കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒഴിവുകൾ അടിയന്തരമായി നികത്തണമെന്ന് ആവശ്യപ്പെട്ട് നഴ്‌സുമാർ സമരത്തിലേക്ക്. കേരള ഗവ.നഴ്‌സസ് യൂണിയൻ ആശുപത്രിക്ക് മുന്നിൽ മെഴുകുതിരി കത്തിച്ച് സൂചനാ സമരം നടത്തി. പ്രശ്‌നം ഉടനടി പരിഹരിച്ചില്ലെങ്കിൽ അനിശ്‌ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് അസോസിയേഷന്റെ തീരുമാനം.
നാല് ജില്ലകളിൽ ഉള്ളവരുടെ ആശ്രയമായ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ രണ്ടായിരം നഴ്‌സിംഗ് ജീവനക്കാരാണ് ആകെ വേണ്ടത്. എന്നാൽ, ഇപ്പോൾ അഞ്ഞൂറിൽ താഴെ നഴ്‌സുമാർ മാത്രമാണ് ആശുപത്രിയിൽ ഇപ്പോഴുള്ളത്. വാർഡുകളിൽ മൂന്ന് രോഗികൾക്ക് ഒരു നഴ്‌സ്, ഐസിയുവിൽ ഒരു രോഗിക്ക് ഒരു നഴ്‌സ് എന്ന കണക്കിൽ ജീവനക്കാർ വേണ്ടിടത്ത് ഇപ്പോൾ 60 മുതൽ നൂറുവരെ രോഗികൾക്ക് ഒരു നഴ്‌സ് എന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്. കോവിഡ് കാലത്ത് പ്രതിസന്ധി രൂക്ഷമായപ്പോൾ കോവിഡ് ബ്രിഗേഡുകളെ നിയമിച്ചെങ്കിലും പിന്നീട് ഇവരെ പിരിച്ചുവിട്ടതോടെ പ്രതിസന്ധി കൂടി.
ആരോഗ്യമന്ത്രിക്കടക്കം പരാതിയും നിവേദനങ്ങളും നൽകിയെങ്കിലും നടപടിയുണ്ടായില്ല. അധികാരികൾ കണ്ണുതുറക്കാത്ത സാഹചര്യത്തിലാണ് പകൽ മെഴുകുതിരി കത്തിച്ചുള്ള ജീവനക്കാരുടെ പ്രതിഷേധം. ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളും മറ്റ് ജീവനക്കാരും സമാന പ്രതിസന്ധിയിലാണ്. പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ ജീവനക്കാർ ഒന്നടങ്കം പണിമുടക്കിലേക്ക് നീങ്ങാനാണ് തീരുമാനം.
Also Read: സംവിധായകൻ ബാലചന്ദ്രകുമാറിന് എതിരെ പീഡന പരാതി