കൊച്ചി: വ്യാജ പുരാവസ്‌തുക്കളുടെ മറവിൽ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. പ്രതി മോൻസൺ മാവുങ്കലുമായി അടുപ്പമുള്ള പ്രവാസി വനിതക്ക് മുഖ്യമന്ത്രിയുടെ ഓഫിസുമായി എന്ത് ബന്ധമാണുള്ളതെന്ന് മുരളീധരൻ ചോദിച്ചു.
മോൻസനെ പോലൊരു തട്ടിപ്പുകാരന് കാവൽ നിൽക്കുന്ന കേരളാ പോലീസാണ് ജനങ്ങളെ സംരക്ഷിക്കുമെന്ന് പറയുന്നതെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു. മോൻസന്റെ മ്യൂസിയത്തിലെ ചെമ്പോല കാട്ടിയാണ് ശബരിമല വിഷയത്തെ സർക്കാർ ന്യായീകരിച്ചതെന്ന് കുറ്റപ്പെടുത്തിയ മുരളീധരൻ പ്രതിപക്ഷ നേതാവിനെയും വിമർശിച്ചു. കള്ളന് കഞ്ഞി വെക്കുന്ന ഇടതുസർക്കാരിന്റെ കാവൽക്കാരനായി പ്രതിപക്ഷ നേതാവ് മാറിയെന്നും തട്ടിപ്പുകാർക്കൊപ്പം ചില പോലീസ് ഉദ്യോഗസ്‌ഥർ നൃത്തമാടുന്ന അവസ്‌ഥയാണെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം, മോൻസനേയും സർക്കാരിനെയും ബന്ധിപ്പിക്കുന്ന ഇടനിലക്കാരിയെ പറ്റി അന്വേഷിക്കുന്നില്ലെന്നും കോൺഗ്രസ് നേതാക്കളെ കുറിച്ചുള്ള അന്വേഷണം വേണ്ട എന്നത് ഒത്തുതീർപ്പാണെന്നും ആയിരുന്നു ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ആരോപണം. പുരാവസ്‌തു തട്ടിപ്പുകേസിൽ ബിജെപി ശക്‌തമായി മുന്നോട്ട് പോകുമെന്ന് സുരേന്ദ്രൻ വ്യക്‌തമാക്കി.
വിഷയത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പോരെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. സർക്കാരിനെ ആദ്യം മുതൽ നയിക്കുന്നത് ഇടനിലക്കാരികളാണെന്നും അദ്ദേഹം ആരോപിച്ചു.
Also Read: വനം മന്ത്രിയായിരിക്കെ കെ സുധാകരൻ വ്യാപക അഴിമതി നടത്തി; മുൻ ഡ്രൈവർ