ഡെൽഹി: കുട്ടികൾക്ക് വാക്‌സിനേഷൻ മാർച്ചിൽ ആരംഭിക്കും. 12 മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്കാണ് മാർച്ച് മുതൽ വാക്‌സിനേഷൻ ആരംഭിക്കുക.
ഫെബ്രുവരി അവസാനത്തോടെ കുട്ടികൾക്കുള്ള വാക്‌സിനേഷൻ ആരംഭിച്ചേക്കുമെന്ന് ഇമ്മ്യൂണൈസേഷന്റെ നാഷണൽ ടെക്‌നിക്കൽ അഡ്‌വൈസറി ഗ്രൂപ്പ് ചെയർമാൻ ഡോ. എൻകെ അറോറ അറിയിച്ചിരുന്നു. 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് സെപ്റ്റംബർ മുതൽ വാക്‌സിൻ നൽകാനും ആലോചനയുണ്ട്.
അതേസമയം രാജ്യത്ത് 15നും 18നും ഇടയിൽ പ്രായമുള്ള 45 ശതമാനം കുട്ടികൾ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു. ജനുവരി അവസാനത്തോടെ 15-17 വിഭാഗത്തിലുള്ള 7.4 കോടി യുവാക്കളിൽ ആദ്യ ഡോസ് വാക്‌സിനേഷൻ പൂർത്തീകരിക്കാനാണ് ലക്ഷ്യം വെക്കുന്നതെന്ന് ഡോ. അറോറ അറിയിച്ചു. ഫെബ്രുവരി അവസാനത്തോടെ രണ്ടാം ഡോസ് വാക്‌സിനേഷൻ പൂർത്തീകരിക്കുമെന്നാണ് വിലയിരുത്തൽ.
സ്‌കൂൾ, കോളേജ് തുടങ്ങി ആളുകൾ കൂടുതലുള്ള ഇടങ്ങളിൽ പോകുന്നതിനാൽ കൗമാരക്കാരുടെ വാക്‌സിനേഷൻ പ്രധാനമാണെന്ന് ഡോ. അറോറ ചൂണ്ടിക്കാട്ടുന്നു.
Most Read: കെ-റെയിൽ പദ്ധതി; മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി ശാസ്‌ത്ര സാഹിത്യ പരിഷത്ത്