തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളില്‍ ബുധനാഴ്‌ച മുതല്‍ വാക്‌സിന്‍ നല്‍കിത്തുടങ്ങും. 15നും 18നും ഇടയിൽ പ്രായമുള്ള 8.14 ലക്ഷം വിദ്യാര്‍ഥികള്‍ക്കാണ് സ്‌കൂളുകളില്‍ വാക്‌സിന്‍ നല്‍കുക. 51 ശതമാനം വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ ലഭിച്ചുകഴിഞ്ഞതായും ഇനി 49 ശതമാനം വിദ്യാര്‍ഥികള്‍ക്കാണ് വാക്‌സിന്‍ നല്‍കുകയെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
വാക്‌സിന്‍ വിതരണത്തിനുള്ള അടിസ്‌ഥാന സൗകര്യങ്ങള്‍ സ്‌കൂളുകളില്‍ ഒരുക്കും. അടിയന്തര സാഹചര്യങ്ങള്‍ക്കായി എല്ലാ സ്‌കൂളുകളിലും ആംബുലൻസ് സര്‍വീസുകള്‍ ഒരുക്കും. രക്ഷകര്‍ത്താക്കളുടെ പൂര്‍ണ സമ്മതത്തോടെ മാത്രമേ വാക്‌സിന്‍ നല്‍കുകയുള്ളൂ.
സംസ്‌ഥാനത്തെ 967 സ്‌കൂളുകളിലാണ് ഇത്തരത്തില്‍ വാക്‌സിന്‍ നല്‍കുക. ഓരോ ദിവസവും വാക്‌സിന്‍ എടുക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം വിദ്യാഭ്യാസ വകുപ്പ് ശേഖരിക്കും. വാക്‌സിന്‍ നല്‍കുന്നതിനും വിശ്രമിക്കുന്നതിനുമായി പ്രത്യേകം മുറികള്‍ സജ്‌ജീകരിക്കും. സ്‌കൂളുകളില്‍ പിടിഎ യോഗം ചേര്‍ന്ന് തയ്യാറെടുപ്പുകള്‍ വിലയിരുത്തണം.
ആരോഗ്യ വകുപ്പിലെ ഒരു മെഡിക്കല്‍ ഓഫിസർ, വാക്‌സിനേറ്റര്‍, സ്‌റ്റാഫ് നഴ്‌സ്, സ്‌കൂള്‍ നല്‍കുന്ന സപ്പോര്‍ട്ട് സ്‌റ്റാഫ് എന്നിവരടങ്ങുന്നതാണ് വാക്‌സിനേഷന്‍ ടീം. കുട്ടികളുടെ എണ്ണം അനുസരിച്ച് ഓരോ സെഷന്‍ സൈറ്റിലെയും വാക്‌സിനേറ്റര്‍മാരുടെ എണ്ണം തീരുമാനിക്കും.
സ്‌കൂള്‍ അധികൃതര്‍ ഒരു ദിവസം വാക്‌സിനേഷന്‍ എടുക്കേണ്ട വിദ്യാർഥികളുടെ ലിസ്‌റ്റ് വളരെ നേരത്തെ തന്നെ തയ്യാറാക്കുകയും അവര്‍ക്ക് അനുവദിച്ചിരിക്കുന്ന സമയത്തെ കുറിച്ച് അറിയിക്കുകയും ചെയ്യും. വാക്‌സിനേഷന്‍ ദിവസത്തിന് മുമ്പ് അര്‍ഹതയുള്ള എല്ലാ വിദ്യാർഥികളും കോവിന്‍ വെബ്‌സൈറ്റില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്ന് സ്‌കൂൾ അധികൃതർ ഉറപ്പുവരുത്തണം.
Also Read: ധീരജ് വധം; പ്രതികൾക്കായുള്ള കസ്‌റ്റഡി അപേക്ഷ പരിഗണിക്കുന്നത് മാറ്റി