മലപ്പുറം: മിത്ത് പരാമർശവുമായി ബന്ധപ്പെട്ട നിലപാടിലുറച്ചു സ്‌പീക്കർ എഎൻ ഷംസീർ. ശാസ്‌ത്രത്തെ പ്രോൽസാഹിപ്പിക്കുന്നത് വിശ്വാസത്തെ തള്ളിപ്പറയലല്ലെന്ന് ഷംസീർ പ്രതികരിച്ചു. ശാസ്‌ത്രം സത്യമാണെന്നും വിയോജിപ്പാണ് ജനാധിപത്യത്തിന്റെ അന്തസത്തയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, വിയോജിപ്പ് രേഖപ്പെടുത്താൻ ചരിത്രത്തെ വളച്ചൊടിക്കാൻ പാടില്ലെന്നും ഷംസീർ പറഞ്ഞു.
ഭരണഘടന സംരക്ഷിക്കപ്പെടണം. ഭിന്നിപ്പ് ഉണ്ടാക്കാൻ ഒരു ശക്‌തിയേയും അനുവദിക്കരുത്. അത് ഓരോ വിദ്യാർഥികളും ഉറപ്പ് വരുത്തണം. കേരളം മതനിരപേക്ഷതയുടെ മണ്ണാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മതവിശ്വാസികളെയും ബഹുമാനിക്കുന്നതാണ് കേരള സംസ്‌കാരം. അത് ഉയർത്തിപിടിക്കണം. ജനാധിപത്യത്തിൽ ഏറ്റവും പ്രധാനം ചർച്ചയും സംവാദങ്ങളും വിയോജിപ്പുമാണെന്നും അദ്ദേഹം പറഞ്ഞു.
പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി നടക്കുന്നത് കാവിവൽക്കരണമാണ്. ഗാന്ധിജിയെ കൊലപ്പെടുത്തിയതാണ്. എന്നാൽ, മരിച്ചുവെന്ന് വരുത്താനാണ് ശ്രമം. കുട്ടികളെ ഭരണഘടന പഠിപ്പിക്കണം. രാഷ്‌ട്രത്തിന് മതമില്ല. പൗരൻമാർക്കാണ് മതം. ചരിത്ര സത്യങ്ങൾ നിഷേധിച്ചു പുതിയ കാര്യങ്ങൾ പഠിപ്പിക്കരുത്. ശാസ്‌ത്രത്തെ പ്രോൽസാഹിപ്പിക്കുന്നത് വിശ്വാസത്തെ തളിപ്പറയലല്ലെന്നും ഷംസീർ കൂട്ടിച്ചേർത്തു.
Most Read| ഹരിയാന കലാപം; കുറ്റവാളികളെ വെറുതേ വിടില്ല- നാശനഷ്‌ടം ഈടാക്കുമെന്ന് മുഖ്യമന്ത്രി