മലപ്പുറം: തിരൂർ ഡെപ്യൂട്ടി തഹസിൽദാർ പിബി ചാലിബിന്റെ തിരോധാനത്തിൽ വഴിത്തിരിവ്. പിബി ചാലിബ് ഇന്ന് രാവിലെ വീട്ടുകാരെ ഫോണിൽ ബന്ധപ്പെട്ടു. മാനസിക പ്രയാസത്തിലാണ് നാടുവിട്ടതെന്നും വീട്ടിലേക്ക് തിരിച്ചു വരുമെന്നും ചാലിബ് ഫോണിലൂടെ ഭാര്യയോട് പറഞ്ഞു. കർണാടകയിലെ ഉഡുപ്പിയിലാണ് ടവർ ലൊക്കേഷൻ എന്നാണ് സൂചന.
ചാലിബിനെ കാണാനില്ലെന്ന് ബന്ധുക്കൾ ബുധനാഴ്ച രാത്രിയാണ് തിരൂർ പോലീസിൽ പരാതി നൽകിയത്. തിരൂർ മാങ്ങാട്ടിരി സ്വദേശിയാണ് ചാലിബ്. ബുധനാഴ്ച വൈകിട്ട് ഓഫീസിൽ നിന്ന് ഇറങ്ങിയ ചാലിബ് ഇതുവരെ വീട്ടിലെത്തിയില്ലെന്നായിരുന്നു കുടുംബത്തിന്റെ പരാതി. സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ചാലിബ് വീട്ടിലേക്ക് വിളിച്ചത്.
കാണാതായതിന് ശേഷം മൊബൈൽ ടവർ ലൊക്കേഷൻ ആദ്യം കോഴിക്കോട്ടും പിന്നീട് ഉഡുപ്പിയിലുമാണ് കാണിച്ചത്. ബുധനാഴ്ച ഓഫീസിൽ നിന്ന് ഇറങ്ങിയ ചാലിബ് വീട്ടിലെത്താൻ വൈകുമെന്ന് ഭാര്യയെ വിളിച്ചറിയിച്ചിരുന്നു. രാത്രി എട്ടുമണിയോടെ വീണ്ടും അന്വേഷിച്ചപ്പോൾ വളാഞ്ചേരി ഭാഗത്താണെന്നും പോലീസും എക്സൈസുമൊത്ത് പരിശോധനയുള്ളതിനാൽ വീട്ടിലെത്താൻ വൈകുമെന്നും മെസേജ് അയച്ചു. പിന്നീട് വിളിച്ചപ്പോഴൊന്നും ചാലിബിനെ ഫോണിൽ കിട്ടിയില്ല.
ഇതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ഇതിനിടെ ചാലിബിന്റെ ഫോൺ സ്വിച്ച് ഓഫായി. ഇന്നലെ രാവിലെ 6.55ന് ഫോൺ വീണ്ടും ഓണായെങ്കിലും വൈകാതെ വീണ്ടും ഓഫായി. ഈ സമയം കോഴിക്കോട് ആയിരുന്നു ടവർ ലൊക്കേഷൻ. അതിനിടെ, ചാനിബ് പറഞ്ഞതനുസരിച്ച് തലേദിവസം രാത്രി പോലീസും എക്സൈസും ചേർന്നുള്ള പരിശോധന നടന്നിട്ടില്ലെന്നും അധികൃതർ അറിയിച്ചിരുന്നു.
Most Read| കിടക്കയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണോ? ബാക്ടീരിയ നിങ്ങളെ ഇല്ലാതാക്കും!