കൊച്ചി: നടിയെ ബലാൽസംഗം ചെയ്‌ത കേസിൽ വിദേശത്ത് കഴിയുന്ന വിജയ് ബാബു കേരളത്തിലേക്ക് വരുന്നതായി സൂചന. ദുബായിൽ നിന്നും കൊച്ചിയിലേക്ക് വിജയ് ബാബു വിമാനടിക്കറ്റ് ബുക്ക് ചെയ്‌തതിന്റെ രേഖകൾ അഭിഭാഷകൻ ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കി. ഈ മാസം 30ന് ദുബായ്-കൊച്ചി വിമാനത്തിലാണ് വിജയ് ബാബു ടിക്കറ്റ് ബുക്ക് ചെയ്‌തിരിക്കുന്നത്.
വിജയ് ബാബു നാട്ടിലേക്ക് വരികയാണെന്നും യാത്രക്ക് വേണ്ടി ടിക്കറ്റ് എടുത്തുവെന്നും അഭിഭാഷകൻ ഇന്ന് കോടതിയെ അറിയിച്ചു. വിശദമായ യാത്രാരേഖകൾ നാളെ ഹാജരാക്കാമെന്നും അഭിഭാഷകർ വ്യക്‌തമാക്കിയിട്ടുണ്ട്. ജോർജിയയിൽ കഴിഞ്ഞിരുന്ന വിജയ് ബാബു ഇന്നലെ ദുബായിൽ എത്തിയിട്ടുണ്ട്. മുൻകൂർ ജാമ്യം നേടാനുള്ള ശ്രമങ്ങൾക്ക് ഹൈക്കോടതി തന്നെ തടയിട്ടതോടെയാണ് നാട്ടിലേക്ക് തിരിച്ചു വരാൻ വിജയ് ബാബു തയ്യാറായത്.
ഇന്ന് വൈകുന്നേരത്തിനകം എത്തിയില്ലെങ്കിൽ ഇന്റർപോൾ മുഖേന റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് വിജയ് ബാബുവിന് മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം കേസിൽ കോടതി പറയുന്ന ദിവസം ഹാജർ ആവാൻ തയ്യാറാണെന്ന് വിജയ് ബാബു ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. വിദേശത്തേക്ക് കടന്ന വിജയ് ബാബു സമർപ്പിച്ച ഹരജി ഇന്നലെ ഹൈക്കോടതി പരിഗണിച്ചപ്പോഴാണ് അഭിഭാഷകൻ ഇക്കാര്യം പറഞ്ഞത്.
Most Read: അടുത്ത 5 ദിവസം കനത്ത മഴക്ക് സാധ്യത; മൽസ്യ ബന്ധനത്തിന് വിലക്ക്