച് ബിജെപിയും ആര്‍എസ്‌എസും പകയുടെ രാഷ്‌ട്രീയം കളിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
Most Read: ‘എവിടെയോ കണ്ട് നല്ല പരിചയം’; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് കോടീശ്വരൻ ലുക്കുള്ള വയസൻ നായ