ചേര്‍ത്തല: വയലാർ നാഗംകുളങ്ങരയിലെ ആർഎസ്എസ് പ്രവർത്തകൻ നന്ദുകൃഷ്‌ണയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ചുപേര്‍ കൂടി പിടിയിലായി. ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം ആലപ്പുഴ സബ്‌ജയിലിലേക്ക് മാറ്റി. കൊലപാതകത്തിൽ നേരിട്ട് ഉൾപ്പെട്ട രണ്ട് പ്രതികളെയും ഇവര്‍ക്ക് സംരക്ഷണമൊരുക്കിയ മൂന്നുപേരെയുമാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
വയലാര്‍ പയത്തിക്കാട്ട് സിറാജുദ്ദീന്‍ (36), ചന്തിരൂര്‍ ഇളയപാടം ഒടിയില്‍ ഷമ്മാസ് (39) എന്നിവരെയും സിറാജുദ്ദീന് ഒളിത്താവളമൊരുക്കിയ താമരക്കുളം റഹിം മന്‍സിലില്‍ റിയാസ് (25), കൃഷ്‍ണപുരം കിഴക്കേതില്‍ മുല്ലശ്ശേരി ഷാബുദ്ദീന്‍കുഞ്ഞ് (49), തൃക്കുന്നപുഴ വടച്ചിറയില്‍ ഷിയാദ്(34) എന്നിവരെയുമാണ് ഡിവൈഎസ്‌പി വിനോദ്‌പിള്ള, സിഐ പി ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്‌റ്റ് ചെയ്‌തത്. 25 പേർ പ്രതികളായ കേസിൽ 15 പേരെ പിടികൂടിയിട്ടുണ്ട്.
ഫെബ്രുവരി 24ന് എസ്‌ഡിപിഐയുമായി നടന്ന സംഘർഷത്തിലാണ് വയലാറിലെ ആർഎസ്എസ് മുഖ്യശിക്ഷക് നന്ദുകൃഷ്‌ണൻ വെട്ടേറ്റ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും മൂന്ന് എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിരുന്നു .
Read also: നടിയെ ആക്രമിച്ച കേസ്; നാദിർഷയെ ഇന്ന് വിസ്‌തരിക്കും