സംസ്‌ഥാനത്ത് 45 വയസ് കഴിഞ്ഞവർക്കുള്ള വാക്‌സിനേഷൻ ഏപ്രില്‍ 1 മുതല്‍; സർവം സജ്‌ജം

By Staff Reporter, Malabar News
covid vaccine
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് 45 വയസിന് മുകളില്‍ പ്രായമുള്ളവരുടെ കോവിഡ് പ്രതിരോധ വാക്‌സിൻ വിതരണം ഏപ്രില്‍ ഒന്ന് മുതല്‍. ഇതിനായി വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കേന്ദ്ര, സംസ്‌ഥാന സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ നിശ്‌ചയിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികള്‍, പൊതുകെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ വാക്‌സിനേഷന്‍ സൗകര്യം ലഭ്യമാണ്.

45 വയസിന് മുകളില്‍ പ്രായമുള്ള ആരും തന്നെ വാക്‌സിന്‍ എടുക്കാന്‍ വിമുഖത കാണിക്കരുതെന്നും മറ്റ് സംസ്‌ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ വിഭാഗത്തിലെ എല്ലാവരും കോവിഡ് വാക്‌സിന്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും സ്‌റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി.

മാര്‍ച്ച് 23ന് പ്രസിദ്ധീകരിച്ച സീറോ സര്‍വൈലന്‍സ് പഠന റിപ്പോര്‍ട് പ്രകാരം സംസ്‌ഥാനത്ത് 89.3 ശതമാനം ആളുകള്‍ കോവിഡ്-19 രോഗബാധ ഇതുവരെ ഉണ്ടാകാത്തവരാണ്. കേരളത്തില്‍ ആദ്യ കേസ് റിപ്പോര്‍ട് ചെയ്‌ത ഒരു വര്‍ഷത്തിന് ശേഷവും 10.7 ശതമാനം ആളുകള്‍ക്ക് മാത്രമേ രോഗബാധ ഉണ്ടായിട്ടുള്ളൂ എന്നത് രോഗപ്രതിരോധത്തില്‍ വളരെ പ്രധാനമായ കാര്യമാണ്. എന്നാല്‍ 89.3 ശതമാനം ആളുകള്‍ക്ക് രോഗബാധ ഇനിയും ഉണ്ടാകുവാന്‍ ഇടയുളളതിനാല്‍ കോവിഡ് മഹാമാരി തുടരുവാനും രോഗവ്യാപനത്തിന്റെ പുതിയ തരംഗങ്ങള്‍ ഉണ്ടാകുവാനുമുള്ള സാധ്യതയുണ്ട്.

സംസ്‌ഥാനത്തെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗങ്ങളിലെ കുറഞ്ഞ സീറോ പ്രിവലന്‍സ് നിരക്ക് കുറയാന്‍ കാരണം ഇവിടെ നടപ്പിലാക്കിയ റിവേഴ്‌സ് ക്വാറന്റെയ്ന്‍ നടപടികളാണ്. കുറഞ്ഞ രോഗബാധാ നിരക്ക് സംസ്‌ഥാനത്ത് തുടര്‍ന്നും നിലനിര്‍ത്തണമെങ്കില്‍ സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പായി മുന്‍ഗണനാ ക്രമമനുസരിച്ച് വാക്‌സിന്‍ സ്വീകരിക്കേണ്ടവര്‍ വാക്‌സിന്‍ സ്വീകരിക്കണം.

വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് മുമ്പായി തന്നെ 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരും വാക്‌സിന്‍ എടുത്തു എന്ന് ഉറപ്പാക്കണം. ലോകരാജ്യങ്ങളിലും മറ്റ് സംസ്‌ഥാനങ്ങളിലും സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിച്ചതിനെ തുടര്‍ന്ന് രോഗബാധ വലിയ തോതില്‍ കൂടുകയുണ്ടായിട്ടുണ്ട്. മാത്രവുമല്ല ജനിതക വ്യതിയാനം വന്നിട്ടുള്ള, വ്യാപനശേഷി കൂടുതലുള്ളതോ രോഗതീവ്രതയും മരണവും കൂട്ടുന്നതോ രോഗപ്രതിരോധ ശേഷിയെ മറികടക്കുന്നതോ ആയ വൈറസുകളുടെ സാന്നിദ്ധ്യം കൂടി കണക്കിലെടുത്ത് 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരും വാക്‌സിന്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.

29,33,594 ഡോസ് വാക്‌സിനാണ് സംസ്‌ഥാനത്ത് ഇതുവരെ ആകെ നല്‍കിയത്. ആരോഗ്യ പ്രവര്‍ത്തകരില്‍ 4,70,643 ആദ്യ ഡോസ് വാക്‌സിനും 3,11,594 രണ്ടാം ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്. മുന്‍നിര പ്രവര്‍ത്തകരില്‍ 1,07,661 പേര്‍ ആദ്യ ഡോസും 63,063 പേര്‍ രണ്ടാം ഡോസും ഇതുവരെ സ്വീകരിച്ചു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥരില്‍ 3,13,406 പേര്‍ ആദ്യ ഡോസും 4,564 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍, 45നും 59നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ എന്നിവരില്‍ നിന്നും 16,62,663 പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു.

Read Also: ജാതി സംവരണം ഇല്ലാതായേക്കാം, തീരുമാനിക്കേണ്ടത് പാർലമെന്റ്; സുപ്രീംകോടതി

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശ പ്രകാരം കോവിഷീല്‍ഡ് വാക്‌സിന്‍ ആദ്യ ഡോസായി എടുത്തിട്ടുള്ളവര്‍ രണ്ടാം ഡോസ് ആദ്യ ഡോസ് എടുത്ത് കഴിഞ്ഞ് 42 ദിവസം മുതല്‍ 56 ദിവസത്തിനുള്ളില്‍ എടുക്കേണ്ടതാണ്. കോവാക്‌സിന്‍ ആദ്യ ഡോസായി എടുത്തിട്ടുള്ളവര്‍, ആദ്യഡോസ് എടുത്ത് 28 ദിവസം കഴിഞ്ഞ് 42 ദിവസത്തിനുള്ളില്‍ രണ്ടാം ഡോസ് സ്വീകരിക്കണം.

അവസരം ലഭ്യമാകുന്ന മുറക്ക് എല്ലാവരും കോവിഡ്- 19 വാക്‌സിന്‍ സ്വീകരിച്ച് കോവിഡ് പ്രതിരോധത്തില്‍ പങ്കാളികളാകണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പ്രായാധിക്യം ചെന്നവര്‍, മുതിര്‍ന്നവര്‍, മറ്റ് രോഗബാധിതര്‍ തുടങ്ങിയ രോഗബാധ ഉണ്ടായാല്‍ ഗുരുതരമാകുവാന്‍ സാധ്യതയുള്ളവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ സംരക്ഷിക്കുന്നതില്‍ വാക്‌സിനേഷന്‍ പ്രധാനമാണ്. തീവ്രമായ രോഗാവസ്‌ഥകളും ആശുപത്രിവാസവും തടയുന്നതില്‍ കോവിഡ് വാക്‌സിനുകള്‍ 95 മുതല്‍ 100 ശതമാനം വരെയും മരണം തടയുന്നതില്‍ 100 ശതമാനവും ഫലപ്രദമാണ്. രോഗബാധിതനായ ഒരാളില്‍ നിന്നും രോഗം പകരുന്നവരുടെ എണ്ണം ഗണ്യമായി കുറക്കുവാനും രോഗബാധയുടെ കണ്ണികള്‍ പൊട്ടിക്കുവാനും വാക്‌സിനേഷന്‍ വഴി സാധിക്കും.

Read Also: സംസ്‌ഥാനത്ത് തിങ്കളാഴ്‌ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE