പാലക്കാട്: മൂന്ന് മണിക്കൂർ നീണ്ട ജോഗിങ്ങിന് ശേഷം മടങ്ങിയെത്തിയ യുവതീയുവാക്കളുടെ പക്കലുണ്ടായിരുന്ന ബാഗിൽ നിറയെ അജൈവ മാലിന്യങ്ങൾ ആയിരുന്നു. വെള്ളിയാഴ്‌ച രാവിലെ എട്ട് മണിക്ക് തുടങ്ങിയ ജോഗിങ് 11 മണിയോടെയാണ് അവസാനിച്ചത്. മൂന്ന് മണിക്കൂറിനിടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോഗിങ് നടത്തിയെത്തിയ യുവതീയുവാക്കൾ പാലക്കാട് നഗരം ശുചിയാക്കി.
പ്ളാസ്‌റ്റിക് കവറുകൾ, കുപ്പികൾ, പൊട്ടിയ പാത്രങ്ങൾ, ചാക്കുകൾ തുടങ്ങി നഗരത്തിലെ പാതയോരങ്ങളിൽ വലിച്ചെറിഞ്ഞ മാലിന്യങ്ങളെല്ലാം ഇവർ പെറുക്കിയെടുത്ത് പാലക്കാട് നഗരസഭാ മുറ്റത്തെത്തിച്ചു. രാവിലെ 11 ആയപ്പോഴേക്കും മാലിന്യങ്ങളെല്ലാം തരംതിരിച്ച് ചാക്കുകളിലാക്കി.
സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികാഘോഷം ‘ആസാദി കാ അമൃത് മഹോൽസവ്’ പരിപാടിയോടനുബന്ധിച്ച് പാലക്കാട് നഗരസഭയും ജില്ലാ ഭരണകൂടവും ചേർന്നാണ് ശുചിത്വ ഭാരത ക്യാംപയിനിന്റെ ഭാഗമായി നഗരശുചീകരണം നടത്തിയത്.
കോട്ടമൈതാനത്ത് വികെ ശ്രീകണ്‌ഠൻ എംപി പരിപാടി ഉൽഘാടനം ചെയ്‌തു. നെഹ്റു യുവകേന്ദ്ര, വിവിധ അക്കാദമികൾ എന്നിവിടങ്ങളിൽ നിന്നായി മുന്നൂറോളം പേരാണ് ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായത്. 50 പേരടങ്ങുന്ന ആറ് സംഘങ്ങളായി തിരിഞ്ഞ് കോട്ടമൈതാനം, നൂറണി, സ്‌റ്റേഡിയം ബസ് സ്‌റ്റാൻഡ്, കൽമണ്ഡപം, താരേക്കാട്, ശകുന്തള ജങ്ഷൻ എന്നിവിടങ്ങളിൽ ജോഗിങ് നടത്തിയാണ് പാതയോരങ്ങളിലെ മാലിന്യം എടുത്തുമാറ്റിയത്.
ഏറ്റവും കൂടുതൽ മാലിന്യം ശേഖരിച്ച സംഘത്തിന് എംപി ക്യാഷ് പ്രൈസ് നൽകി. ആദ്യ മൂന്ന് സ്‌ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 5,000, 3,000, 2,000 രൂപ വീതമാണ് നൽകിയത്. ശുചീകരണ യജ്‌ഞത്തിൽ പങ്കെടുത്ത എല്ലാ യുവജന സംഘങ്ങൾക്കും പാലക്കാട് നഗരസഭയും ക്യാഷ് പ്രൈസ് നൽകി. സബ് കളക്‌ടർ ബൽപ്രീത് സിങ് അധ്യക്ഷത വഹിച്ചു.
ശേഖരിച്ച ഒരു ടൺ മാലിന്യം നഗരസഭ ശുചീകരണ തൊഴിലാളികൾ ട്രഞ്ചിങ് ഗ്രൗണ്ടിലേക്ക് സംസ്‌കരണത്തിനായി കൊണ്ടുപോയി. പൊതുജനങ്ങൾ നഗര പാതയോരങ്ങളിൽ വലിച്ചെറിഞ്ഞ മാലിന്യമാണ് മണിക്കൂറുകൾ നീണ്ട പ്രയത്‌നത്തിനൊടുവിൽ വൃത്തിയാക്കിയത്. ഇനിയും മാലിന്യങ്ങൾ പൊതുസ്‌ഥലങ്ങളിൽ വലിച്ചെറിയരുത് എന്നാണ് ഇവർക്ക് ജനങ്ങളോടുള്ള അപേക്ഷ.
നെഹ്‌റു യുവകേന്ദ്ര സംസ്‌ഥാന ഡയറക്‌ടർ കെ കുഞ്ഞഹമ്മദ് ശുചിത്വപ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു. നഗരസഭാ ആരോഗ്യ സ്‌ഥിരം സമിതി ചെയർമാൻ സ്‌മിതേഷ്, നെഹ്‌റു യുവകേന്ദ്ര ഡെപ്യൂട്ടി ഡയറക്‌ടർ എം അനിൽകുമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എൻ രാമൻകുട്ടി, മുനിസിപ്പൽ അസി. സെക്രട്ടറി ബെന്നി, ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ വൈ കല്യാണകൃഷ്‌ണൻ, ശുചിത്വകേരളം പ്രോഗ്രാം ഓഫിസർ എ ഷെരീഫ്, എൻ കർപ്പകം, എസ് ശ്രീജിത്ത് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
Most Read: ഇന്‍സുലിന്‍ പമ്പ് ഘടിപ്പിച്ച് ലില റാംപില്‍; കൈയ്യടിച്ച് സോഷ്യൽ മീഡിയ