തിരുവനന്തപുരം: വന്ദേഭാരതിന് ചെങ്ങന്നൂരിൽ വൻ വരവേൽപ്പ്. സ്‌റ്റോപ്പ് അനുവദിച്ച ശേഷം ഇന്ന് രാവിലെ 6.35ന് ആണ് ട്രെയിൻ ചെങ്ങന്നൂരിൽ എത്തിയത്. പൂക്കൾ വാരിയെറിഞ്ഞും ആർപ്പുവിളികളുമോടെയാണ് നാട്ടുകാർ ട്രെയിനിനെ വരവേറ്റത്. രണ്ടു മിനിറ്റ് നിർത്തിയശേഷം 6.55ന് യാത്ര തിരിച്ചു. ഇതിനിടയിലാണ് ട്രെയിനിന് സ്‌റ്റേഷനിൽ നൂറുകണക്കിന് പേർ സ്വീകരണം നൽകിയത്. കേന്ദ്രമന്ത്രി വി മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ് എംപി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഫ്‌ളാഗ് ഓഫ് ചെയ്‌താണ് ട്രെയിനിനെ ചെങ്ങന്നൂരിൽ നിന്ന് യാത്രയാക്കിയത്. ഇതിനിടെ, വന്ദേഭാരതിനായി മറ്റു ട്രെയിനുകൾ പിടിച്ചിടുന്നുവെന്ന പരാതിയിലും വി മുരളീധരൻ വിശദീകരണം നൽകി. ട്രെയിനുകളുടെ പിടിച്ചിടലുമായി ബന്ധപ്പെട്ട പരാതികൾ പുതിയ റെയിൽവേ ടൈം ടേബിൾ വരുന്നതോടെ പരിഹാരമാകുമെന്നും വി മുരളീധരൻ പറഞ്ഞു. റെയിൽവേ ടൈം ടേബിൾ പരിഷ്‌കരണം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
വന്ദേഭാരതിന് ചെങ്ങന്നൂരിൽ സ്‌റ്റോപ്പ് അനുവദിച്ചത് അയ്യപ്പ ഭക്‌തർക്കുള്ള പ്രധാനമന്ത്രിയുടെ സമ്മാനമാണെന്നും വി മുരളീധരൻ അഭിപ്രായപ്പെട്ടു. ഒക്‌ടോബർ 20 മുതൽ വന്ദേഭാരതിന് ചെങ്ങന്നൂരിൽ സ്‌റ്റോപ്പ് നൽകുന്നതിന് കേന്ദ്ര റെയിൽവെ മന്ത്രാലയം അനുമതി നൽകിയിരുന്നു. പുതുക്കിയ പുറപ്പെടൽ സമയം ഉൾപ്പടെയുള്ള പുതിയ സമയക്രമം 23 മുതൽ പ്രാബല്യത്തിൽ വരും. തിരുവനന്തപുരത്ത് നിന്നുള്ള യാത്രയിപ്പോൾ 5.15ന് മുമ്പത്തേക്കാൾ 5 മിനിറ്റ് നേരത്തെ ആരംഭിക്കും.
6.03ന് കൊല്ലത്ത് അൽപ്പനേരം നിർത്തിയ ശേഷം 6.05ന് പുറപ്പെട്ടു 6.53ന് ചെങ്ങന്നൂരിൽ എത്തി 6.55ന് പുറപ്പെടും. ഷൊർണൂരിൽ നിന്ന് കാസർഗോഡ് വരെയുള്ള ഷെഡ്യൂൾ അതേപടി തുടരും. മടക്കയാത്രയിലും അതിന്റെ ഷെഡ്യൂൾ നിലനിർത്തും. തൃശൂരിൽ ഒരുമിനിറ്റ് സ്‌റ്റോപ്പ് നൽകും. ട്രെയിൻ തിരുവനന്തപുരത്ത് എത്തിച്ചേരുന്ന അവസാന സമയം രാവിലെ 10.45 ആയിരിക്കും. മുൻ ഷെഡ്യൂളിനെ അപേക്ഷിച്ചു അഞ്ചു മിനിറ്റ് വൈകും.
Most Read| ‘ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ കാനഡ ഇടപെട്ടു, വിസ സർവീസ് ഉടനില്ല’; എസ് ജയശങ്കർ