അബുദാബി: വേനൽച്ചൂട് കണക്കിലെടുത്ത് യുഎഇയിൽ മൂന്ന് മാസത്തെ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു. ജൂൺ 15 മുതൽ സെപ്‌റ്റംബർ 15 വരേയാണ് തുറസായ സ്‌ഥലങ്ങളിലുള്ള ജോലികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. ഉച്ചക്ക് 12.30 മുതൽ വൈകിട്ട് മൂന്ന് വരെയാണ് നിയന്ത്രണം. യുഎഇ മാനവിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരും. മൂന്ന് മാസം പരമാവധി ജോലി സമയം എട്ടു മണിക്കൂറിൽ കൂടാൻ പാടില്ലെന്നാണ് ഔദ്യോഗിക അറിയിപ്പിൽ പറയുന്നത്. ഈ സമയത്ത് അധിക ജോലി ചെയ്യിപ്പിച്ചാൽ അത് ഓവർടൈം ജോലിയായി കണക്കാക്കി അധിക വേതനം നൽകണം. തൊഴിലാളികൾക്ക് ഈ സമയം വിശ്രമിക്കാൻ തണലുള്ള സ്‌ഥലം ഒരുക്കണമെന്നും നിർദ്ദേശമുണ്ട്.
ഉച്ചവിശ്രമ നിയമം ലംഘിച്ചാൽ ഓരോ തൊഴിലാളിക്കും 5000 ദിർഹം വീതം പിഴ ചുമത്തും. നിരവധിപ്പേർ ഇത്തരത്തിൽ നിയമം ലംഘിച്ചു ജോലി ചെയ്യുന്നതായി കണ്ടെത്തിയാൽ പരമാവധി അരലക്ഷം ദിർഹം പിഴ ചുമത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുന്ന പൊതുജനങ്ങൾ 600590000 എന്ന നമ്പറിൽ വിളിച്ചു വിവരം കൈമാറണമെന്നും യുഎഇ മാനവിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
അതേസമയം, നിയമത്തിൽ നിന്ന് ചില ജോലികൾക്ക് പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
* റോഡിൽ ടാറിടൽ, കെട്ടിടങ്ങളുടെ കോൺഗ്രീറ്റ് എന്നിവക്ക് ഇളവുണ്ട്. ഉച്ചക്കുള്ള ഇടവേള സമയം അത്രയും കോൺക്രീറ്റും ടാറും സൂക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിലാണിത്.
* കുടിവെള്ള വിതരണം, വൈദ്യുതി വിതരണം എന്നിവ തടസപ്പെടുന്ന സാഹചര്യത്തിൽ പുനഃസ്‌ഥാപിക്കാം. അപകടം, കേടുപാടുകൾ എന്നിവ മൂലം ഗതാഗതം തടസപ്പെടുമ്പോഴും പൊതുസമൂഹത്തെ ബാധിക്കുന്ന മറ്റു വിഷയങ്ങൾ വരുമ്പോഴും ഇളവുണ്ട്.
* ഗതാഗതം വഴിതിരിച്ചു വിടുക, വൈദ്യുതി ലൈനിലെ ജോലികൾ, വാർത്താ വിതരണ സംവിധാനത്തിലെ ജോലികൾ തുടങ്ങിയ തടസം കൂടാതെ ചെയ്യേണ്ട ജോലികളിലും ഇളവുണ്ട്.
* ഈ ജോലികളിൽ ഏർപ്പെടുന്ന ജീവനക്കാർക്ക് ആവശ്യത്തിന് തണുത്ത വെള്ളം ലഭ്യമാക്കണം. നിർജലീകരണം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ തടയാൻ മുൻകരുതൽ എടുക്കണം. ജോലി സ്‌ഥലത്ത് പ്രാഥമിക ചികിൽസയ്‌ക്ക് ആവശ്യമായ സൗകര്യം, ശരീരം തണുപ്പിക്കനുള്ള സൗകര്യം, കുടകൾ, തണലിടങ്ങൾ എന്നിവയും തൊഴിലുടമ ഒരുക്കിക്കൊടുക്കണമെന്നും നിർദ്ദേശം നൽകി.
Most Read: ഗുസ്‌തി താരങ്ങൾക്ക് പിന്തുണ; തുടർ സമരപരിപാടികൾ ഇന്ന് പ്രഖ്യാപിക്കും