മലപ്പുറം: വിവാഹം നടക്കാനിരിക്കെ പള്ളിപ്പുറത്ത് നിന്ന് കാണാതായ വിഷ്‌ണുജിത്തിന്റെ ഫോൺ ഓണായി. സഹോദരി വിളിച്ചപ്പോഴാണ് ഫോൺ റിങ് ചെയ്‌തത്. മറുവശത്തുള്ളയാൾ ഫോൺ എടുത്തെങ്കിലും ഒന്നും സംസാരിക്കാതെ കട്ട് ചെയ്‌തു. തമിഴ്‌നാട് കുനൂരിലാണ് വിഷ്‌ണുജിത്ത് ഉള്ളതെന്നാണ് ടവർ ലൊക്കേഷൻ കാണിക്കുന്നത്.
മലപ്പുറം പള്ളിപ്പുറം കുറന്തല വീട്ടിൽ ശശീന്ദ്രന്റെ മകൻ വിഷ്‌ണുജിത്തിനെയാണ് (35) ആറ് ദിവസം മുൻപ് കാണാതായത്. വിവാഹത്തിന് മൂന്നുദിവസം മുൻപാണ് യുവാവിനെ കാണാതാകുന്നത്. ഈ മാസം എട്ടിനായിരുന്നു മഞ്ചേരി സ്വദേശിനിയായ യുവതിയുമായി വിഷ്‌ണുജിത്തിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്. നാലാം തീയതി രാത്രി മുതലാണ് വിഷ്‌ണുജിത്തിനെ കാണാതാകുന്നത്.
വിവാഹ ആവശ്യത്തിനായുള്ള പണം സംഘടിപ്പിക്കാനായി പാലക്കാടേക്ക് പോവുകയാണെന്ന് പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയ വിഷ്‌ണുവിനെ പിന്നീട് കാണാതായി. യുവാവിന് സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായാണ് സുഹൃത്തുക്കൾ പറയുന്നത്. ഒരു ചെറിയ ഇഷ്യു ഉണ്ട്, പണം കൊടുത്തില്ലെങ്കിൽ സീനാണ് എന്ന് സുഹൃത്തുക്കളോട് വിഷ്‌ണുജിത്ത് പറഞ്ഞിരുന്നതായി സഹോദരി മാദ്ധ്യമങ്ങളോട് പറഞ്ഞു.
കഞ്ചിക്കോട്ടെ ഐസ് കമ്പനിയിലാണ് വിഷ്‌ണുജിത്ത് ജോലി ചെയ്യുന്നത്. ജോലി സ്‌ഥലത്ത് നിന്ന് ഒരുലക്ഷം രൂപ സംഘടിപ്പിച്ച വിഷ്‌ണുജിത്ത്, വീട്ടിലേക്ക് മടങ്ങാനായി രാത്രി എട്ടുമണിയോടെ പാലക്കാട് ബസ് സ്‌റ്റാൻഡിൽ എത്തിയതായി സുഹൃത്തുക്കൾ പറയുന്നു. അവിടെ നിന്നും കോയമ്പത്തൂരിലേക്ക് പോയതായാണ് പോലീസ് പറയുന്നത്. കോയമ്പത്തൂരിലേക്ക് പോകാൻ ബസിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
ഇതോടെ അന്വേഷണം കോയമ്പത്തൂരിലേക്ക് വ്യാപിപ്പിച്ചിരുന്നു. ഇതിനിടെ, ബുധനാഴ്‌ച സഹോദരിയുടെ അക്കൗണ്ടിലേക്ക് 10,000 രൂപ വിഷ്‌ണുജിത്ത് അയച്ചിട്ടുണ്ട്. അതിനാൽ, കാണാതാകുന്ന സമയത്ത് വിഷ്‌ണുജിത്തിന്റെ കൈവശം പണം ഉണ്ടായിരുന്നുവെന്നാണ് പോലീസ് നിഗമനം.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്