ന്യൂഡെൽഹി: കർഷക സമരത്തിന്റെ ഭാഗമായി തിങ്കളാഴ്‌ച നടത്താനിരുന്ന പാർലമെന്റിലേക്കുള്ള ട്രാക്‌ടർ റാലി മാറ്റിവെക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചു. ഡെൽഹി അതിർത്തിയിലെ കർഷക സമരം തുടരും. ഡിസംബർ നാലിന് അടുത്ത യോഗം ചേരുന്നത് വരെ പുതിയ സമരപരിപാടികൾ ഉണ്ടാകില്ലെന്നും കർഷക സംഘടനകൾ അറിയിച്ചു.
വിവാദ കർഷക നിയമങ്ങൾ പിൻവലിക്കാൻ സർക്കാർ പാർലമെന്റിൽ പുതിയ ബിൽ അവതരിപ്പിക്കാൻ ഒരുങ്ങവേയാണ് കർഷക സംഘടനകളുടെ പുതിയ തീരുമാനം. തിങ്കളാഴ്‌ച കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് പാർലമെന്റിൽ ബില്ല് അവതരിപ്പിക്കുക. പാർലമെന്റിൽ അന്നേ ദിവസം ഹാജരാകാൻ ബിജെപി ലോക്‌സഭാ എംപിമാർക്ക് വിപ്പ് നൽകുകയും ചെയ്‌തു.
അതേസമയം, തങ്ങൾ ഉന്നയിച്ച ആറ് ആവശ്യങ്ങളിൽ കാർഷിക നിയമങ്ങൾ പിൻവലിക്കുക എന്ന ആവശ്യം മാത്രമാണ് സർക്കാർ അംഗീകരിച്ചിട്ടുള്ളതെന്നും മറ്റ് വിഷയങ്ങളിലും തീരുമാനം ഉണ്ടാകണമെന്നുമുള്ള നിലപാടിലാണ് കർഷക സംഘടനകൾ. ഡിസംബർ നാല് വരെ സർക്കാർ ചർച്ചക്ക് തയ്യാറാകുമോ എന്ന് കാത്തിരിക്കാനാണ് സംയുക്‌ത കിസാൻ മോർച്ചയുടെ തീരുമാനം. ഡിസംബർ നാലിനുള്ളിൽ ഈ വിഷയങ്ങളിൽ ധാരണയായാൽ കർഷക സമരം പിൻവലിക്കും.
സർക്കാർ ചർച്ചക്ക് തയ്യാറായില്ലെങ്കിൽ കൂടുതൽ സമരപരിപാടികൾ പ്രഖ്യാപിച്ച് മുന്നോട്ടുപോകാനാണ് കർഷക സംഘടനകൾ ധാരണയിൽ എത്തിയിരിക്കുന്നത്.
Also Read: ‘ഒമൈക്രോൺ’; പുതിയ വകഭേദം കൂടുതൽ രാജ്യങ്ങളിൽ, ലോകമെങ്ങും ജാഗ്രത