ഡെൽഹി: ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് എംഎല്‍എ രാജ്‌കുമാർ ബിജെപിയില്‍ ചേര്‍ന്നു. ഡെല്‍ഹിയില്‍ വെച്ചുനടന്ന യോഗത്തിലായിരുന്നു പുരോളയില്‍ നിന്നുള്ള നിയമസഭാംഗമായ രാജ്‌കുമാറിന്റെ പാര്‍ട്ടിമാറ്റം.
കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി, സംസ്‌ഥാന ബിജെപി അധ്യക്ഷന്‍ മദന്‍ കൗശിഖ് എന്നിവര്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.
സംസ്‌ഥാനത്തെ ബിജെപിയുടെ പ്രവര്‍ത്തനം കണ്ടുകൊണ്ടാണ് താന്‍ ഈ പാര്‍ട്ടിയിലേക്ക് എത്തിയതെന്നും ബിജെപി താഴേക്കിടയിലുള്ള ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും രാജ്‌കുമാർ ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്‌തമാക്കി.
2007 മുതല്‍ 2012 വരെ ബിജെപിയില്‍ പ്രവര്‍ത്തിച്ചയാളാണ് രാജ്‌കുമാർ. 2012, 2017 തിരഞ്ഞെടുപ്പുകളില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ബിജെപിയിൽ നിന്നും പടിയിറങ്ങി കോണ്‍ഗ്രസില്‍ ചേർന്നത്.
അതേസമയം ഉത്തരാഖണ്ഡില്‍ അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. നിലവില്‍ സംസ്‌ഥാനത്ത് ബിജെപി ഭരണവിരുദ്ധ വികാരം നേരിടുന്നുണ്ട്. വരുന്ന തിരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളെ ഇറക്കി ഭരണം നിലനിർത്താനാണ് ബിജെപിയുടെ ലക്ഷ്യം.
Most Read: ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ്; സഖ്യ സാധ്യത തള്ളാതെ ശിവസേന