മലപ്പുറം: തിരൂർ ഡെപ്യൂട്ടി തഹസിൽദാർ പിബി ചാലിബ് നാടുവിട്ട സംഭവത്തിൽ നിർണായക വഴിത്തിരിവ്. ഇതുമായി ബന്ധപ്പെട്ട് മൂന്നുപേർ അറസ്‌റ്റിലായി. പിബി ചാലിബിനെ ഭീഷണിപ്പെടുത്തി പത്തുലക്ഷം രൂപയോളം തട്ടിയെടുത്തത്തിലാണ് അറസ്‌റ്റ്.
വ്യാജ പോക്‌സോ കേസിൽ പെടുത്തി കുടുംബം നശിപ്പിക്കുമെന്ന് പ്രതികൾ ഡെപ്യൂട്ടി തഹസിൽദാരെ ഭീഷണിപ്പെടുത്തിയിരുന്നു. രണ്ടത്താണി സ്വദേശികളായ ഫൈസൽ, ഷഫീഖ്, വെട്ടിച്ചിറ സ്വദേശി അജ്‌മൽ എന്നിവരാണ് അറസ്‌റ്റിലായത്.
വ്യാജ പോക്‌സോ കേസിൽ പെടുത്തുമെന്ന ഭീഷണിയും പത്തുലക്ഷത്തോളം രൂപ തട്ടിയെടുത്തതും ചൂണ്ടിക്കാട്ടി ചാലിബ് പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് പ്രതികൾ അറസ്‌റ്റിലായത്. മണ്ണ് മാഫിയയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഡെപ്യൂട്ടി തഹസിൽദാരെ കാണാതായത് എന്നായിരുന്നു ആദ്യ സംശയം.
ബുധനാഴ്‌ച വൈകിട്ട് ഓഫീസിൽ നിന്ന് ഇറങ്ങിയ ചാലിബിനെ കാണാതാവുകയായിരുന്നു. ഇതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇന്നലെ അർധരാത്രിയോടെ ചാലിബ് തിരികെ വീട്ടിലെത്തുകയായിരുന്നു. മാനസിക പ്രയാസം മൂലമാണ് നാട് വിട്ടതെന്ന് വീട്ടിലെത്തിയ ശേഷം ചാലിബ് പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു. ഇന്നലെ രാവിലെ ചാലിബ് ഭാര്യയെ ഫോണിൽ ബന്ധപ്പെട്ടതാണ് കുടുംബത്തിന് ആശ്വാസമായത്.
Most Read| പൊതുനൻമ ചൂണ്ടിക്കാട്ടി എല്ലാ സ്വകാര്യ ഭൂമിയും ഏറ്റെടുക്കാനാവില്ല; സുപ്രീം കോടതി