വിദ്യാകിരണം പാതിവഴിയിൽ; പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നിർദ്ദേശം

By News Desk, Malabar News
V-Sivankutty-about-syllabus-ofstudents

തിരുവനന്തപുരം: കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ ശാക്‌തീകരിക്കുന്നതിനായി സംസ്‌ഥാന സർക്കാർ നടപ്പാക്കുന്ന വിദ്യാകിരണം പദ്ധതിയുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകി. സ്‌കൂൾ, തദ്ദേശസ്വയംഭരണ, ജില്ലാതല കമ്മിറ്റികളുടെ പ്രവർത്തനം ഊർജിതമാക്കണമെന്നാണ് നിർദ്ദേശം.

വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്‌ഥരുടെ ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസ ഡയറക്‌ടർ കെ ജീവൻ ബാബു ഐഎഎസും എഡി തലത്തിലുള്ള ഉദ്യോഗസ്‌ഥരും യോഗത്തിൽ പങ്കെടുത്തു.

പദ്ധതിയുടെ പ്രചരണാർഥം ഈ മാസം 16ആം തീയതിക്കുള്ളിൽ സ്‌കൂൾ തല യോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തണം. തുടർന്ന് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും മന്ത്രി നിർദ്ദേശം നൽകി. കൂടുതൽ വിദ്യാർഥികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കണമെന്നും മന്ത്രി വി ശിവന്‍കുട്ടി നിർദ്ദേശിച്ചു.

ഓൺലൈൻ പഠനം ലക്ഷ്യമിട്ട് തുടങ്ങിയ വിദ്യാകിരണം പദ്ധതി നിലവിൽ പ്രതിസന്ധിയിലാണ്. പദ്ധതി വഴി ഇതുവരെ ഒരു പഠനോപകരണം പോലും വാങ്ങി നല്‍കാനായിട്ടില്ല. മൊബൈലും ലാപ്‌ടോപ്പും വാങ്ങാന്‍ ആദ്യം വിളിച്ച ടെന്‍ഡറില്‍ കമ്പനികള്‍ പങ്കെടുക്കാത്തതിനാല്‍ വീണ്ടും ടെന്‍ഡര്‍ വിളിച്ചിരിക്കുകയാണ് സര്‍ക്കാർ.

വ്യക്‌തികളില്‍ നിന്നും കമ്പനികളില്‍ നിന്നും പണം സംഭാവന സ്വീകരിക്കുവാന്‍ വെബ്‌സൈറ്റും തുടങ്ങിയിരുന്നു. എന്നാൽ, എത്ര ലാപ്‌ടോപ്പുകളും ഫോണുകളും വേണമെന്ന കണക്കെടുത്തത് മാത്രമാണ് ഇതുവരെ നടന്നത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുടങ്ങണമെങ്കില്‍ 4,71,594 ഉപകരണങ്ങളാണ് വേണ്ടത്.

ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ് ഫോൺ, ക്രോം ബുക്ക് എന്നിവ വിതരണം ചെയ്യുന്നതിനാണ് ടെൻഡർ വിളിച്ചത്. എന്നാൽ, ലാപ്‌ടോപ്പിനുള്ള ടെന്‍ഡറില്‍ പങ്കെടുത്തത് പാലക്കാട് ഐടിഐയും നേരത്തെ വിദ്യാശ്രീപദ്ധതി വഴി ഓണാകാത്ത ലാപ്‌ടോപ്പ് നൽകിയ കോക്കോണിക്‌സും മാത്രമാണ്. ബഹുരാഷ്‌ട്ര കമ്പനികളൊന്നും ടെൻഡറിൽ പങ്കെടുത്തിരുന്നില്ല. ഇതോടെയാണ് വീണ്ടും ടെൻഡർ വിളിക്കാൻ സർക്കാർ തീരുമാനിച്ചത്. ഈ മാസം 7 വരെയാണ് ടെൻഡർ തീയതി. ഇതുവരെ അനുകൂലമായ പ്രതികരണം ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്.

ടെൻഡർ കാലാവധി കഴിയും മുൻപ് കമ്പനികൾ മുന്നോട്ട് വരുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. അങ്ങനെ സംഭവിച്ചില്ലെങ്കിൽ വിക്‌ടേഴ്‌സ്‌ ചാനൽ വഴിയുള്ള പഠനം മാത്രമാകും കോവിഡ് കാലത്ത് വലിയൊരു വിഭാഗം വിദ്യാർഥികളുടെയും ആശ്രയം.

Also Read: ‘കേരളാ പോലീസിൽ ആർഎസ്എസ് ഗ്യാങ്’; ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE